യശഃപ്രാർത്ഥികളായ ഒത്തിരി എഴുത്തുകാർ മലയാളത്തിലുണ്ട്. എങ്ങനെയും പേരെടുക്കാൻ തന്ത്രപ്പെടുന്നവരുണ്ട്. പത്രാധിപരുടെ മുതുകുചൊറിഞ്ഞു രസിപ്പിച്ചു രചനകൾ വെളിച്ചപ്പെടുത്തിയും, ‘കാണേണ്ടവരെ കാണേണ്ടതുപോലെ കണ്ട്’ പുരസ്‌കാരങ്ങൾ ഒപ്പിച്ചെടുത്തും, സാംസ്‌കാരിക സ്ഥാപനങ്ങളിൽ കസേരകൾ തരപ്പെടുത്തിയും വിലസി നടക്കുന്നവരുണ്ട്. ക്ലിക്കും കോക്കസും ലോബിയുമുണ്ടാക്കി പരസ്‌പരം താങ്ങി വൃദ്ധന്മാരായിപ്പോകുന്നവരുണ്ട്. യശഃപ്രാർത്ഥികളോ ധനമോഹികളോ ഒക്കെ ആയ ഇത്തരം എഴുത്തുകാർ താഴെപ്പറയുന്ന കവിയുടെ ജീവിതം ഹൃദയത്തോട് ഒരുവട്ടം ചേർത്തു പിടിക്കുക.
വിശ്വപ്രസിദ്ധനായ ലോർക്കയുടെയും, ചിലിയൻ ജനതയുടെ മനസ്സാക്ഷിയായ പാബ്ലോ നെരൂദയുടെയും സുഹൃത്തായിരുന്നു മിഗ്വേൽ ഫെർണാണ്ടസ് എന്ന സ്‌പാനിഷ് കവി. മിഗ്വേൽ ഒരു അജപാലകവിയായിരുന്നു. സ്‌പെയിനിലെ മാൻഡ്രിഡിന്റെ പ്രാന്ത ഹരിതങ്ങളിൽ ഒരുപറ്റം ആടുകളെ പരിപാലിച്ച് ഉപജീവനം നടത്തുകയായിരുന്ന കവി, പെണ്ണാടിന്റെ അകിടിൽ മുഖംചേർത്തുവച്ച് അകിടിലേക്കു പാലൂറിയിറങ്ങുന്ന മൃദുനിസ്വസം കാതറിഞ്ഞ കവി! ലോകത്തിൽ മിഗ്വേലിനു മാത്രമേ ഈ മൃദുനിസ്വനം കേൾക്കാൻ കഴിഞ്ഞിട്ടുണ്ടാവുകയുളളൂ എന്നും നെരൂദ വചിക്കുന്നു.
‘മണ്ണിൽനിന്നും ഇപ്പോൾമാത്രം പിഴുതെടുത്ത ഉരുളക്കിഴങ്ങിന്റെ ഭാവമായിരുന്നു മിഗ്വേലിന്റെ മുഖത്ത്. മിഗ്വേലിന്റെ മുഖം സ്‌പെയിനിന്റെ മുഖമായിരുന്നു.’ ഇങ്ങനെയാണു ‘Memoirs’ എന്ന തന്റെ ആത്മകഥയിൽ നെരൂദ കൂട്ടുകാരന്റെ മുഖം അനുസ്‌മരിച്ചെടുക്കുന്നത്. ‘ഓർമ്മക്കുറിപ്പുകൾ’ എന്ന പേരിൽ സച്ചിദാനന്ദൻ പുഴങ്കര ഈ കൃതി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നു.
ഇടക്കാലത്ത് തൊഴിലേതുമില്ലാതെ, പാലിക്കാൻ ആടുകളില്ലാതെ മിഗ്വേൽ കഷ്‌ടപ്പെട്ടപ്പോൾ നെരൂദ സഹായഹസ്‌തം നീട്ടി. സ്‌പെയിനിലെ ചിലിയൻ എംബസിയിൽ ഒരു ജോലി ശുപാർശ ചെയ്‌തു. മിഗ്വേലിന്റെ കവിതകൾ വായിച്ചിട്ടുണ്ടായിരുന്ന, അദ്ദേഹത്തിന്റെ സൗഹൃദത്തിൽ അഭിമാനം കൊണ്ടിരുന്ന ഉന്നതോദ്യോഗസ്ഥൻ ജോലി നൽകാമെന്നേറ്റു. എന്തു ജോലി വേണമെന്നു മിഗ്വേൽ തീരുമാനിക്കുകയേ വേണ്ടിയിരുന്നുളളൂ. രണ്ടുമൂന്നു ദിവസം മിണ്ടാതെ നടന്ന മിഗ്വേൽ ജീവിതത്തിന്റെ എല്ലാ പരിഹാരങ്ങളും നിറഞ്ഞ ഭാവത്തോടെ നെരൂദയോടു പറഞ്ഞുഃ
“മാഡ്രിഡിന്റെ പരിസരത്തെങ്ങാനും ഒരുപറ്റം ആടുകളെ സംഘടിപ്പിച്ചു തരാൻ ആ ഉദ്യോഗസ്ഥനു കഴിയുമോ എന്നു ചോദിക്കുക.”
നെരൂദ അമ്പരന്നുപോയിട്ടുണ്ടാവണം.
സ്‌പാനിഷ് റിപ്പബ്ലിക്കിന്റെ പതനത്തോടെ ഇടയ കവിയായിരുന്ന മിഗ്വേൽ അഭയാർത്ഥിയായി. ചിലിയൻ എംബസിയിൽ അഭയം തേടി. മിഗ്വേലിന്റെ സൗഹൃദത്തിൽ അഭിമാനംകൊണ്ടിരുന്ന ആ ഉദ്യോഗസ്ഥൻ പക്ഷെ, മിഗ്വേലിന് അഭയം നിഷേധിച്ചു. മിഗ്വേൽ കാരാഗൃഹത്തിന്റെ കാരിരുമ്പഴികൾക്കുളളിലായി. അവിടെവച്ച് ക്ഷയരോഗം ബാധിച്ച് അവശനായിപ്പോയ മിഗ്വേലിന് മരണം മറുപടിയായി. ജയിലറയെ അതിജീവിക്കാൻ ആ വാനമ്പാടിക്കു കഴിഞ്ഞില്ല എന്ന് ഹൃദയാലുത്വത്തിന്റെ എല്ലാ നനവുകളോടെയും നിറവുകളോടെയും നെരൂദ രേഖപ്പെടുത്തുന്നു.
ഭാഗ്യത്തിന്റെ ഭൗതിക കവാടങ്ങൾ മുൻപിൽ മലർക്കെ തുറക്കപ്പെട്ടിട്ടും കയറിപ്പറ്റാതെ, ആടുകളെ സ്‌നേഹിച്ചു കഴിഞ്ഞുകൂടിയ ആ മഹാനായ കവി സ്വേച്ഛാചാരിയായി വിധിയുടെ ദുരന്തം ഏറ്റുവാങ്ങുകയായിരുന്നു. കടുത്ത സാഹചര്യത്തിലും അനുഷ്‌ഠാനംപോലെ ആചരിച്ചുപോന്ന സ്വന്തം ജീവിതം കൈവിടാൻ തയ്യാറാകാതെ, ആടുകൾക്കു പകരം വയ്‌ക്കാൻ ഉന്നതോദ്യോഗം തെരഞ്ഞെടുക്കാതെ ജീവിച്ചുമരിച്ച മിഗ്വേലിനെപ്പോലെ എത്ര കവികൾ നമുക്കുണ്ട്? അജപാലജീവിതത്തെ, മാഡ്രിഡിന്റെ പ്രാന്തഹരിതങ്ങളെ തന്നെക്കാളേറെ സ്‌നേഹിച്ച മിഗ്വേലിന്റെ കഥ, യശഃപ്രാർത്ഥികളായി പരക്കംപാഞ്ഞു നടക്കുന്ന (നമ്മുടെ) എഴുത്തുകാരുടെ ജീവിതത്തോടു ചേർത്തുവച്ചു വായിക്കുക; വികൃതമായ ഒത്തിരി മുഖങ്ങൾ തെളിഞ്ഞുവരുന്നില്ലേ?
Generated from archived content: essay3_june.html Author: kavalam_balachandran