ഇങ്ങനെയൊരു ജുഡീഷ്യറി ആവശ്യമുണ്ടോ?

ഞാനീ എഴുതുന്നത്‌ കോർട്ടലക്ഷ്യം ആകുമോ എന്നറിയില്ല. കോടതിക്കെതിരല്ല എന്റെ കുറിപ്പ്‌. വെറും ഔചിത്യത്തിന്റ പ്രശ്‌നം. എന്തായാലും അഭിപ്രായങ്ങൾ തുറന്നുപറയുക മൗലികാവകാശമാണല്ലോ. ഈയടുത്ത്‌ കേരളത്തിലെ ഒരു എം.എൽ.എയുടെ തെരഞ്ഞെടുപ്പ്‌ സുപ്രീംകോടതി അസാധുവാക്കിയത്രെ. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം എം.എൽ.എ എന്ന നിലയിൽ കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരിച്ചടയ്‌ക്കേണ്ടി വരുമോയെന്ന്‌ നിയമവിദഗ്‌ദ്ധര തലപുകഞ്ഞാലോചിക്കുന്നു. ഇതൊക്കെ കാണുമ്പോൾ ഈയുളളവനെപ്പോലുളള സാധാരണ പൊതുജനം വാപൊളിച്ചുനിന്നുപോകുന്നു. ഈ നിയമസഭയ്‌ക്ക്‌ ഇനി ഒരുവർഷംപോലും കാലാവധിയില്ല. സ്ഥാനഭ്രഷ്‌ടനായ ആൾ നാലുവർഷം അദ്ദേഹത്തിന്റെ മണ്ഡലത്തിലെ എം.എൽ.എ എന്നുളള നിലയില പ്രവർത്തിച്ചു. അദ്ദേഹം അവിടെ എല്ലാമായിരുന്നു. എന്തായാലും അസംബ്ലിയുടെ കാലാവധി കഴിഞ്ഞശേഷം അദ്ദേഹത്തെ സ്ഥാനഭ്രഷ്‌ടനാക്കിക്കൊണ്ടുളള ഉത്തരവുണ്ടാവാഞ്ഞത്‌ ഈ നാടിന്റെ ഭാഗ്യം. ഒരു മെമ്പർ നോമിനേഷൻ കൊടുക്കുമ്പോഴോ ഇലക്ഷൻ കഴിഞ്ഞു സഭ കൂടാനാരംഭിക്കുന്നതിനുമുമ്പോ ഇത്തരം തീരുമാനങ്ങളെടുക്കാനുളള സംവിധാനമുണ്ടാക്കാൻ കഴിയില്ലേ? അതല്ലേ വേണ്ടത്‌? അഞ്ചുവർഷത്തേക്ക്‌ തെരഞ്ഞെടുത്തിട്ട്‌ നാലുവർഷമാകുമ്പോൾ അംഗത്വം റദ്ദാക്കുന്നതിനേക്കാൾ ഔചിത്യമതല്ലേ. ആറുമാസത്തിൽ കൂടുതൽ കാലയളവുണ്ടെങ്കിൽ ഇലക്ഷൻ നടത്തി പുതിയ അംഗത്തെ തെരഞ്ഞെടുക്കണമെന്നാണ്‌ ഭരണഘടന. അതിനെത്ര ലക്ഷം. നിയമസഭ കൂടിയാൽ പരിപാടികളൊന്നും നടത്താതെ അന്നുതന്നെ പിരിയുക. ആരോപണവിധേയനായ മന്ത്രിയുടെ സംരക്ഷണത്തിന്‌ ലക്ഷങ്ങളും കോടികളും ചെലവാക്കുക തുടങ്ങി എന്തെല്ലാം. ഈ ധൂർത്തുമുഴുവൻ പാവപ്പെട്ടവനോട്‌ നികുതിപിരിക്കുന്ന തുകകൊണ്ടാണല്ലോ നടക്കുന്നതെന്നോർക്കുമ്പോൾ ഒരു മൂന്നുനാലു സുനാമികളുണ്ടായി ഈ രാജ്യമങ്ങ്‌ ഒടുങ്ങിയാൽ മതിയായിരുന്നു എന്നു തോന്നിയാൽ അത്‌ അപരാധമാകുമോ? ഇത്തരമൊരു ജുഡീഷ്യറിയാണോ നമുക്കാവശ്യം?

Generated from archived content: essay2_may18.html Author: kg_komalan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here