കവിതകളും കാരികകളും

ഡോക്‌ടർ എം.പി. ബാലകൃഷ്‌ണൻ ‘പരകാര്യമാകയാൽ പലവട്ടം ചിന്തിച്ചു രേഖയാക്കിയ നിരൂപണലേഖനം-കവിത വറ്റിയ മണ്ണും കവിഭീകരരും- വായിച്ചു. വായനക്കാരന്റെ ധാരണ തെറ്റായ ഇടങ്ങളിൽ ഉറച്ചുപോകാതിരിക്കാൻ പ്രതികരിക്കേണ്ടിയിരിക്കുന്നു എന്ന സുഹൃദ്വാക്യം ഇങ്ങനെ ഒരു കുറിപ്പെഴുതാൻ എന്നെ നിർബ്ബന്ധിതനാക്കി. ’അല്‌പം വൃത്തവിചാരം‘ എന്ന എന്റെ ലേഖനം പരാമർശിച്ച്‌ ഡോക്‌ടർ ഉയർത്തുന്ന ആരോപണങ്ങൾക്കും ചൊരിയുന്ന ഉപാലംഭങ്ങൾക്കും മറുപടി പറയാൻ ഈ കുറിപ്പിൽ ഞാൻ ശ്രമിക്കുന്നുണ്ട്‌. സാഹിത്യ നിരൂപകനോ ഭാഷാപണ്ഡിതനോ അല്ലെങ്കിലും, ചില വികലതകളും വിഡംബനങ്ങളും ശ്രദ്ധയിൽപെടുമ്പോൾ പ്രതികരിക്കാൻ ഞാൻ പേന എടുത്തുപോകാറുണ്ട്‌.

ഡോക്‌ടർ ആരോപണങ്ങൾ തുടങ്ങുന്നത്‌ ഇങ്ങനെഃ ’കവിതയിൽ വൃത്തം അവശ്യഘടകമോ എന്ന ചിന്തയ്‌ക്കിടയ്‌ക്ക്‌ കാവാലം ബാലചന്ദ്രൻ വൃത്തത്തിനു പുറത്തു ചാടിയിരിക്കുന്നു.‘ എന്റെ ലേഖനം തുടങ്ങുന്നതുതന്നെ വൃത്തത്തിനു പുറത്തുനിന്നാണ്‌. അതുപക്ഷേ, ഡോക്‌ടർക്ക്‌ ’ക്ഷ‘ പിടിച്ചമട്ടാണ്‌. കാര്യമെന്തെന്നല്ലേ? കാവ്യരചനയിലൂടെ മലയാളത്തിനു നവീന ഭാവുകത്വമരുളുന്നതിൽ സച്ചിദാനന്ദനെക്കാൾ പതിന്മടങ്ങ്‌ വിജയിച്ചത്‌ ബാലചന്ദ്രൻ ചുളളിക്കാടാണെന്നു ഞാൻ കുറിച്ചതുതന്നെ. സച്ചിദാനന്ദവൈരിയായ ഡോക്‌ടർക്ക്‌ എങ്ങനെ പിടിക്കാതിരിക്കും? പക്ഷേ, ഞാൻ അങ്ങനെ എഴുതിയത്‌ മലയാളത്തിനു മറക്കാനാവാത്ത കവിയും വിവർത്തന പ്രതിഭയും നിരൂപകനുമായ സച്ചിദാനന്ദന്റെ കനമുളള കവനങ്ങൾ ബഹുമാനത്തോടെ ഓർത്തുകൊണ്ടുതന്നെയാണ്‌. തീക്ഷ്‌ണമായ രചനകളിലൂടെ മലയാളിയുടെ ഭാവുകത്വത്തെ ചലിപ്പിച്ച കവിയാണ്‌ സച്ചിദാനന്ദൻ. അദ്ദേഹത്തെ വായിക്കാതിരിക്കുകയോ ബോധപൂർവ്വം അവഗണിക്കുകയോ ചെയ്യുകയാണു ഡോക്‌ടർ എന്നു ഞാൻ കരുതുന്നു.

വൃത്തത്തിലെഴുതുന്നത്‌ കവിത്വസിദ്ധിയുടെ-സർഗ്ഗവൈഭവത്തിന്റെ മാനദണ്ഡമല്ല എന്നു പറയുവാനാണ്‌ കുഞ്ഞിക്കുട്ടൻതമ്പുരാനെ ഞാൻ എടുത്തുകാട്ടിയത്‌. ഭാരതമഹേതിഹാസവിവർത്തനം മനസ്സിന്റെ കൈയെടുത്തു കൂപ്പിക്കൊണ്ടേ ഈയുളളവൻ ഓർക്കാറുളളൂ. പക്ഷേ, ഒരു രചയിതാവിന്റെ സർഗ്ഗസിദ്ധി തെളിയുന്നത്‌ സ്വതന്ത്ര രചനകളിലാണെന്നിരിക്കെ, വിവർത്തന സംരംഭം തത്‌കാലം മാറ്റിവെയ്‌ക്കുക. നാലുമുപ്പറക്കുട്ടകളിൽ ചുമക്കാൻപോന്ന സ്വതന്ത്ര രചനകളുണ്ട്‌, തമ്പുരാന്റേതായി! അസാധാരണ സർഗ്ഗസിദ്ധിയുടെ മായികപരാഗം അവയിലൊന്നിൽപോലും പുരണ്ടിട്ടില്ല എന്നുതന്നെയാണു ഞാനർത്ഥമാക്കിയത്‌. അവയുടെ പത്തിലൊന്നുപോലും വരില്ല ആശാന്റെ കൃതിസാകല്യം. പക്ഷേ, ആശാൻ കവിതകളിലാകെ സർഗ്ഗവൈഭവത്തിന്റെ തൂമിന്നൽപിണരുകൾ വീണു തിളങ്ങിക്കിടക്കുന്നതു ഞാൻ കാണുന്നു. തമ്പുരാന്റെ (മലയാളത്തിലുളള) സ്വതന്ത്ര രചനകളുടെ പേരുകൾ മുഴുവൻ മുദ്രണംചെയ്യാൻ ഉൺമയുടെ മൂന്നു പേജെങ്കിലും വേണ്ടിവരും! ഉളളൂരിന്റെ സാഹിത്യ ചരിത്രത്തിലാണ്‌ അവയുടെ കുറച്ചെങ്കിലും പൂർണ്ണമായ ഒരു പട്ടിക ലഭ്യമാകുന്നത്‌. ആ പട്ടികയിൽ ഇല്ലാത്ത ചിലവ കൂടി ഇ.ഡി. ഹരിശർമ്മ കൂട്ടിച്ചേർക്കുന്നുണ്ട്‌. (ഡോ.അകവൂർ നാരായണന്റെ ’വെൺമണി പ്രസ്ഥാനം‘ എന്ന കൃതിയുടെ 123-​‍ാം പേജ്‌ കാണുക). ’കവിഭാരതം‘ തൊട്ട്‌ ’ദ്രോണാചാര്യൻ‘ വരെയുളള 14 കാവ്യങ്ങൾ, അത്രതന്നെ നാടകങ്ങൾ, 10 ഗാഥകൾ, ഘോഷയാത്ര കഥകളി, 42 ഖണ്ഡകൃതികൾ, ധാരാളം വർണ്ണനകൾ, വിവരണങ്ങൾ, 12 പലവകപ്പാട്ടുകൾ, അസംഖ്യം ഒറ്റശ്ലോകങ്ങൾ, പദ്യത്തിലെഴുതിയ നൂറുക്കണക്കിനു കത്തുകൾ…. അങ്ങനെ നീളുന്നു ആ കൃതിസഞ്ചയത്തിലെ വെറും വിരുതുകൾ. അസാമാന്യ സർഗ്ഗവൈഭവത്തിന്റെ മിന്നൽപിണരുകൾ വീശി കവിതയുടെ ഉൽക്കടഭാവമണ്ഡലത്തിലേക്കുയർന്ന്‌ മലയാള കാവ്യലോകത്തിനു നവീന ഭാവുകത്വമരുളിയ ഒറ്റ രചനപോലും ആ വിരുതുകളുടെ സഞ്ചയത്തിൽനിന്ന്‌ തിരഞ്ഞെടുക്കാനാവില്ല, തീർച്ച. പദ്യങ്ങളുടെ ദ്രുതരചനയിൽ തമ്പുരാൻ അദ്വിതീയനായിരുന്നിരിക്കാം. പക്ഷേ, പദ്യങ്ങൾ കവിതകളായിക്കൊളളണമെന്നില്ലല്ലോ! ’ദ്രുതപദ്യരചനാപാടവം‘ എന്നത്‌ ’ദ്രുതകവനപാടവ‘മാക്കി മാറ്റി, ഇപ്പോഴും അതുതന്നെ തുടർന്നുവരുന്നതിലെ അപകടം ചെറുതല്ല എന്ന്‌ ഇപ്പോൾ ബോധ്യമാകുന്നുണ്ട്‌. കുമാരനാശാൻ രണ്ടുവർഷവും അഞ്ചുമാസവും ധ്യാനിച്ചു വേദനിച്ചാണു ലീലാകാവ്യം വിരിയിച്ചെടുത്തത്‌. അഞ്ചുമണിക്കൂറും മുപ്പത്തിരണ്ടുമിനിട്ടും എന്നൊക്കെ കൃത്യമായ കണക്കുവെച്ച്‌ തത്തുല്യദൈർഘ്യമുളള പദ്യസമുച്ചയം തമ്പുരാൻ എഴുതുമായിരുന്നിരിക്കാം. പക്ഷേ, അതു ലീലാകാവ്യമാകുമായിരുന്നില്ല. പ്രത്യുത ലീലാകാരികയാകുമായിരുന്നു! ഇടതുകൈകൊണ്ടു ചതുരംഗക്കരു നീക്കുകയും വലതുകൈകൊണ്ടു പദ്യരചന നടത്തുകയും ചെയ്‌തിരുന്ന തമ്പുരാന്‌ രണ്ടുംതമ്മിൽ വളരെ വ്യത്യാസമൊന്നും അനുഭവപ്പെട്ടിരുന്നില്ല. ’പദ്യരചന‘ തമ്പുരാനെ സംബന്ധിച്ചു പറഞ്ഞാൽ, കേവല വിനോദമോ മത്സരമോ ഒക്കെയായിരുന്നു. അതുകൊണ്ടുതന്നെ തമ്പുരാന്റെ രചനകളിൽ കവിത പ്രതീക്ഷിച്ചുകൂടാ. വാശിക്കും അരിശത്തിനും വിനോദത്തിനും ഒക്കെ രചന നടത്തുന്നവരിൽനിന്നല്ല. അത്യന്തം ഗൗരവമുളള കാര്യമായി രചനയെ കണക്കാക്കുന്നവരിൽനിന്നാണു കനമുളള കവനങ്ങൾ പെയ്‌തിറങ്ങിയിട്ടുളളത്‌. വെൺമണി പ്രസ്ഥാനത്തിലെ ഒരു കവി എന്നക്കമിട്ട്‌ ഭാഷാപഠിതാക്കൾക്ക്‌ തമ്പുരാന്റെ രചനകളിലൂടെ കടന്നുപോകേണ്ടിവരും. വിവർത്തനപ്രതിഭയും ഭാഷാപണ്ഡിതനുമായി ഇന്നറിയപ്പെടുന്ന തമ്പുരാൻ, പേരുകേട്ട പ്രഗത്ഭ പണ്ഡിതന്മാരുണ്ടായിരുന്ന കൊടുങ്ങല്ലൂർ കോവിലകത്ത്‌ ഒരു പണ്ഡിതനായിപ്പോലും അംഗീകരിക്കപ്പെട്ടിരുന്നില്ല എന്നു നാമറിയണം. 44-​‍ാം വയസ്സിൽ ചരമം പ്രാപിച്ചപ്പോൾ, അദ്ദേഹത്തിന്റെ വിദുഷിയായിരുന്ന മാതാവ്‌ വിമ്മിക്കരഞ്ഞുകൊണ്ടാണെങ്കിലും മൊഴിഞ്ഞത്‌ ഇങ്ങനെഃ ’വിഢ്യാനാണെങ്കിലും അതു കെടന്നോളാർന്നൂന്നു തോന്നാണ്‌ എനിക്ക്‌.‘ (ഡോ.അകവൂർ നാരായണന്റെ ’വെൺമണി പ്രസ്ഥാനം‘ എന്ന കൃതി. പുറം 145.) കുഞ്ഞിക്കുട്ടൻതമ്പുരാന്റെ വിദുഷിയായിരുന്ന മാതാവിന്റെ വാക്കുകളോട്‌ ഡോക്‌ടറുടെ പ്രതികരണം എന്താണാവോ? ’അസംസ്‌കൃതചിത്തയും അപക്വമതിയുമായ ഒരു തളള!‘ എന്നോ മറ്റോ ആകാനേ തരമുളളൂ. ’ഒരു ജനതയുടെ സംസ്‌കാരത്തിന്റെ അളവുകോൽ സാഹിത്യവും അതിൽ കവിതയുമാണെങ്കിൽ…‘ എന്നു ലേഖനത്തിന്റെ ആദ്യഭാഗത്ത്‌ എഴുതിയ ലേഖകൻ ’സാഹിത്യം സംസ്‌കാരത്തിന്റെ ഭാഗമാകയാൽ…‘ എന്ന്‌ അന്യത്ര മാറ്റിയെഴുതി തിരിച്ചറിവുളളവനാകാൻ ശ്രമിക്കുന്നുണ്ട്‌. (’അളവുകോൽ‘ എന്നതു ’ഭാഗ‘മായി മാറ്റിയതു ശ്രദ്ധിക്കുക.) സംസ്‌കൃതചിത്തരായ പക്വമതികളാണു സാഹിത്യനിരൂപണവും ചർച്ചയുമൊക്കെ നടത്തേണ്ടത്‌ എന്നുപദേശിക്കാൻ ലേഖകൻ മറക്കുന്നില്ല. കല്ലും കട്ടയും കച്ചിത്തുരുമ്പും പരിമളവാഹിയായ പനിനീർപ്പൂവും സംസ്‌കൃതചിത്തനായ പക്വമതി എം.പി.ബാലകൃഷ്‌ണൻ (സമലോഷ്ടാശ്‌മ ജാംബൂനദനാം തമോധനൻ! -ഉളളൂർ) തുല്യമായി ദർശിക്കുന്നു. (തത്ത്വമസി-അതു നീയാകുന്നു! അഹം ബ്രഹ്‌മാസ്‌മി-ഞ്ഞാൻ ബ്രഹ്‌മമാകുന്നു.) മറ്റുളളവയിൽനിന്നു പനിനീർപൂവിനെ-തമ്പുരാന്റെ കാരികകളിൽനിന്നു കുമാരകവിതയെ-എനിക്കു വേർതിരിച്ചെടുത്തേ പറ്റൂ. ഡോക്‌ടറുടെ ’പക്വത‘ എനിക്കുവേണ്ട.

സാഹിത്യത്തിൽ താരതമ്യപഠനം ലോകമെമ്പാടും പണ്ടേ അംഗീകരിക്കപ്പെട്ടതാണ്‌. കവിതയുടെ മാറ്റുരച്ചുനോക്കാൻ ഉരകല്ല്‌ ആവശ്യമെന്നു വന്നപ്പോൾ താരതമ്യപഠനത്തിനു പ്രസക്തിയുണ്ടായി. നീതീകരണമുണ്ടായി. ഇതൊന്നും തീരെ അറിയാതെയാണോ ഡോക്‌ടർ എനിക്കുനേരെ ആക്രോശിക്കുന്നത്‌? താരതമ്യമെന്നാൽ സാമ്യകല്‌പനയാണെന്നു ധരിച്ചു വശായിട്ടുണ്ടോ ഡോക്‌ടർ? സാജാത്യ വൈജാത്യ സാധർമ്മ്യ വൈധർമ്മ്യ സാന്നിദ്ധ്യാസാന്നിദ്ധ്യങ്ങളൊക്കെയും താരതമ്യത്തിൽ പെടുന്നുണ്ടെന്നു തിരിച്ചറിയണം. ഷേക്‌സ്‌പിയറുടെയും മിൽട്ടന്റെയും വരികൾ ഉരകല്ലായി സ്വീകരിച്ചുകൊണ്ടാണു മാത്യു ആർനൾഡ്‌ പില്‌ക്കാല കവികളുടെ ക്ലാസിക്‌ സ്വഭാവങ്ങൾ അളന്നെടുക്കുന്നത്‌. അവർക്കുശേഷം ഇംഗ്ലണ്ടിൽ മൗലിക പ്രതിഭകളൊന്നും ഇല്ലായിരുന്നു എന്നുണ്ടോ? കവിപ്രതിഭയ്‌ക്ക്‌-സർഗ്ഗവൈഭവത്തിന്‌-അളവുകളുണ്ട്‌. ഏറ്റക്കുറച്ചിലുകളുണ്ട്‌. വാല്‌മീകിയുടെ സർഗ്ഗവൈഭവം കാളിദാസനോ, കാളിദാസന്റെ സർഗ്ഗനൈപുണി കുമാരനാശാനോ, കുമാരനാശാന്റെ സർഗ്ഗസിദ്ധി കുമാരപൂർവ്വ വെൺമണി പ്രസ്ഥാനത്തിലെ ഏതെങ്കിലും കവിക്കോ കുമാരാനന്തര കവികളിൽ ചിലർക്കോ ഉണ്ടെന്നു വകവച്ചുകൊടുക്കാൻ അവരുടെ കൃതികളെക്കുറിച്ചുളള പരിമിതജ്ഞാനം തത്‌കാലം എന്നെ അനുവദിക്കുന്നില്ല.

ഇന്ദ്രിയപരവും അതീന്ദ്രിയപരവുമായ ജ്ഞാനസാന്ദ്രതകളുടെ, ദർശനങ്ങളുടെ നിത്യചൈത്ര ലാവണ്യങ്ങളിലേക്ക്‌, ഉൾക്കാഴ്‌ചകളുടെ ഉണ്മ നിറഞ്ഞ ഉർവ്വരതകളിലേക്ക്‌, അനുഭൂതികളുടെ വിദ്യുത്മണ്ഡലങ്ങളിലേക്ക്‌ കൈപിടിച്ചു നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ആശാൻ കവിതയെവിടെ? വേലിപ്പത്തലുപോലെ ശുഷ്‌കമായ, പച്ചകെട്ട തമ്പുരാൻ പദ്യങ്ങളെവിടെ? (താരതമ്യം ഇങ്ങനെയുമാകാം, ഡോക്‌ടർ)

’വീണപൂവും ചണ്ഡാലഭിക്ഷുകിയും നളിയും ലീലയും സീതയും കരുണയും പിറന്ന മണ്ണിൽ…‘ എന്നിങ്ങനെ ലേഖനം അവസാനിക്കുമ്പോൾ മരുന്നിനെങ്കിലും തമ്പുരാന്റെ ഒരു കൃതി (’ഒടി‘യോ ’നല്ല ഭാഷ‘യോ അങ്ങനെ ഏതെങ്കിലും ഒരെണ്ണം) ആ നിരയിൽ വയ്‌ക്കാൻ ഡോക്‌ടർക്കു തോന്നിയില്ല. തോന്നുകയില്ല. സർഗ്ഗചാരുതയിൽ, ഭാവാത്മകതയിൽ, ദാർശനികദാർഢ്യത്തിൽ ഒന്നും തന്നെ മേൽപറയപ്പെട്ട ആശാൻകൃതികളുടെ അരികത്തു വയ്‌ക്കാൻ കൊളളാവുന്ന ഒരു സർഗ്ഗാത്മക രചന തമ്പുരാന്റേതായി എടുത്തുകാട്ടാനില്ല എന്നതുതന്നെ കാരണം. (ആശാൻ കവിതകളും ആനുകാലിക കവികളുടെ കവിതകളുമായി ഉളള താരതമ്യത്തിൽതന്നെ ’താരതമ്യശത്രു‘വായ ഡോക്‌ടർ ഒടുവിൽ എത്തിനില്‌ക്കുമ്പോൾ, ചിരിച്ചു പോകും!)

സംസ്‌കൃതചിത്തനും പക്വമതിയും എന്നു സ്വയം കരുതുന്ന ഒരാളുടെ ജ്ഞാനാഹന്ത പിളരുന്ന അത്ര എളുപ്പമല്ല. അതിനു ശ്വേതകേതുവിന്റെ ജ്ഞാനാഹന്ത പിളർന്ന ആരുണിയായ, പാഞ്ചാല്യനായ ഉദ്ദാലകൻ തന്നെ വേണ്ടിവരും.

’താരതമ്യം ഇല്ലേയില്ല‘ എന്നു പ്രഖ്യാപിച്ചുകൊണ്ട്‌ ലേഖകൻ എഴുതിയിരിക്കുന്നുഃ ’സ്വന്തം വാമനത്വത്തിന്റെ കുഞ്ഞിക്കാലുയർത്തി അളക്കാൻ പുറപ്പെടുംമുമ്പ്‌ നിരൂപകമാന്യന്മാർ ഇക്കാര്യം ഓർത്തിരുന്നാൽ നന്ന്‌.‘ (പ്രതിഭാശാലികളായ കവികളെ കാലു കൊണ്ടളക്കുന്നതും കാൽവിരലുകളിലെണ്ണി തിട്ടപ്പെടുത്തുന്നതും ഡോക്‌ടർക്കു വളരെ പഥ്യമുളള കാര്യമാണ്‌.) വാമനൻ രണ്ടു ചോട്ടടികളാൽ മൂവുലകുമളന്നെടുത്ത കഥ ഡോക്‌ടർ മറക്കരുത്‌! പുതിയ വാമനൻ, വിശ്വരൂപം കൈക്കൊണ്ട്‌, മൂന്നാമത്തെ ചോട്ടടി ഒരു നിരൂപകന്റെ തലയിൽ വയ്‌ക്കാനാഗ്രഹിച്ചാൽ, തീർച്ചയായും, അതു ഡോക്‌ടറുടെ തലയിലായിരിക്കുകയില്ല. ജ്ഞാനാഹന്തയുടെയും മുൻവിധികളുടെയും തമ്പുരാൻസേവയുടെയും മൂഢപാതാളത്തിൽ എന്നേ നിപതിച്ചുകഴിഞ്ഞ ഒരാളെ പിന്നെ എങ്ങോട്ടു ചവിട്ടിതാഴ്‌ത്താനാണ്‌?

—–

Generated from archived content: aug_essay2.html Author: kavalam_balachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here