തന്നിലൊതുങ്ങാത്ത ‘ബൗദ്ധിക ഫോർമാറ്റ്’ എടുത്തണിഞ്ഞ് പൊതുവേദികളിൽ സ്വന്തം അന്തഃസാരശൂന്യത വെളിപ്പെടുത്തുകയെന്നത് എത്ര പരിതാപകരമാണ്! കുട്ടനാടിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങളെപ്പേർത്ത് നിലവിളിക്കുന്ന നാടൻ ചെറുപ്പക്കാരൻ, ഒരു സുപ്രഭാതത്തിൽ ബീഥോവന്റെ സിംഫണിയെക്കുറിച്ച് പ്രസംഗിച്ചു തുടങ്ങിയാലോ?
കേരളപാണിനി സ്‌മാരകത്തിലെ സാംസ്‌കാരിക കൂട്ടായ്‌മയോടനുബന്ധിച്ച കവിസമ്മേളനത്തിലെ സ്വാഗതപ്രസംഗകൻ (ഇറവങ്കര പ്രവീൺ എന്നോ മറ്റോ പേര്) മുണ്ടൂർ കൃഷ്‌ണൻകുട്ടി ബസ്‌സ്‌റ്റാൻഡിൽവച്ച് തന്നെ കണ്ടപ്പോൾ ഒഴിഞ്ഞുമാറിയതും, എം.എഫ് ഹുസൈൻ മാധുരീദീക്ഷിതിന്റെ പടം വരച്ചതുമൊക്കെ പറഞ്ഞ്, പൂവച്ചൽ ഖാദർ എഴുതിയ സിനിമാപ്പാട്ട് ശ്രീകുമാരൻതമ്പിയുടേതെന്ന് വിശേഷിപ്പിച്ച് പാടുകയും, ചങ്ങമ്പുഴയുടെ രമണനെ ‘ഇടിച്ചുതാഴ്‌ത്തിയ’ ഗുപ്‌തൻനായർസാറിനെതിരെ ആഗതരായ കവികൾ പ്രതികരിച്ച് വിവാദം സൃഷ്‌ടിക്കണമെന്ന് ആഹ്വാനം ചെയ്യുകയും, കരൂർ ശശിയെ കാരൂർ ശശിയെന്ന് സംബോധന ചെയ്യുകയുമൊക്കെ ചെയ്‌താൽ എന്താ കഥ!
അതിമഹത്തായ സാംസ്‌കാരിക പൈതൃകവും തിരിച്ചറിവും പേറുന്ന മാവേലിക്കരയിലെ സഹൃദയലോകം ചൂളിപ്പോവില്ലെ? മലയാളനാടിന്റെ സുകൃതംപേറുന്ന അല്‌പം ചില സാംസ്‌കാരിക തുരുത്തുകളിലൊന്നായ മാവേലിക്കരയുടെ ലജ്ജാഭാരം പങ്കിട്ടുകൊണ്ടാണ് ശ്രീകുമാരൻതമ്പിയും എഴുമറ്റൂർ രാജരാജവർമ്മയും ഞാനും അന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. എന്നാൽ, ആ സ്വാഗതപ്രസംഗമൊഴിച്ചാൽ, അന്നവിടെ നടന്ന ചടങ്ങ്, സമീപകാല കേരളീയ സാംസ്‌കാരിക സംഭാവനകൾക്കിടയിൽ ഒരു സുവർണ്ണരേഖയാണ്.
ഇ.ആർ.രാജരാജവർമ്മയുടെ പൈതൃകവും സ്‌മരണയും എത്ര പവിത്രമായാണ്, പ്രൊഫ.രവീന്ദ്രനുണ്ണിത്താന്റെ നേതൃത്വത്തിൽ മാവേലിക്കരയിലെ സഹൃദയർ കാത്തുസൂക്ഷിക്കുന്നത്! മലയാള കവിതയുടെ എത്രയെത്ര വിഭിന്ന സ്വരങ്ങളുടെ സ്വര-താള-സംഗീതമാണവിടെ മുഴങ്ങിക്കേട്ടത്! ശ്രീകുമാരൻതമ്പിയും ബിച്ചുതിരുമലയും മുതൽ കണിമോൾ വരെയുളളവരുടെ കവിതാലാപനം ആ സാംസ്‌കാരിക മണ്ണിന്റെ വിശുദ്ധിയെ എത്രയ്‌ക്കാണുയർത്തിയത്! മോശപ്പെട്ട കവിതയെന്ന് പറയാൻ ഒന്നുപോലും ഇല്ലായിരുന്നു.
തിരുവനന്തപുരത്തെ സ്ഥിരം വേദികളിലെ ‘കവിതാഭീകരതകൾ’ ഓർക്കുമ്പോൾ, മാവേലിക്കരയിൽ നടന്ന കവിസംഗമം പുലർത്തിയ ഔന്നത്യവും ശുദ്ധിയും അവിശ്വസനീയമാണ്. മനസ്സിൽ എന്തൊക്കെയോ നിറച്ചുകൊണ്ടാണ് ഞാൻ മടങ്ങിയത്! എന്നിട്ടും, ആ സ്വാഗതപ്രസംഗം സൃഷ്‌ടിച്ച ‘കിടില’ത്തിൽനിന്ന് ഇപ്പോഴും മോചനമായിട്ടില്ല-അത് തികച്ചും ഒരു ‘ടെറ്റിസ്‌റ്റ് ആക്‌റ്റ്’ തന്നെയായിരുന്നു!
Generated from archived content: sept_essay11.html Author: karur_sasi