സ്വയം നിർണ്ണയശേഷിയില്ലാത്ത, ആത്മവത്ത നഷ്‌ടപ്പെട്ട വ്യക്തികളുടെ കൂട്ടായ്‌മയെ ‘സമൂഹ’മെന്നു വിളിക്കാമോ? ‘ജനത’യെന്നു വിളിക്കാമോ? ഇങ്ങനെയുളള അനേകം പറ്റങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. പക്ഷേ, നിയതമായ അർത്ഥത്തിൽ ഒരു സമൂഹം അഥവാ, ഒരു ജനത ഇവിടെയുണ്ടോ? ‘ഇല്ല’ എന്നുതന്നെയാണ് എന്റെ വിനീതമായി ഉത്തരം. ഭിന്നിപ്പിച്ചും കലഹിപ്പിച്ചും ഈ പറ്റങ്ങളെ ഭരിക്കാൻ ഇവിടുത്തെ നേതൃത്വങ്ങൾക്ക് വളരെയെളുപ്പത്തിൽ സാധിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല എന്നു ഞാൻ കരുതുന്നു.
മുഖം നഷ്‌ടപ്പെട്ട ഈ പറ്റങ്ങളെ-കൂട്ടായ്‌മകളെ- തങ്ങളിൽ കലഹിപ്പിക്കാൻ രാഷ്‌ട്രീയനേതൃത്വങ്ങൾക്ക് വളരെ പണിപ്പെടേണ്ടിവരുന്നില്ല. അവരുടെ പഴകിദ്രവിച്ച (അന്ധ)വിശ്വാസങ്ങളിലേക്ക്, അവരുടെ പ്രഗാഢ വർഗീയബോധങ്ങളിലേക്ക്, അവരുടെ ദുർബല സംവേദന താല്‌പര്യങ്ങളിലേക്ക് ഒരു കല്ലെടുത്തെറിഞ്ഞാൽ മതിയാകും, അവർ തങ്ങളിൽ അടി തുടങ്ങിക്കൊളളുമെന്ന് ഇൻഡ്യയിലെ വിവിധ നേതൃത്വങ്ങൾക്ക് നന്നായറിയാം. തങ്ങളിൽ സംഗരത്തിലേർപ്പെടുന്ന, മുഖംനഷ്‌ടപ്പെട്ട ഈ കൂട്ടായ്‌മകൾ ഒഴുക്കുന്ന രക്തം നക്കിക്കുടിക്കുവാൻ വളരെയെളുപ്പമാണ്. രക്ഷകരായി പിന്നീട്, അവരുടെ മുന്നിൽ വേഷമിടാൻ ഈ ചോരകുടിച്ച ഊർജ്ജം ധാരാളംപോരും! വ്യക്തിത്വരഹിതമായ ഈ കൂട്ടായ്‌മയുടെ വിശപ്പിന്റെ മുഴുവൻ പിളർന്ന വായിലേക്ക് വല്ലപ്പോഴും ഒരു അപ്പക്കഷ്‌ണം എറിഞ്ഞുകൊടുത്താൽ അവർ തൃപ്‌തരായിക്കൊളളുമെന്നും ഈ നേതൃമാനികൾക്കറിയാം. അഴിമതിക്കോ ചൂഷണത്തിനോ എതിരായി ആരെങ്കിലും ഏതെങ്കിലും കോണിൽനിന്നു പല്ലിറുമ്മാതിരിക്കാൻ പാക്കിസ്ഥാനും ചൈനയും നമ്മുടെ ശത്രുക്കളാണെന്ന് നിരന്തരം ഇവർ ഈ കൂട്ടായ്‌മകളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ (കു)തന്ത്രവും പരാജയപ്പെട്ടാൽ, അതിർത്തിയിൽ ഒരു ചെറിയ ഷെല്ലാക്രമണം തന്നെ നടത്താനും തദ്വാരാ യുദ്ധഭീതിയുളവാക്കാനും ഇവർ മറക്കുന്നില്ല. (യുദ്ധം ആർക്കാണുസാർ വേണ്ടത്? എനിക്കും നിങ്ങൾക്കുമോ? അതോ, നമ്മെപ്പോലെയുളള പാക്കിസ്ഥാൻക്കാർക്കോ? ശത്രുതയ്‌ക്കും യുദ്ധത്തിനും മതിയായ കാരണമേതും ഞങ്ങൾക്കിടയിലെങ്ങും ഇല്ലല്ലോ, സർ?) രാഷ്‌ട്രീയക്കാരും കപടമതേതരക്കാരും (‘മതേതരം’ എന്നാൽ മതത്തിന് ഇതരമായത്-മതമല്ലാത്തത് എന്നാണർത്ഥം) മത തീവ്രവാദികളും സാധാരണക്കാരന്റെ തലയിൽ കയറിയിരുന്നു ചിന്തിക്കുകയും അവന്റെ വിധി നിർണ്ണയിക്കുകയും ചെയ്യുകയാണ്. അന്തമില്ലാത്ത ദുരയും സ്വാർത്ഥതയും മുഖപടമല്ല, മുഖംതന്നെയായി മാറിയിരിക്കുന്നു. പറയുന്നിടത്ത് അല്ലെങ്കിൽ, നിർദേശിക്കുന്നിടത്ത് സമ്മതിദാനം രേഖപ്പെടുത്തുന്നതിനപ്പുറം സ്വന്തം ഭാഗധേയങ്ങളിൽ പങ്കില്ലാത്ത, ‘ജനാധിപത്യം’ എന്ന ഓമനപ്പേരും പുതച്ചുറങ്ങുന്ന പാവം ഇൻഡ്യാക്കാരൻ.
ആത്മവത്തയുളള ഒരു സമൂഹത്തിനെ മാത്രമേ ‘ജനത’ എന്നുവിളിക്കാവൂ. ജനതയുണ്ടെങ്കിലേ രാഷ്‌ട്രമുണ്ടാവൂ. അത്തരമൊരു രാഷ്‌ട്രത്തിനേ നല്ല സാഹിത്യംപോലും വേണ്ടൂ. നൊബേൽ സമ്മാന പുരസ്‌കൃതനായ പോർച്ചുഗീസുകാരൻ ഷൂസേ സരമാഗു ഉപദർശിച്ച പ്രവചനപരമായ ആ ആന്ധ്യം കാറോടിച്ചിരുന്നവനേയും കണ്ണുവൈദ്യനേയും ഒക്കെയാണ് ആദ്യം കീഴ്‌പ്പെടുത്തുന്നത് എന്നു നാം ഓർമ്മിക്കുന്നതു നന്നായിരിക്കും. അരാജകത്വം സൃഷ്‌ടിച്ചേക്കാവുന്ന പൊട്ടിത്തെറികൾക്കും വെല്ലുവിളികൾക്കുംനേരെ അധികാരികൾ ഇന്നേ ബോധവാന്മാരാണ്. അതുകൊണ്ടുതന്നെയാണ് ‘ജനക്ഷേമത്തിനുവേണ്ടി’ അവരെത്തന്നെ അടിച്ചമർത്താനുളള സൈനികസന്നാഹങ്ങൾ സജ്ജമാക്കുന്നതിൽ അവർ സദാ വ്യാപൃതരായിരിക്കുന്നത്. തങ്ങളെ സംരക്ഷിക്കേണ്ടുന്ന പോലീസിനും പട്ടാളത്തിനും ഇതര സൈനികശക്തികൾക്കും കൂടുതൽ ആനുകൂല്യങ്ങൾ അനുവദിച്ചുകൊടുത്ത് അധികാരികൾ അവരെ സന്തോഷിപ്പിക്കുമ്പോൾ അതെന്തിനെന്നു തിരിച്ചറിയാൻപോലും മെനക്കെടാതെ വെറും കൂട്ടായ്‌മകളായി നാം നിലനില്‌ക്കുന്നു. ഈ മണ്ണിലുണ്ടാകുന്ന കലഹങ്ങൾ നേരിടാൻ പടയൊരുക്കം നടത്തുന്ന ഇവർ ഈ മണ്ണിനെത്തന്നെ വില്‌ക്കുന്നവരായി മാറുമ്പോൾ നാം എവിടെയാണ് അർത്ഥങ്ങൾ തിരയേണ്ടത്? അരനൂറ്റാണ്ടിനകം വിദേശകോളനിയായി മാറാൻ അനന്തസാദ്ധ്യതയുളള മാതൃരാജ്യത്തിന്റെ ഭാവി ഭാഗധേയങ്ങളിലോ? നാം എപ്പോഴാണ് ഞടുങ്ങേണ്ടത്? അടിമയാണ് എന്നു സ്വയം ബോധ്യപ്പെടുമ്പോഴോ?
ചുരുക്കത്തിൽ, ആത്മവത്ത നഷ്‌ടപ്പെട്ട, സ്വയം നിർണ്ണയശേഷിയില്ലാത്ത അർത്ഥരഹിത കൂട്ടായ്‌മകളായി നമ്മൾ അധഃപതിച്ചിരിക്കുന്നു. ഈ പതനം വരുത്തിവച്ചേക്കാവുന്ന അപകടം ചെറുതല്ല. ഇങ്ങനെയൊക്കെ ആലോചിക്കാൻ ചിക്കൻ സിക്‌സ്‌റ്റിഫൈവും ന്യൂഡിൽസും ഷാംപെയിനും ദിനംപ്രതി അകത്താക്കി വർദ്ധിപ്പിച്ചെടുത്ത പഞ്ചനക്ഷത്രബുദ്ധിയൊന്നും വേണ്ട. എന്നെപ്പോലെ, എന്നും രണ്ടുനേരം ചമ്മന്തിയോ തോരനോ കൂട്ടി കഞ്ഞികുടിച്ചുണ്ടാകുന്ന ബുദ്ധിയൊക്കെമതി.
ഇത് ഒരു ചിന്തയുടെ ആരംഭരേഖയായി കണക്കാക്കുക. എന്നിട്ട്, ഇവിടെനിന്നു നിങ്ങൾ തുടങ്ങുക.
Generated from archived content: essay_mar17.html Author: kavalam_balachandran
Click this button or press Ctrl+G to toggle between Malayalam and English