നമ്മളല്ലാതായിത്തീരുന്ന നമ്മൾ

ഉൺമയുടെ കഴിഞ്ഞ ലക്കത്തിൽ മുഖം നഷ്‌ടമാകുന്ന കാലത്തെക്കുറിച്ച്‌ വേദനയോടെ, രോഷത്തോടെ പത്രാധിപർ എഴുതിയിരിക്കുന്നു. ഇങ്ങനെ അവിടെയും ഇവിടെയും ചിലപ്പോഴെങ്കിലും തെറിച്ചുവീഴുന്ന തീപ്പൊരികൾ തന്നെയാണ്‌ യഥാർത്ഥ മനുഷ്യർക്ക്‌ ജീവിക്കാൻ ചോദനയാകുന്നത്‌. ഒരു നല്ലകാലത്തിലേക്കുണരുന്ന സ്വപ്‌നത്തിന്റെ പിൻബലമാണത്‌. ഈവക സമാനവികാരങ്ങളെ സമാഹരിക്കേണ്ടിയിരിക്കുന്നു. ഒരു പുതിയ കാലത്തിന്റെ രചനയ്‌ക്ക്‌ എന്നും വഴിവച്ചിട്ടുളളത്‌ ഈ സമാഹൃതരോഷങ്ങളാണെന്നു ഞാൻ കരുതുന്നു. (ഉച്ചാരണംപോലും നഷ്‌ടപ്പെട്ട ‘പ്രസ്ഥാനം’ എന്ന പദം ഞാനുപയോഗിക്കാത്തതു മനഃപൂർവ്വമാണ്‌.) പക്ഷേ, നാം എന്താകരുത്‌ എന്നഭിലഷിക്കുന്നുവോ, അതായിക്കൊണ്ടിരിക്കുന്നു; അല്ല, അതായിക്കഴിഞ്ഞിരിക്കുന്നു എന്ന മറുപുറംകൂടി വായിച്ചെടുക്കേണ്ടിയിരിക്കുന്നു. അതാണു പത്രാധിപർ മുഖം നഷ്‌ടപ്പെട്ട ഒരു കാലത്തിനെ മുഖചിത്രമില്ലാത്ത ഒരു ലക്കത്തിലൂടെ പ്രതീകവത്‌കരിക്കുന്നത്‌.

കേവലം ഒരു രജകന്റെ വാക്കിനു വിലനല്‌കിയതുകൊണ്ടാണ്‌ രാമന്‌ സഗർഭയായ സീതയെ കാനനത്തിൽ സന്ത്യജിക്കേണ്ടി വന്നത്‌. ‘പ്രജാഹിതം രാജഹിതം’ എന്നു രാമൻ മനസ്സിലാക്കിയിരുന്നു; രജകനും ക്ഷുരകനും തന്റെ പ്രജകൾ തന്നെയെന്നും. ആ രാമന്റെ രാജ്യം വരുന്നതിനാണു ഗാന്ധി എന്ന കർമ്മയോഗി കാംക്ഷിച്ചത്‌. ഇന്നത്തെ രാജാക്കന്മാരുടെ ഹിതം എന്താണെന്നു വാർത്താമാധ്യമങ്ങളിലൂടെ പേർത്തും പേർത്തും നാം അറിഞ്ഞുകൊണ്ടിരിക്കുന്നു. ഭരണത്തെ വിമർശിച്ചാൽ പത്രക്കാരെയും തുറുങ്കിലടയ്‌ക്കാനുത്തരവിടുക, ഭാര്യയെ കൊലചെയ്‌തു തന്തൂരിയടുപ്പിൽ കത്തിക്കുക തുടങ്ങിയ ഒട്ടനേകം ഹിതങ്ങൾ അവർ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. രാമരാജ്യം കാംക്ഷിച്ച മഹാത്മാവിന്റെ മുഖം ഉറുപ്പികനോട്ടുകളിൽ മുദ്രീകരിച്ചുകൊണ്ട്‌, കൈക്കൂലിയായി ‘ഇത്ര ഗാന്ധി’ വേണം എന്നുവരെ പറയിപ്പിച്ചുകൊണ്ട്‌ ആ പവിത്രനാമത്തെ ആനുകാലിക ചരിത്രത്തിൽ നാം അടയാളപ്പെടുത്തിക്കളഞ്ഞു!

‘തത്ത്വമസി’ എന്നു ക്ഷേത്രകവാടത്തിലെഴുതിവയ്‌ക്കുന്നു; തൊട്ടുതാഴെ ‘അഹിന്ദുക്കൾക്കു പ്രവേശനമില്ല’ എന്നും! ഇതിനെ വിവരരാഹിത്യം എന്നല്ലയെങ്കിൽ മറ്റെന്താണു വിളിക്കുക?

ആചരിക്കേണ്ടതെന്തും നാം ആഘോഷിക്കുകയാണ്‌. ചരമദിനങ്ങളും രക്തസാക്ഷികളുടെ അനുസ്‌മരണങ്ങളുംവരെ നാം ആഘോഷിക്കാൻ തുടങ്ങിയിരിക്കുന്നു! ചരമദിനം ആചരിക്കുക എന്നാൽ മൺമറഞ്ഞ മഹാനുഭാവന്റെ നന്മകൾ ഓർത്തെടുക്കുക എന്നാണ്‌. ഓർത്തെടുക്കലുകൾ ഒച്ചപ്പെടലുകളാവരുത്‌. ആഘോഷങ്ങളാവരുത്‌. നല്ലതെന്തും നിശ്ശബ്‌ദമായി സംക്രമിച്ചുകൊളളും. ‘സംസ്‌കാരം’ എന്ന വാക്കുമായി ‘ഘോഷിക്കുക’ എന്ന വാക്ക്‌ ചേർത്തുപറയാൻ കൊളളുകയില്ല എന്നറിയാമെങ്കിലും ‘സാംസ്‌കാരികഘോഷയാത്ര’ എന്നൊക്കെ ഉളുപ്പേതുമില്ലാതെ നാം ഉരിയാടുന്നു.

‘മതമേതായാലും മനുഷ്യൻ നന്നായാൽമതി’, ‘ജാതി ചോദിക്കരുത്‌, പറയരുത്‌’ എന്നിങ്ങനെ ഹൃദയാലുത്വത്തോടെ ഉപദേശിച്ച മഹാഗുരുവിന്‌ ജാതി പറഞ്ഞു ജീവിക്കണം എന്നു ശഠിക്കുന്ന ശിഷ്യഗണത്തിനിടയിൽ മരണം സംഭവിക്കുന്നു. ശിഷ്യഗണത്തിന്റെ ഹൃദയങ്ങൾ ഗുരുസൂക്തങ്ങളുടെ ചിതാഭൂമിയായി മാറുന്നതാണ്‌ നാമിവിടെ കാണുന്നത്‌. കണ്ണാടി പ്രതിഷ്‌ഠയിലൂടെ സ്വയം കാണാനും സ്വയം ദൈവമായി നിർമ്മിച്ചെടുക്കാനും പ്രതീകാത്മകമായി ആഹ്വാനം ചെയ്‌ത ഗുരുവിനെ സിമന്റും കമ്പിയുംചേർത്തു വാർത്തു കവലദൈവമാക്കി കണ്ണാടിക്കൂട്ടിലടച്ചവരാണു നമ്മൾ! നമുക്കു ചരിത്രം മാപ്പുതരില്ല. കേരളത്തിന്റെ ആദ്ധ്യാത്മികഗുരുസ്ഥാനം നാരായണഗുരുവിൽ നിന്നെടുത്ത്‌ ഒരമ്മ ദൈവത്തിനു നല്‌കാനുളള തത്രപ്പാടിലാണു ചിലർ എന്നു കേൾക്കുന്നു. എന്തു ചെയ്യരുത്‌ എന്ന്‌ ഗുരു ഉപദേശിച്ചുവോ അതു ചെയ്യുന്നവരായിത്തീർക്കിരിക്കുന്നു നമ്മൾ. ആരുടെ പേരിലും, അവരുടെ ദർശനങ്ങൾ കടകവിരുദ്ധമായിത്തന്നെ, എന്തുമാകാമെന്ന മലയാളിയുടെ മൂഢധാർഷ്‌ട്യമാണ്‌ ഇതിൽനിന്നു നാം മനസ്സിലാക്കുന്നത്‌. നാരായണഗുരുവിന്റെ ചിത്രത്തിനു മുമ്പിൽ വിളക്കുവച്ചശേഷം മാത്രം കളളുവില്‌പന തുടങ്ങുന്ന ഗുരുഭക്തനായ ഷാപ്പുടമ ഇന്നിന്റെ വിരോധാഭാസമാണ്‌. പ്രജകൾക്കുവേണ്ടി ബലികൊടുക്കപ്പെട്ട ജീവിതമായിരുന്നു മഹാബലിയുടേത്‌. ആ മഹാബലിയെ ചവിട്ടിത്താഴ്‌ത്തിയ വാമനനെ (വിഷ്‌ണുവിനെ) വർഷത്തിൽ മുന്നൂറ്റിയറുപത്തഞ്ചു ദിവസവും പൂജിക്കുന്ന മലയാളി മഹാബലിക്ക്‌ നൽകിയിട്ടുളളത്‌ കേവലം ഒരുദിവസം മാത്രമാണ്‌. ഐതിഹ്യ കഥയാണെങ്കിൽകൂടി, ഓണാഘോഷത്തിനു പിന്നിലും തെളിയുന്ന ഈ വിരോധാഭാസം മലയാളിയുടെ മറ്റൊരു മുഖം അഥവാ മുഖമില്ലായ്‌മ തന്നെയാവാം.

കപടരാഷ്‌ട്രീയക്കാരൻ തൊട്ടു കവലദൈവങ്ങൾവരെ ജനനന്മയെക്കുറിച്ചു ‘വാതോരാതെ’ സംസാരിക്കുന്നുണ്ട്‌. അമ്മദൈവങ്ങളും ആൽത്തറദൈവങ്ങളും അതുതന്നെ ചെയ്യുന്നു. പലരും പലവട്ടം ഉപയോഗിച്ച്‌ അർത്ഥം ലോപിച്ച ഒരു പ്രയോഗമാണ്‌ ‘വേശ്യയുടെ ചാരിത്രപ്രസംഗം’ എന്നത്‌. പക്ഷേ നമുക്കറിയാം, വേശ്യകൾ അവരുടെ ചാരിത്രശുദ്ധിയെക്കുറിച്ചു പ്രസംഗിക്കാറില്ല എന്ന്‌. അവരുടെ ചാരിത്രശുദ്ധിയില്ലായ്‌മയെ കുറിച്ചുളള അറിവിന്റെ നിറഞ്ഞ ശുദ്ധി അവർക്കുണ്ട്‌ എന്നതുതന്നെ കാരണം. ആ ശുദ്ധി-ആത്മശുചിത്വം- കപടരാഷ്‌ട്രീയക്കാർക്കും കവലദൈവങ്ങൾക്കും വകവച്ചുകൊടുക്കാൻ ഞാൻ തയ്യാറല്ല.

ചുരുക്കത്തിൽ, നാം എന്താകരുത്‌ എന്നഭിലഷിക്കുന്നുവോ, അതായിക്കൊണ്ടിരിക്കുകയാണ്‌; അല്ല, അതായിക്കഴിഞ്ഞിരിക്കുകയാണ്‌. ​‍്‌ ​‍്‌ ​‍്‌ ​‍്‌ ​‍്‌ ​‍്‌ ​‍്‌ ​‍്‌ ​‍്‌ ​‍്‌ ​‍്‌

Generated from archived content: jan_essay1.html Author: kavalam_balachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here