ജലവിശുദ്ധികൾ കെട്ടനാട്ടിൽ

പിറന്നുവളർന്ന നാടിനെ അതിന്റെ എല്ലാ നനവുകളോടെയും നന്മകളോടെയും നെഞ്ചോടുചേർത്ത്‌ പോകുന്നിടത്തെല്ലാം കൊണ്ടുനടക്കുന്നവരുണ്ട്‌. രക്തവും മാംസവും മജ്ജയും ഊർജ്ജവും ഊഷ്‌മാവുമായി ജന്മഗ്രാമത്തിന്റെ പ്രകൃതി അവരിൽ ചാലകചോദനകളാവും. ഈയുളളവൻ അങ്ങനെയുളുള ഒരാളാണ്‌. എന്റെ നാട്‌-കുട്ടനാട്‌-ജലവിശുദ്ധികളുടെ, സസ്യസമൃദ്ധികളുടെ, ശലഭവൈവിധ്യങ്ങളുടെ, രുചിസാന്ദ്രതകളുടെ നാടായിരുന്നു. ഒരിക്കൽ, ഇന്നു ജലമലിനം, സസ്യദുർലഭം, ശലഭപരിമിതം, അരുചികരം.

പുതിയ മർത്ത്യന്റെ അതിമോഹങ്ങളും തീരാത്തദുരകളും ജീവിതവേഗങ്ങളും ഹൃദ്യമായിരുന്ന ആ ഭൂപ്രകൃതിയെ വികൃതമാക്കിക്കളഞ്ഞു. തണ്ണീർമുക്കം ബണ്ടു നിർമ്മിച്ചും തലങ്ങും വിലങ്ങും റോഡുകൾ പാകിയും രാസവളവും കീടനാശിനികളും അമിതമായി ഉപയോഗിച്ചും ഭാവനാരഹിതമായ പരിഷ്‌കൃതിയിലൂടെ ഒരു നാടിന്റെ നാനാഭംഗികളെ ചരമക്കുറിപ്പെഴുതി ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്‌ തളളിക്കളയുന്നതെങ്ങനെയെന്നു നാം തെളിയിച്ചു. തീരഞ്ചും തുടുത്തുനിന്ന കുട്ടനാട്‌ ശുഷ്‌കമായി. മനുഷ്യരുൾപ്പെടെയുളള ജീവികളുടെ ആവാസവ്യവസ്ഥ അമ്പേ തകിടംമറിഞ്ഞിരിക്കുന്നു അവിടെ. ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അന്ധവിശ്വാസങ്ങളും കാവും കുളവും കാർത്തികദീപങ്ങളുമൊക്കെയായി കുട്ടനാടൻ ഗ്രാമങ്ങൾ ഉളളുണർന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇരുപത്തിയഞ്ചുവർഷം മുമ്പ്‌ ആ ഹൃദയാവർജകഭംഗികളെ കവിതയിൽ ഞാൻ ഓർത്തെടുത്തതിങ്ങനെഃ

‘പൂവിളിയും പൂക്കളവും

പൂണാരംകോർക്കുമുഷസ്സും

ആമ്പലുമമ്പിളിനാളവുമാതിര, തുടികുളി,

പാതിരാമലരുകൾ ചൂടും പെണ്ണും

കളളക്കർക്കിടകം പോപോയെന്നും

പൊന്നിൻചിങ്ങം വാവായെന്നും

പഞ്ഞംപോക്കിപ്പല്ലില്ലാതെ ചിരിക്കും

കാതുതുളച്ചൊരു വല്യമ്മേം പിന്നെന്തെല്ലാം

പിന്നെന്തെല്ലാമാ ഞങ്ങളെ ഗ്രാമം!’

കോരയും കവടയും ബലിക്കറുകയും പാൽക്കറുകയും പിണ്ടിക്കറുകയും ബ്രഹ്‌മിയും തഴച്ചുവളർന്നിരുന്ന കായൽവരമ്പുകൾ. കാറ്റുതൊട്ടാൽ കദനം മൂളുന്ന കരകക്കാടുകൾ. കരകക്കാടുകളിൽ അടയ്‌ക്കാക്കുരുവികളുടെ കലപില. ഉദകപ്പോളയുടെ ഇളം നീലപ്പൂവുകൾ അലഞ്ഞൊറിപാകിയ ഹൃദയത്തിലൂടെ ഓടുപാ കെട്ടിയ കേവുവളളങ്ങൾ അലസമായി ഒഴുകുന്നത്‌ കാഴ്‌ചയുടെ ചൈത്രലാവണ്യമായിരുന്നു. പ്രാചിയും പ്രതീചിയും പൂർവ്വാപരസന്ധ്യകളാൽ കായലിന്റെ കവിൾത്തട്ടിൽ ശോഭനചിത്രങ്ങളെഴുതി മായ്‌ക്കുന്നതു നിശബ്‌ദനായി നോക്കിനിന്നിരുന്ന, വളളിനിക്കറിട്ട ഒരു പാവം പയ്യൻ ഇന്നുമെന്റെയുളളിൽ ഉണർന്നിരിക്കുന്നുണ്ട്‌. ഉളളലിവുകളുടെ, നനവുകളുടെ, ഗ്രാമലാവണ്യങ്ങളുടെ ഗതകാലത്തെ എന്റെ കവിതയിൽ തിരിച്ചുവിളിച്ചപ്പോൾ ചിലർക്കു ഞാൻ വെറും ഗൃഹാതുരനായി, ംലേച്ഛനായി, അധോഗാമിയായി!

ഓർമ്മയിൽ, ഓട്ടുകിണ്ണത്തിൽ പിച്ചാത്തിമുട്ടി ഓണപ്പാട്ടുപാടുന്ന കണിയാരുണ്ട്‌. ആവണിച്ചുണ്ണാമ്പുമായിവരുന്ന വേലപ്പണിക്കനുണ്ട്‌. അമ്മാനമാടി അമ്പരപ്പിക്കുന്ന വേലപ്പണിക്കത്തിയുണ്ട്‌. നാടൻവീണയുമായി പുളളുവനും താളക്കുടവുമായി പുളളുവത്തിയും വന്നു കാവിൽ പെയ്‌തിറങ്ങിയ നാഗരാജസ്‌തുതികളുമുണ്ട്‌. തുടികുളിശബ്‌ദം കേട്ടുണർന്ന തുടുപുലരികളുണ്ട്‌. നനവേറെയുണ്ടായിരുന്ന ആ കാലത്തിന്റെ കാമ്യമായ പകിട്ടുകളുണ്ട്‌. ആത്മാവിൽ വേറിട്ടുനില്‌ക്കുന്ന ആ തീവ്രലാവണ്യങ്ങളെ അത്ര പെട്ടെന്നു പിഴുതെറിയുക എന്നത്‌ ശ്രമസാദ്ധ്യംപോലുമല്ല. അതുകൊണ്ട്‌ ഞാനിന്നുമെന്റെയാ പഴയ ഗ്രാമത്തിലാണ്‌. അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ചുകയറിപ്പോകുന്ന ഈറൻസന്ധ്യകളോടൊപ്പമാണ്‌. എരിവെയിലത്തും ഇലമഴപെയ്യിച്ചു നില്‌ക്കുന്ന വയസ്സൻ കൂവളത്തോടൊപ്പമാണ്‌. ഏഴുനാഴിക ഇരുട്ടിയാൽ ‘അത്താഴപ്പട്ടിണിക്കാരുണ്ടോ’ എന്ന, പടിപ്പുരയിൽനിന്നുളള വിളിച്ചുചോദ്യത്തോടൊപ്പമാണ്‌. കരിമീനും പളളത്തിയും വരാലും കാരിയും ക്ലാപ്പയും പരലും മുരശും കോലായും നീർക്കോലിയും സ്വൈരം നീന്തിനടന്നിരുന്ന ജലവിശുദ്ധികളോടൊപ്പമാണ്‌. ‘പെട്ടിപെട്ടി ശിങ്കാരിപ്പെട്ടി- പെട്ടിതുറക്കുമ്പം കായംമണക്കും’-വരിക്കച്ചക്ക മുറിക്കുമ്പോൾ ഊറിയുയരുന്ന നറുമണത്തെ പുരസ്‌കരിച്ചുണ്ടായ ഈ പഴയ തേൻചൊല്ലിനോടൊപ്പമാണ്‌.ണ ഞാറ്റടികൾക്കും ചക്രപ്പാട്ടിനും കാതുകുത്തി കമ്മലിട്ടുനില്‌ക്കുന്ന ചെടികൾക്കും കണ്ണെഴുതി വിരിയുന്ന കദളികൾക്കും കുടവനിലത്തുമ്പിൽ കുഞ്ഞുതുമ്പികളാടുന്ന പ്രണയകലവികൾക്കുമൊപ്പമാണ്‌. ഞാനിന്നുമെന്റെ ആ പഴയ ഗ്രാമത്തിലാണ്‌!

Generated from archived content: nov_essay2.html Author: kavalam_balachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here