തന്ത്രങ്ങൾ കുതന്ത്രങ്ങൾ….

ഒരിക്കൽ, ഒരു കൊച്ചുരാജ്യത്ത്‌ ബഹുരാഷ്‌ട്രകുത്തകയുടെ&കോർപ്പറേറ്റ്‌ ജയന്റിന്റെ ഒരു ഏജന്റ്‌ എത്തുന്നു. പ്രതിപക്ഷനേതൃനിരയുടെ സമക്ഷത്തിൽ, ആ രാജ്യത്തിനു സമീപഭാവിയിൽ ഉണ്ടാകാൻ പോകുന്ന ‘ഉന്നത വിത്തവരലബ്‌ധി’യെക്കുറിച്ച്‌ അയാൾ വാതോരാതെ വാചാലനാകുന്നു. അവിടുത്തെ മണ്ണ്‌ ‘മാക്കാൻ മരം’ കൃഷിചെയ്യാൻ പറ്റിയതാണെന്നും മരത്തിൽനിന്നും ലഭിക്കുന്ന കായകൾക്ക്‌ ഒരു കിലോഗ്രാമിന്‌ നൂറുരൂപപ്രകാരം അവർതന്നെ എടുത്തുകൊളളാമെന്നും വിത്തും വളവും അല്‌പം വിത്തവും സത്വരം തരപ്പെടുത്തിക്കൊടുക്കാമെന്നും അയാൾ പറയുന്നു. സംസ്ഥാനത്തിനെറ (തദ്വാരാ തങ്ങളുടെയും) നന്മയെക്കരുതി പ്രതിപക്ഷനേതൃനിര ആ പദ്ധതിക്ക്‌ ഏറാൻ മൂളുന്നു. പിന്നീടാണ്‌ രാജ്യത്തെ ഭരണപക്ഷത്തെ ഏജന്റ്‌ സമീപിക്കുന്നത്‌. അങ്ങനെയാണിപ്പോഴത്തെ ഒരു രീതി. എതിർക്കുവാൻ സാധ്യതയുണ്ടെന്നു തോന്നുന്ന പ്രതിപക്ഷത്തെ ആദ്യം പ്രീണിപ്പിക്കുക. പിന്നെമതി ഭരണപക്ഷത്തെ! എന്തിനു പറയുന്നു, രാജ്യത്ത്‌ ‘മാക്കാൻ മരം’ കൃഷിചെയ്‌തു തുടങ്ങുകയായി. ഈ കൃഷിയുടെ മെച്ചത്തെ മുൻനിർത്തി സർക്കാർ പരസ്യംവരെ പുറത്തിറങ്ങുകയായി. പറമ്പിലെ പാരമ്പര്യവിളകൾ വെട്ടി നശിപ്പിച്ചു കർഷകൻ മാക്കാൻമരം കൃഷി ചെയ്‌തു തുടങ്ങുകയായി.

ആദ്യമൊക്കെ കിലോഗ്രാമിനു നൂറുരൂപ പ്രകാരം നൽകുന്ന കമ്പനി വിപണിയുടെ വാതിൽ പൊടുന്നനെ അടയ്‌ക്കുന്നു! ‘മാക്കാൻ കായ’ തങ്ങൾക്കുവേണ്ട എന്നാക്കുന്നു. പാവം കർഷകർ വെളളത്തിലാവുന്നു. ഒടുവിൽ കമ്പനിതന്നെ ദയാപൂർവ്വം മുന്നോട്ടു വരുന്നു. ഒരു കിലോഗ്രാമിന്‌ നാലുരൂപ പ്രകാരമാണെങ്കിൽ മാക്കാൻകായ എടുത്തുകൊളളാമെന്നാകുന്നു. വെറുതെ കളയുന്നതിലും ഭേദം കിട്ടുന്ന വിലവാങ്ങി ‘സാധനം’ ഒഴിവാക്കുന്നതാണു ഭംഗി എന്നു കർഷകൻ ചിന്തിക്കുന്നു. തങ്ങൾക്കാവശ്യമായ മൊത്തം കായകളുടെ 95 ശതമാനവും വളരെ കുറഞ്ഞവിലയ്‌ക്ക്‌-ഏതാണ്ടു സൗജന്യമായിത്തന്നെ-കമ്പനി നേടിയെടുക്കുന്നു. വെട്ടിനശിപ്പിച്ച പാരമ്പര്യ വിളകളിലേക്കു കർഷകനു പെട്ടെന്നു പോകാനുമാവില്ല. പാവപ്പെട്ട ഈ കർഷകരെ ചതിക്കുന്നതാരാണ്‌? അന്ത്യത്തിലൊരു ചോദ്യത്തോടെ ഈ സങ്കല്പകഥ ഇങ്ങനെ അവസാനിക്കുന്നു.

കുറച്ചു വർഷങ്ങൾക്കുമുൻപ്‌, കേരളത്തിൽ തകൃതിയായി കൊണ്ടാടിയ ‘കൊക്കോകൃഷി’ മേൽപറഞ്ഞ തരത്തിൽ കാഡ്‌ബറീസുകാരൻ അവതരിപ്പിച്ച കുതന്ത്രമായിരുന്നു. തത്തുല്യമായ ഒന്നായിരുന്നു അതിനുമുൻപ്‌ ഗ്രനേഡ എന്ന കൊച്ചുരാജ്യത്ത്‌ അരങ്ങേറിയ ‘വാഴകൃഷി!’

കേരത്തേക്കാൾ കേരളത്തിനു യോജിച്ചതു കൊക്കോയാണെന്നും കുരുമുളകിനെക്കാൾ, കാപ്പിയേക്കാൾ, റബ്ബറിനേക്കാൾ ഈ മണ്ണിനു യോജിച്ചതു ‘വാനില’യാണെന്നും അവർ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു!

പെട്ടെന്നു ധനാഢ്യനാകാനുളള അത്ഭുത ഫോർമുലയുമായി ഒരു ‘ആംവേ’ ഏജന്റ്‌ ഏതുസമയത്തും നിങ്ങളെ സമീപിച്ചേക്കാം. സർവ്വരോഗഹരങ്ങളായ ടീഷർട്ടുകളും സോക്‌സും മാലയുമൊക്കെയായി പണം പിടുങ്ങാൻ ‘കോണിബയോ’യുടെ ഏജന്റ്‌ നിങ്ങളെ ഇന്നുതന്നെ സന്ദർശിച്ചേക്കാം. നിങ്ങൾ ഇവയിൽ അംഗങ്ങളാകുന്നില്ലെങ്കിൽ, കേവലം നൂറുരൂപ വിലയുളള ‘സർവ്വരോഗഹരമായ’ ടീഷർട്ടോ അത്രതന്നെ വിലയില്ലാത്ത പ്രോട്ടീൻ പൗഡറോ ആയിരത്തി അഞ്ഞൂറുരൂപയ്‌ക്കു നിങ്ങളെക്കൊണ്ട്‌ അവർ വാങ്ങിപ്പിച്ചേക്കാം.

ഇങ്ങനെയൊക്കെ ജീവിച്ചാൽ മതിയോ, സാർ? ഒന്നു രക്ഷപ്പെടണ്ടേ? എന്നിങ്ങനെ ചോദിച്ചുകൊണ്ട്‌ നിങ്ങളെ ചതിക്കാൻ കടന്നുവരുന്ന ഇത്തരക്കാരെ സ്വീകരിക്കേണ്ടത്‌ എങ്ങനെയെന്നു നിങ്ങൾതന്നെ തീരുമാനിക്കുക!

ബഹുരാഷ്‌ട്ര കോർപ്പറേറ്റ്‌ ബകന്മാർ മണ്ടരിയായും എൻഡോസൾഫാനായും പ്രതിപക്ഷമായും ഭരണപക്ഷമായും ചിലപ്പോൾ ‘വാനില’യായും വന്നേക്കാം! കോണിബയോ ആയും ആംവേയായും കരിമണൽ ഖനനമായും അവർ കടന്നുവന്നേക്കാം. സൂക്ഷിക്കുക!

Generated from archived content: essay4_mar.html Author: kavalam_balachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here