നമ്മുടെ ഗതിയെന്താണ്‌?

പ്രതിഷേധം

നമ്മുടെ നാട്‌ എങ്ങോട്ടുപോകുന്നു എന്നൊരാശങ്ക ഇപ്പോഴെല്ലായിടത്തുമുണ്ട്‌. ഭരണാധികാരികളുടെ പോക്കുകണ്ട്‌ വായ്‌പൊളിച്ച്‌ നിൽക്കുകയല്ലേ പൊതുജനം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ്‌ നമ്മുടേതെന്ന്‌ നാം ഊറ്റംകൊണ്ടിരുന്നു. വിദേശരാജ്യങ്ങളുടെ ഇടയിൽ അതിന്റെ അന്തസും അഭിമാനവുമുണ്ടായിരുന്നു നമുക്ക്‌. എന്നാൽ ഇന്നിവിടെ ജനാധിപത്യമോ അതോ പണാധിപത്യമോ നടക്കുന്നത്‌? പണമുളളവർ എന്തെല്ലാം നടത്തുന്നു. പൊതുജനം അക്ഷരാർത്ഥത്തിൽ കഴുത. പണക്കാർക്ക്‌ അധികാരികളും പോലീസും സഹായത്തിനുകൂടിയുളളപ്പോൾ സാധാരണക്കാരുടെ അവസ്‌ഥയെന്താകും! ഇതല്ലേ ഇന്നു നമ്മുടെ നാടുകണ്ടുകൊണ്ടിരിക്കുന്നത്‌. എത്രയോ നിരപരാധികൾ ഹോമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ചോദിക്കാനോ പറയാനോ ആരെങ്കിലുമുണ്ടോ? കുറച്ചു ദിവസം മീഡിയകൾ പറയും. പിന്നെ അവരും നിർത്തും. അങ്ങനെയെല്ലാം എല്ലാവരും മറക്കുന്നു.

‘ഹിമാലയ’ ചിട്ടിക്കമ്പനിയുടെ കഥ നാം അറിഞ്ഞല്ലോ. ഇഷ്ടമില്ലാത്തവരെയൊക്കെ കുറെ വർഷങ്ങളായി വകവരുത്തികൊണ്ടിരിക്കുകയായിരുന്നത്രെ. അമ്പരപ്പിക്കുന്ന കഥകൾ. ഇതിനൊക്കെ കൂട്ട്‌ പോലീസും രാഷ്‌ട്രീയ നേതാക്കളും. പഴയ കഥകൾ നാം മറന്നുകൊണ്ടിരിക്കുകയാണല്ലോ. പഴയ ‘സൂര്യനെല്ലിയും’ മറ്റും നാം മറന്നുകഴിഞ്ഞു. പുതിയ പുതിയ കാര്യങ്ങൾ വരുമ്പോൾ പഴയത്‌ മറക്കുക സ്വാഭാവികം. പുതിയ പുതിയ ബലാത്സംഗക്കഥകൾ അങ്ങനെ വന്നുകൊണ്ടിരിക്കുകയല്ലെ. എല്ലാം പണച്ചാക്കുകളുടെയും പോലീസിന്റെയും അധികാരികളുടെയും ചിറകിനു കീഴിൽ ദദ്രം. കോട്ടയം നേഴ്‌സിംഗ്‌ കോളേജിലെ സംഭവമായാലും, കിളിരൂർ-അടിമാലി പെൺകുട്ടികളുടെ കഥയായാലും ഐസ്‌ക്രീം പാർലർ പീഡനകഥയായാലും പോലീസ്‌ സ്‌റ്റേഷനുകളിലെ ഭീകരമർദ്ദനങ്ങളുടെയും ഉരുട്ടിക്കൊലകളുടെയും കഥയായാലും ഒന്നിനും വേണ്ട രീതിയിൽ തെളിവുകളില്ല. ഉളള തെളിവുകൾ തന്നെ നശിപ്പിക്കപ്പെടുന്നു.

തെറ്റെവിടെയെന്നു ചിന്തിക്കുന്നവർ ധാരാളമുണ്ടാവും. പലരും നിഗമനത്തിലെത്തുന്നുമുണ്ടാവും. പലരും നിഗമനത്തിലെത്തുന്നുമുണ്ടാവും. പക്ഷെ തെറ്റ്‌ രാഷ്‌ട്രീയത്തിലെ മൂല്യച്യുതി തന്നെ. പണ്ടൊക്കെ രാഷ്‌ട്രീയത്തിനൊരു വിശുദ്ധിയുണ്ടായിരുന്നു. രാഷ്‌ട്രീയക്കാരെ ജനം സ്‌നേഹിച്ചിരുന്നു. വിശ്വസിച്ചിരുന്നു, ബഹുമാനിച്ചിരുന്നു. സേവനമനസ്‌കരായിരുന്നു രാഷ്‌ട്രീയക്കാർ. ലാഭേച്ഛ ഒട്ടുമില്ലാത്തവരായിരുന്നു. ഇന്നോ? രാഷ്‌ട്രീയം ധനാഗമനത്തിനുളള ഒരു ഉപാധിമാത്രം. രാജ്യസേവനം അഥവാ പൊതുജനസേവനം ഒട്ടും ഇല്ലാതായിരിക്കുന്നു. എവിടെയും കച്ചവട മനസ്ഥിതി, എന്ത്‌ അധർമ്മത്തിനും കൂട്ടുനിൽക്കുന്നു. അങ്ങനെ പോകുന്നു. ഇത്തരം രാഷ്‌ട്രീയക്കാർ ഭരണകർത്താക്കളായാൽ അവർക്ക്‌ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയുമോ? അഴിമതിക്കാരായ പോലീസുകാരെ നിലയ്‌ക്കുനിർത്താൻ കഴിയുമോ? എന്തിന്‌, ന്യായാന്യായങ്ങളെ തിരിച്ചറിഞ്ഞ്‌ ന്യായത്തിനു വേണ്ടി നിലകൊളളാൻ കഴിയുമോ? അങ്ങനെവരുമ്പോൾ അനാശാസ്യങ്ങളും കൊടികുത്തി വാഴുന്നു. പണമുളളവൻ അതിന്റെ ശക്തിയിൽ ഇഷ്ടമുളളതൊക്കെ ചെയ്‌തുകൂട്ടുന്നു. ചോദിക്കാനാളില്ല. നിയമപാലകരും പണത്തിന്റെ അടിമകളായി മാറിയിരിക്കുന്നു. ഇതിനെന്തു പോംവഴിയെന്നാലോചിക്കണം. ഇന്നിവിടെ ജനാധിപത്യമല്ല, പണാധിപത്യമാണ്‌ നടമാടുന്നത്‌. പോംവഴികളില്ലെങ്കിൽ ഇവിടെ ജീവിക്കാൻ നിവൃത്തിയില്ലാതെ ബഹുഭൂരിപക്ഷമുളള സാധാരണ ജനം എന്തിനും തയ്യാറായി തെരുവിലേക്കിറങ്ങുന്ന കാഴ്‌ച അനതിവിദൂരഭാവിയിൽ കാണേണ്ടിവരും.

Generated from archived content: essay5_dec9_06.html Author: kg_komalan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English