അല്‌പം വൃത്തവിചാരം

എഴുപതുകളുടെ ഉത്തരാർദ്ധത്തിൽ ‘ഹരിശ്രീ’ എന്നൊരു കവിതാസമാഹാരം പുറത്തിറങ്ങിയതോർക്കുന്നു. അതിൽ ‘അവതാരിക’ എന്നതിനുപകരം നൽകിയ ‘അവതാളിക’ എന്ന തലക്കെട്ടിനുതാഴെ, അന്നുണ്ടായിരുന്ന ഒരുപറ്റം കവികളുടെമേൽ സച്ചിദാനന്ദൻ ചൊരിഞ്ഞ ഉപാലംഭത്തിനു കണക്കില്ല. വളളത്തോൾക്കുഴി, ചങ്ങമ്പുഴക്കുഴി തുടങ്ങിയ കുഴികളിൽ കവികൾ പതിച്ചതിനെച്ചൊല്ലിയായിരുന്നു ആ ഉപാലംഭവർഷം എന്നാണോർമ്മ. (ഗ്രന്ഥം ഇപ്പോൾ കൈവശമില്ല). ഈ സച്ചിദാനന്ദൻ വീണകുഴിക്ക്‌ ‘വിവർത്തനക്കുഴി’ എന്നു നാം നാമകരണംചെയ്‌താൽ അധികപ്പറ്റാകുമോ? ‘എഴുത്തച്ഛൻ എഴുതുമ്പോൾ’ എന്ന സച്ചിദാനന്ദൻ കവിതയും ‘തങ്കപ്പൻ സ്വന്തം തുടകൾക്കിടയിൽ കെട്ടിത്തൂങ്ങിച്ചത്തു’ എന്ന എം.ഗോവിന്ദൻ കവിതയും ഒക്കെ ഈ സമാഹാരത്തിലുണ്ടായിരുന്നതായും ഓർക്കുന്നു. പ്രശസ്‌തമായ ഒരുപറ്റം കവികളെ ഒന്നടങ്കം നിഷ്‌ഠൂരമായി അധിക്ഷേപിച്ച്‌ രംഗത്തു ശ്രദ്ധിക്കപ്പെടാൻ സച്ചിദാനന്ദൻ ഇറക്കിവിട്ട ഒരു നാലാംകിട തന്ത്രം മാത്രമായിരുന്നു ഈ ‘അവതാളികാ ഹനനം’ എന്ന്‌ ഊഹിക്കാവുന്നതേയുളളൂ. സച്ചിദാനന്ദന്റെ തന്ത്രം അഥവാ, കുതന്ത്രം സഫലമായി എന്ന്‌ അദ്ദേഹം ആശ്വസിച്ചിട്ടുമുണ്ടാകും. ഈ അധിക്ഷിപ്‌തകവികളിൽ ചിലർ അന്തരിച്ചപ്പോൾ, കാടുകുലുക്കിക്കരഞ്ഞു കദനംതീർക്കാൻ ‘ചാവുഗീത’മെഴുതി ആനുകാലികങ്ങളിൽ വെളിച്ചപ്പെടുത്തി ചെയ്‌ത പാപം കഴുകിക്കളയാൻ ഈ കവി മറന്നില്ല. അത്രയുമാശ്വാസം!

സച്ചിദാനന്ദൻ എഴുതിയ നല്ല കവിതകൾ മറന്നുകൊണ്ടല്ല ഇത്രയും കുറിച്ചത്‌. കടലിളകി വന്ന ആധുനിക കവിതയുടെ ആദ്യഘട്ടം വെറുതെ ഒന്നോർത്തെടുത്തുപോയതാണ്‌. പ്രതിഭാധനനായ ഒരു കവി ഭാഷയ്‌ക്കും സാഹിത്യത്തിനും തന്റേതായ, നവീനമായ ഭാവുകത്വമരുളുന്നവനാണ്‌. സച്ചിദാനന്ദനെക്കാൾ പതിന്മടങ്ങ്‌ അതിനു സാധ്യമായത്‌ ബാലചന്ദ്രൻ ചുളളിക്കാടിനാണ്‌ എന്നു ഞാൻ പറയും. ബാലൻ അതു സാധിച്ചെടുത്തതാകട്ടെ, പാരമ്പര്യവൃത്തങ്ങളിൽ-സംസ്‌കൃതവൃത്തങ്ങളിലും-രചന നിർവ്വഹിച്ചുകൊണ്ടാണ്‌. ‘Pross diction’ ഉളള ബാലന്റെ അപൂർവ്വം ചില കവിതകൾ-അവയിൽ മികച്ചവപോലും-ഇന്നു ഭാവുകഹൃദയത്തിലില്ല എന്നതാണു സത്യം. ക്ഷുഭിതവും ബഹിഷ്‌കൃതവുമായ യുവതയുടെ സ്‌തോഭഭാവുകത്വങ്ങൾ നിയതമായ ഛന്ദസ്സിലോ വൃത്തത്തിലോ ആണ്‌ ഈ കവി ആവിഷ്‌കരിച്ചത്‌. ഇത്‌ ഒരു മേന്മയായിത്തന്നെ ഞാൻ കാണുന്നു. ഉപയോഗിച്ചുപഴകിയ- പാടിപ്പതിഞ്ഞ-പാരമ്പര്യവൃത്തങ്ങളിൽ സ്വകീയവും നവീനവുമായ പദസംഘാതംകൊരുത്ത്‌, കവിതയിൽ പ്രചുരമല്ലാത്ത പദങ്ങൾ നിരത്തി ഭാവവിസ്‌ഫോടനം നടത്താൻ സർഗ്ഗപ്രതിഭയ്‌ക്കേ കഴിയൂ. വളളത്തോൾക്കുഴിയും ചങ്ങമ്പുഴക്കുഴിയും വിട്ട്‌ വിവർത്തനക്കുഴിയിൽ വീണ സച്ചിദാനന്ദനോ അനുയാത്രികർക്കോ ഇതു വേണ്ടത്ര കഴിയാതെപോയി. സർഗ്ഗപ്രതിഭയുടെ ഏറ്റക്കുറച്ചിൽ തന്നെയായിരിക്കണം ഇതിനുകാരണം. ഭാവാത്മകമായി ചൊല്ലിയിറങ്ങിയതും ചുളളിക്കാടിന്‌ പ്ലസ്‌പോയിന്റായി എന്നു സമ്മതിക്കാതെ വയ്യ. അപ്പോൾ കവിതയ്‌ക്കു ഛന്ദസ്സോ പൂർവ്വ നിർമ്മിതവൃത്തമോ അനിവാര്യമാണെന്നാണോ പറഞ്ഞുവരുന്നത്‌ എന്നു ന്യായമായും ചോദിക്കാം. ‘അല്ല’ എന്നാണ്‌ എന്റെ ഉത്തരം. പ്രതിഭാശാലികൾ ഇനിയും നിർണ്ണയിക്കേണ്ടിയിരിക്കുന്ന പുതുവൃത്തങ്ങളിൽ എഴുതിയെന്നുവരാം. അതു ക്രമരാഹിത്യമായും വൃത്തമില്ലായ്‌മയായും തൽക്കാല വ്യാഖ്യാനങ്ങളും ഉണ്ടായേക്കാം. ‘നിപ്രസം ഉപ്രസം അ’ നോക്കി കവിതയെ വിലയിരുത്തുന്ന നിരൂപണവാർദ്ധക്യത്തിനു ചെവി കൊടുക്കാതെ സർഗ്ഗപ്രതിഭയുളള കവി പക്ഷേ, മുന്നോട്ടുപോയിക്കൊണ്ടിരിക്കും തീർച്ച. വൃത്തമഞ്ഞ്‌ജരി പരിഭാഷാപ്രകരണത്തിന്റെ തുടക്കത്തിൽതന്നെ ഉൽപ്പതിഷ്‌ണുവായ ഇ.ആർ രാജരാജവർമ്മ ഇങ്ങനെ കുറിച്ചിരിക്കുന്നു. “എന്നാൽ കാവ്യമെല്ലാം പദ്യമായിരിക്കണമെന്നോ വൃത്തശാസ്‌ത്ര നിബന്ധനകൾക്കുചേർന്ന്‌ എഴുതുന്നവയെല്ലാം കാവ്യമാകുമെന്നോ പറഞ്ഞുകൂടാത്തതാകുന്നു. പദ്യലക്ഷണം വൃത്തശാസ്‌ത്രത്തെയും കാവ്യലക്ഷണം സാഹിത്യശാസ്‌ത്രത്തെയും ആശ്രയിച്ചാണു നില്‌ക്കുന്നത്‌.” ഇതിൽനിന്നും വൃത്തം എന്നതു കാവ്യത്തിന്റെ രൂപശില്‌പത്തെ സംബന്ധിക്കുന്ന കാര്യം മാത്രമാണെന്നുവരുന്നു. കാവ്യം അഥവാ, കവിത പക്ഷേ, കവിയുടെ ആന്തരികഭാവസാകല്യമാകുന്നു. രൂപം തെരഞ്ഞെടുക്കുക എന്നത്‌ കവിയുടെ സ്വാതന്ത്ര്യത്തിൽപെടുന്ന കാര്യമാണ്‌. ‘There is poetry in this poem’ എന്നെഴുതിയാൽ ‘ഈ പദ്യത്തിൽ കവിതയുണ്ട്‌’ എന്നേ അർത്ഥമുളളൂ. കവിത ഇവിടെ സാഹിത്യരൂപമല്ല. പ്രത്യുത സത്തതന്നെയാണ്‌. എനിക്ക്‌ ഒരു ‘poetry’ മനഃപാഠമാക്കാനുണ്ട്‌ എന്ന്‌ പത്താംതരത്തിൽ പഠിക്കുന്ന കുട്ടി പറഞ്ഞുപോയാൽ, തനിക്ക്‌ ഒരു പദ്യം ഹൃദിസ്ഥമാക്കാനുണ്ട്‌ എന്ന അർത്ഥത്തിലേ എടുക്കാവൂ. അവൻ മനഃപാഠമാക്കുന്ന പദ്യത്തിൽ കവിതയുണ്ടായിക്കൊളളണമെന്നില്ല; ഉണ്ടായിക്കൂടെന്നുമില്ല. ഏകാക്ഷരപാദഛന്ദസ്സായ ഉക്ത്വാ, ഖഗാ എന്നിവതൊട്ട്‌ ഇരുപത്തിയാറക്ഷരപാദഛന്ദസ്സായ ‘ഉൽകൃതി’യുടെ അഞ്ച്‌ അവാന്തരങ്ങൾ വരെയുളള ഏതു സംസ്‌കൃത സമവൃത്തത്തിലും ഒരു മുൻഷിസാർ വിചാരിച്ചാൽ പദ്യം ചമയ്‌ക്കാൻ കഴിയും. അതിനു ഭാഷാപരിജ്ഞാനവും അല്‌പം Mathematical senseഉം മതിയാകും. പക്ഷേ, അങ്ങനെ ചമയ്‌ക്കപ്പെടുന്ന പദ്യങ്ങൾ വെറും ‘കാരിക’കൾ മാത്രമായിരിക്കും. കവിതകളാകണമെന്നുണ്ടെങ്കിൽ എഴുതുന്ന മുൻഷിസാർ സർഗ്ഗധനനായിരിക്കണം.

ഇവിടെ, പ്രസക്തമായ ഒരുചോദ്യം ഉയരുന്നുണ്ട്‌. ആദ്യം കവിതയുണ്ടായോ, അതോ വൃത്തമുണ്ടായോ? തീർച്ചയായും സാഹിത്യമുണ്ടായശേഷമേ സാഹിത്യശാസ്‌ത്രമുണ്ടാകുന്നുളളൂ. പദ്യമുണ്ടായശേഷമേ വൃത്തമുണ്ടാകുന്നുളളു. സൃഷ്‌ടിയില്ലെങ്കിൽ അതിനു ലക്ഷണനിർദ്ദേശം സാധ്യമാകുന്നതെങ്ങനെ? അനുഷ്‌ടുപ്പിന്റെ ലക്ഷണം ചൊല്ലിക്കേട്ടല്ല വാല്‌മീകി രാമായണരചന നടത്തിയത്‌. രാമഗിര്യാശ്രമത്തിലിരുന്ന്‌, അളകയിൽ കഴിയുന്ന തന്റെ പ്രാണപ്രേയസിക്കു സന്ദേശമയയ്‌ക്കുന്ന വിരഹവിധുരനും ഗദ്‌ഗദകണ്‌ഠനുമായ യക്ഷന്റെ മുറിഞ്ഞുവീഴുന്ന സങ്കടവചനം ആവിഷ്‌കരിക്കാൻ യതിസാധ്യതയുളള ഒരു ശീലിൽ കാളിദാസൻ ഹൃദയംകൊണ്ടെഴുതിയ സന്ദേശമഹാകവനത്തിന്‌ പിന്നീടെപ്പോഴോ ഭാഷാശാസ്‌ത്രപണ്ഡിതർ ലക്ഷണം ചെയ്‌ത്‌ ‘മന്ദാക്രാന്ദാ’ എന്ന്‌ നാമകല്‌പന ചെയ്‌തിരിക്കാനേ വഴിയുളളൂ. ‘മന്ദാക്രാന്ദാ മദനതതഗം നാലുമാറേഴുമായ്‌ഗം’ എന്നു ചൊല്ലിക്കൊടുത്തിട്ടല്ല കാളിദാസകവി തന്റെ സന്ദേശകാവ്യം രചിച്ചത്‌. ചുരുക്കത്തിൽ സാഹിത്യം ആദ്യം. പിന്നെ രൂപശില്‌പശാസ്‌ത്രവും ഭാവശില്‌പശാസ്‌ത്രവും മറ്റും. പൂർവ്വനിർമ്മിത വൃത്തത്തിലെഴുതുന്നവയെല്ലാം കവിതയായിക്കൊളളണമെന്നില്ല എന്നു മുൻപു സൂചിപ്പിച്ചു. വൃത്തത്തിലെഴുതുന്നതാണു കവിത്വസിദ്ധിയുടെ ലക്ഷണമെങ്കിൽ മലയാളത്തിലെ ഏറ്റവും പ്രതിഭാധനനായ കവി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണെന്നു പറയേണ്ടിവരും. അദ്ദേഹം കത്തുകൾപോലും ഛന്ദസ്സിലാണ്‌ എഴുതിയിരുന്നതെന്നോർക്കുക. പക്ഷേ, കുമാരനാശാന്റെ കവനപ്രതിഭയെ അഞ്ചടി അകലെനിന്ന്‌ ഒരു ചുളളിക്കമ്പുകൊണ്ട്‌ തൊട്ടുനോക്കാൻപോലും പണ്ഡിതനും വിവർത്തനപ്രതിഭയുമായിരുന്ന തമ്പുരാന്‌ അർഹതയുണ്ടോ? എന്നല്ല, കവിപ്രതിഭയുടെ കാര്യത്തിൽ ബാലചന്ദ്രൻ ചുളളിക്കാടിന്റെ അയൽക്കാരനെങ്കിലുമാകാൻ അദ്ദേഹത്തിനു കഴിയുമോ? ‘ഇല്ല’ എന്നാണെന്റെ വിനയത്തോടെയുളള ഉത്തരം. അതുപോലെതന്നെ ഒരു കാവ്യത്തിന്റെ ഛന്ദസ്സോ വൃത്തമോ അതിന്റെ രൂപശില്‌പത്തെയും വ്യാപകമായി നിർവചിക്കുന്നില്ല. കരുണാകാവ്യത്തിന്റെ രൂപശില്‌പവിചാരം ‘നതോന്നത’ മുൻനിർത്തിയല്ല നാം ചെയ്യേണ്ടത്‌. മൗലികമായ അർത്ഥത്തിൽ ഒരു കാവ്യത്തിന്റെ രൂപശില്‌പം ആന്തരികഭാവശില്‌പവുമായി വിടർത്തിയെടുക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നതാണ്‌.

കവിത വികാരസംക്രമണത്തിനുളള ഉപാധിയാണ്‌. അത്‌ സ്വയം നിവേദിക്കലാണ്‌. ഭാവുകനെ നവീകരിക്കലാണ്‌. ആധുനിക കവിതയുടെ (ആനുകാലിക കവിതയുടെ) വിരസ പരിസരങ്ങൾ പരിശോധിച്ചാൽ അത്‌ Mathematicsനോട്‌ കൂടുതൽ അടുക്കുന്നതായി തോന്നും. ധിഷണ, മനീഷ തുടങ്ങിയ പദങ്ങൾകൊണ്ട്‌ പ്രാചീന ഭാരതീയർ ഉദ്ദേശിച്ചത്‌ ‘ശാസ്‌ത്രബുദ്ധി’യെയാകാൻ തരമില്ല. ശാസ്‌ത്രബുദ്ധിയും അതിൽ ഉൾപ്പെട്ടിരുന്നിരിക്കാം. പക്ഷേ പ്രധാനമായും ‘പ്രതിഭ’യെത്തന്നെയാണ്‌ ഇത്തരം പദങ്ങൾകൊണ്ട്‌ അവരുദ്ദേശിച്ചിരിക്കുക. കവിത ചരിത്രത്തിന്റെയോ തത്വശാസ്‌ത്രത്തിന്റെയോ പാരിസ്ഥിതികശാസ്‌ത്രത്തിന്റെയോ ഒക്കെ ദാർശനിക സമസ്യകളുമായി ചങ്ങാത്തം കൂടുകയും ഇഴപിരിയുകയും ചെയ്യുന്നതു മനസ്സിലാക്കാം. എന്നാൽ, (a+b)2 = a2+2ab+b2 എന്ന സമവാക്യത്തോടു ചങ്ങാത്തം കൂടുന്നതും ഇടപഴകുന്നതും എന്നെപ്പോലുളളവർക്കു തീരെ മനസ്സിലാവില്ല.

സ്വന്തമായി നിവേദിക്കാനൊന്നുമില്ലാതെ, നവീകരണശേഷി തീരെയില്ലാതെ, വരണ്ട ഗദ്യത്തിൽ സാഹിത്യാഭാസമെഴുതിപ്പിടിപ്പിച്ച്‌ കവിത എന്ന മൂന്നക്ഷരം തലയിൽചാർത്തി കെട്ടിയെഴുന്നളളിച്ചാൽ കവിതയാകുകയില്ല. ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ കവിതപ്പുറങ്ങളിൽ പകുതിയിലേറെയും ഇത്തരം വികലവും വിലക്ഷണവുമായ രചനകളാൽ വികൃതവും വൃത്തിഹീനവുമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുപറയാതെ തരമില്ല. ചന്ദസ്‌കൃതമായ വെറും ‘കാരിക’കൾകൊണ്ടും കാര്യമില്ല. അതുകൊണ്ട്‌, വൃത്തനിബദ്ധമായിരിക്കണം കവിത എന്ന പഴമക്കാരുടെ ശാഠ്യവും, വൃത്തത്തിലെഴുതാനുളള ‘കഴിവില്ലായ്‌മ’ വ്യാജ നിഷേധ പ്രകടനത്തിലൂടെ വെളിവാക്കുന്ന പുതിയ തലമുറയുടെ വാശിയും ഒരുപോലെ ഗർഹണീയങ്ങളാണ്‌ എന്നാണ്‌ ഈ കുറിപ്പെഴുതുന്ന ആളിന്റെ പക്ഷം. രചന ഗദ്യത്തിലായാലും പദ്യത്തിലായാലും കവിതയുടെ പച്ചവിരിച്ച തണലിലൂടെ ഭാവുകനു കുളിരാർന്നു നടക്കാൻ കഴിയണം. എം.ടിയുടെ ‘മഞ്ഞും’ വിജയന്റെ ‘കടൽക്കരയിലും’ സേതുവിന്റെ ‘തെക്കേചരിവിലെ നക്ഷത്രങ്ങളും’ അരുന്ധതിയുടെ ‘God of small things’ ഉം ഭാവുകനെ അതിന്‌ പ്രാപ്‌തനാക്കുന്നു, രചന ഗദ്യത്തിലാണെങ്കിലും. പറയാൻ എന്തെങ്കിലുമുണ്ടാവുക. അതു പറയേണ്ട രീതിയിൽ പറയുക. പക്ഷേ, പറയുന്ന ആളിനു സർഗ്ഗപ്രതിഭയുണ്ടോ? അതിന്റെ വിലാസം രചനയിലനുഭവിക്കാൻ ഭാവുകനു കഴിയുന്നുണ്ടോ? അതാണു പ്രധാനം.

Generated from archived content: essay_kavalambala.html Author: kavalam_balachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here