കഴിഞ്ഞ ലക്കം ഉൺമയിൽ ഡോ.എം.പി.ബാലകൃഷ്ണൻ എഴുതിയ വിമർശനക്കുറിപ്പിനുളള മറുകുറിപ്പാണിത്. കലാമേന്മയുണ്ട് എന്ന് എഴുതിയ ആളിനുപോലും അവകാശമില്ലാത്ത, ‘ജേർണലിസ്റ്റിക്’ താത്പര്യങ്ങൾ മാത്രമുളള ഒരു സാധാരണ കുറിപ്പു മുൻനിർത്തി അദ്ദേഹം മൊഴിഞ്ഞ കാര്യങ്ങൾ ധാരാളം ചിന്തിക്കുവാൻ ഒരുവനു ചോദനയും, ഒരു സാഹിത്യവിമർശകന്റെ പതനത്തിൽ വേദനയും ഉളവാക്കുന്നവയാണ്. ശുഷ്കവിവാദങ്ങൾക്ക് സത്യം പുറത്തുകൊണ്ടുവരാൻ കഴിയില്ല എന്നതുകൊണ്ടാകാം, അതുകളിൽ കക്ഷിചേരരുത് എന്നനുശാസിക്കുന്ന ഒരു സൂക്തമുണ്ടായത്. ‘ശുഷ്കവിവാദേന കഞ്ചിത്പക്ഷം സമാശ്രയേത്’ എന്നാണത്. (തെറ്റുണ്ടെങ്കിൽ ആചാര്യന്മാർ പൊറുത്തു തിരുത്തി വായിക്കണമെന്നപേക്ഷ.) ഒരു വിവാദത്തിനു ഞാൻ തത്കാലം തയ്യാറല്ല. എങ്കിലും ബഹുമാനപ്പെട്ട ഡോക്ടർ, ബാക്കിനില്ക്കുന്ന ചില സംശയങ്ങൾ വിനയപൂർവ്വം ചോദിക്കുവാൻ എന്നെ അനുവദിച്ചാലും.
ഒരെഴുത്തുകാരന്റെ സർഗസിദ്ധി അയാളുടെ എല്ലാ രചനകളിലും ഒരേ അളവിൽ തെളിയുമോ?
ഒരു കൃതിയിലെതന്നെ എല്ലാഭാഗത്തും അതിന്റെ തുല്യപ്രസരമുണ്ടാകുമോ? കേവലം ‘ജേർണലിസ്റ്റിക്’ ലക്ഷ്യങ്ങൾ മാത്രമുളള ഒരു കുറിപ്പിൽ ഒരു സംഭവ കഥനത്തിലേതുപോലെയുളള കലാതന്ത്രങ്ങളോ ആർദ്രഭാഷയോ പ്രതീക്ഷിക്കാമോ?
ഒരെഴുത്തുകാരന്റെ ഏതെങ്കിലും ഒരു കുറിപ്പ് എവിടെയെങ്കിലും വായിച്ചിട്ട് അയാളുടെ കലാതന്ത്രരാഹിത്യത്തെച്ചൊല്ലി ‘സ്ഥാലീപുലാകന്യായേന’ വിധിയെഴുത്തു നടത്തുന്നത് ഉചിതമാണോ? കലാതന്ത്രം തീരെ വശമില്ലാത്ത ഒരുവൻ അതൊന്നു പഠിച്ചോട്ടെ എന്ന ആത്മാർത്ഥമായ ആഗ്രഹത്തോടെയാണോ ഒരു ‘വിശിഷ്ട മാതൃക’ താങ്കൾ ചൂണ്ടിക്കാട്ടിയത്. ഉത്തമ കലാതന്ത്രങ്ങൾ ആവിഷ്കൃതമായിട്ടുളള വിശ്വമാതൃകകൾ ധാരാളമുണ്ടെന്നിരിക്കെ; ‘കവിയായ കരൂരിന്റെ’ സാധാരണമായ രചന മാതൃകയാക്കിയതെന്തുകൊണ്ട്?
കരൂർ ശശി എന്ന കവിയെ ‘കവിയായ കരൂർ’ (‘ക’യ്ക്കു ദീർഘം വീണാൽ ആളുമാറും!) എന്നു വിശേഷിപ്പിച്ചു മധുരിപ്പിച്ച താങ്കൾ എന്റെ പേരിലെ ‘പ്രെഫിക്സ്’ സൗകര്യപൂർവ്വം വിട്ടുകളഞ്ഞത് ഒരു കലാതന്ത്രമായി അഥവാ, കലാകുതന്ത്രമായിത്തന്നെ കരുതാമോ?
‘നാരായണഗുരുവിന്റെ ചിത്രത്തിനുമുമ്പിൽ…’ എന്നു ഞാനെഴുതിയത് ‘നാരായണഗുരുവിന്റെ പ്രതിമയ്ക്കുമുമ്പിൽ…’ എന്നു മാറ്റിയെഴുതി വായനക്കാരെ തെറ്റായി ധരിപ്പിക്കുന്നതിൽ അപാകമേതുമില്ല എന്നു താങ്കൾ കരുതുന്നുണ്ടോ? അതോ, ഇതും ഒരു ചെറിയതരം കലാതന്ത്രം തന്നെയാണോ?
സുവിദിതമായ അഥവാ പരക്കെ അറിയപ്പെടുന്ന-താങ്കളുടെ ഭാഷയിൽ ‘സകലമാനപേർക്കുമറിയുന്ന’ കാര്യങ്ങൾ-എവിടെയും ആരും എഴുതരുത് എന്നുവല്ല വിലക്കും നിലനില്ക്കുന്നുണ്ടോ? കാലങ്ങളായി അനുവർത്തിച്ചുവരുന്ന അനാചാരങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അവ ആർക്കും അറിയാത്ത കാര്യങ്ങളായിരിക്കണം എന്നു ശഠിക്കുന്നത് യുക്തമാണോ? വൈലോപ്പിളളിയുടെ
‘തുടുവെളളാമ്പൽ പൊയ്കയല്ല
ജീവിതത്തിന്റെ
കടലേ കവിതയ്ക്കു
ഞങ്ങൾക്കു മഷിപ്പാത്രം!’
എന്ന കവിതാശകലം പരാവർത്തനം ചെയ്ത്, ഈഷദ്ഭേദത്തോടെ, കവിതയുടെ പേരുപോലും സൂചിപ്പിക്കാതെ, സ്വാഭിപ്രായമായി താങ്കൾ എഴുതിവിട്ടത് ഏതുതരം കലാതന്ത്രമാണെന്ന് വിശദമാക്കാമോ? ‘മാധവിക്കുട്ടി രതി മാത്രമേ കഥാവിഷയമാക്കൂ’ (വാക്യത്തിൽ താങ്കളെഴുതിയ ‘രതിയെ’ എന്നതു ‘രതി’ എന്നാക്കിയതിനു മാപ്പു ചോദിക്കുന്നില്ല) എന്നു താങ്കളെഴുതിയത് ആ കഥാകാരിയുടെ ഒട്ടുമിക്ക കഥകളും വായിച്ചശേഷമാണെന്നു കരുതാമോ? തളർവാതം പിടിപെട്ടു ചിറികോടിപ്പോയിട്ടില്ലാത്ത ആരും ഇതു വായിച്ചു ചിരിച്ചുപോകുമെന്നു പിന്നീടെപ്പോഴെങ്കിലും താങ്കൾ ചിന്തിച്ചിട്ടുണ്ടോ?
‘രതി’ വളരെ മോശപ്പെട്ട വിഷയമാണെന്ന് താങ്കൾ കരുതുന്നുണ്ടോ?
ലോകത്തിലെ എഴുതപ്പെട്ട ആദ്യത്തെ കഥ എന്ന വിശേഷണം ചാർത്തപ്പെട്ടത്, ബ്രിട്ടീഷ് മ്യൂസിയത്തിൽ പേപ്പിറസ് ചുരുളുകളിൽ 19 പുറങ്ങളിലായി രേഖയാക്കിയ ഒരു കൃതി ഇന്നും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഈജിപ്റ്റിലെ ഫറവോൻ സദസ്സിലെ ഹോരൂ, കഗാബു, ഹന്നാന തുടങ്ങിയ ശാസ്ത്രിമാരിൽ ആരെങ്കിലുമായിരിക്കണം ഈ കഥയുടെ രചയിതാവ് എന്നു കരുതപ്പെടുന്നു. ‘ആനിവോ’യുടെ പത്നിക്ക് അയാളുടെ അനുജനായ ‘ബാറ്റോ’യോടു തോന്നിയ കാമമാണ് ഈ കഥയിലെ വിഷയം. അങ്ങനെ, ലോകത്തിലെ എഴുതപ്പെട്ട ആദ്യത്തെ കഥമുതൽ ‘ഖസാക്കിന്റെ ഇതിഹാസം’ (രവിയുടെ അഗമ്യഗമനമാണു പ്രമേയത്തിലെ വഴിത്തിരിവ്) വരെയുളള രചനകളിൽ രതി വിഷയമാക്കപ്പെട്ടിരിക്കുന്നു. ഭാരതീയ സാഹിത്യത്തിൽ ‘രതി’ക്കുളള പങ്ക് അനുക്തസിദ്ധവുമാണ്. എന്നിരിക്കെ; മാധവിക്കുട്ടി രതി വിഷയമാക്കുമ്പോൾ താങ്കൾക്ക് എന്താണൊരസഹിഷ്ണുത?
വൃദ്ധനായ ‘യഗൂച്ചി’യുടെ രതിതാത്പര്യങ്ങൾ പ്രമേയമാക്കി ‘യസുനാരികവാബത്ത’ എന്ന ജപ്പാൻ നോവലിസ്റ്റ് രചിച്ച ‘ഉറങ്ങുന്ന സുന്ദരികളുടെ ഭവനം’ എന്ന വിശ്വവിഖ്യാതമായ സാഹിത്യകൃതിയെക്കുറിച്ചുളള താങ്കളുടെ അഭിപ്രായം വിശദമാക്കാമോ?
മാധവിക്കുട്ടിയുടെ കഥകൾ ശ്ലീലേതരസാഹിത്യം ആണെന്നു താങ്കൾ കരുതുന്നുണ്ടോ?
മുൻവിധിയുടെ കരവാളുകൊണ്ട് പേർത്തും പേർത്തും വളർച്ച വെട്ടിച്ചുരുക്കി സ്വയം മുരടിപ്പിച്ചു നില്ക്കുന്ന ബോൺസായി വിമർശകന് ആനുകാലിക മലയാള സാഹിത്യത്തിലുളള പങ്കും പ്രസക്തിയും വ്യക്തമാക്കാമോ?
Generated from archived content: essay4_may.html Author: kavalam_balachandran