ചെപ്പടിവിദ്യ
പുട്ടപർത്തിയിൽ സത്യസായിബാബ തന്നെ ദർശിക്കുവാൻ വരുന്ന ഭക്തജനങ്ങളുടെ മുമ്പാകെ നിരവധി അത്ഭുതവിദ്യകൾ കാണിക്കുന്നുണ്ട്. അന്തരീക്ഷത്തിൽനിന്നും ഭസ്‌മം അഥവാ വിഭൂതി, മോതിരം, വാച്ച് എന്നിവ സൃഷ്‌ടിച്ചു കാണിക്കുന്നു! എന്തൊരത്ഭുതം അല്ലേ?
തന്നെ ദർശിക്കാൻ വരുന്ന പട്ടിണിപ്പാവങ്ങളായ പതിനായിരങ്ങൾക്ക് തന്റെ ദിവ്യശക്തികൊണ്ട് അന്തരീക്ഷത്തിൽനിന്ന് അഥവാ ശൂന്യതയിൽനിന്ന് അരിയും പലവ്യഞ്ഞ്‌ജനങ്ങളും സൃഷ്‌ടിച്ചുനൽകിയിരുന്നെങ്കിൽ എത്രയോ പേരുടെ പട്ടിണി മാറ്റാമായിരുന്നു!
വർഗ്ഗീയ ഫാസിസം
ഗാനഗന്ധർവൻ യേശുദാസ് ആലപിച്ചിട്ടുളള ഹൈന്ദവ ഭക്തിഗാനങ്ങൾക്ക് കണക്കില്ല. ദേവാലയങ്ങളിൽ അദ്ദേഹമാലപിച്ച ഭക്തിഗാന കാസറ്റുകൾ ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കുന്നതിൽ മത്സരമാണിന്ന്. അതിന് അയിത്തമില്ലത്രെ. എന്നിട്ടും എന്തുകൊണ്ട് ആ മഹത്‌വ്യക്തിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കുന്നു? ദൈവവിശ്വാസികൾക്ക് അഥവാ മനുഷ്യരെല്ലാം ദൈവത്തിന്റെ സൃഷ്‌ടിയാണെന്ന് വിശ്വസിക്കുന്നവർക്ക് യേശുദാസിനെ ഒരു മനുഷ്യനായി കാണാൻ കഴിയുന്നില്ലല്ലോ!
ആത്മാവ് = (ആൽ+മാവ്)
നൂറനാട് പടനിലത്തുനിന്ന് വടക്കോട്ടുപോയാൽ നമുക്ക് ആത്മാവിനെ നേരിട്ടുകാണാം. റോഡിന്റെ കിഴക്കുവശത്തായി ആരെയും കൂസാതെ തലയെടുപ്പോടെ നില്‌ക്കുന്നു! കായംകുളം പുതുപ്പളളു ദേവികുളങ്ങര ക്ഷേത്രത്തിന്റെ പരിസരത്തും നിരവധി ‘ആത്മാക്കളെ’ നേരിട്ടു കാണാൻ കഴിയും!
മസ്‌തിഷ്‌ക്കത്തിലെ ന്യൂറോണുകളുടെ രാസവൈദ്യുത പ്രവർത്തനത്തെയാണ് മനസ്സ് എന്നു പറയുന്നത്. ശ്വസിക്കുന്ന ഒരു ശരീരമില്ലാതെ ജീവന് നിലനില്‌ക്കാൻ സാദ്ധ്യമല്ലാത്തതുപോലെ മസ്‌തിഷ്‌ക്കമില്ലാതെ മനസ്സും ഉണ്ടാവുക സാധ്യമല്ല. മസ്‌തിഷ്‌ക്കത്തിലെ ന്യൂറോണുകൾക്ക് ശ്വസനപ്രക്രിയയ്‌ക്ക് ആവശ്യമായ ഓക്‌സിജൻ കിട്ടാതെ വരുമ്പോൾ ഒരു ജൈവവസ്‌തുവിന്റെ ബോധം നശിക്കും. മരണത്തെ അതിജീവിക്കുവാൻ മനസ്സിന് കഴിയുമെന്ന് പറയുന്നത് വിഡ്‌ഢിത്തമാണ്. മസ്‌തിഷ്‌ക്കത്തിന്റെ നാശത്തോടുകൂടി മനസ്സും നശിക്കുന്നു. ജീവികൾക്ക് മനസ്സില്ലാതെ ആത്മാവുണ്ടെന്നതിന് യാതൊരു തെളിവുമില്ല.
Generated from archived content: essay1_sep2.html Author: kbr_nooranadu