മൂത്രഗന്ധം പുരണ്ട രുദ്രാക്ഷഫലങ്ങൾ

സംസ്‌കൃതി ഭവനത്തിലെ കൂത്തമ്പലത്തിൽ ഭാഷയുടെ പ്രതീകവത്‌കരണത്തെക്കുറിച്ചുളള ജീർണ്ണശബ്‌ദങ്ങളുയരുമ്പോൾ, പിന്നാമ്പുറത്തുനിന്ന്‌ രുദ്രാക്ഷത്തിന്റെ കായ്‌കൾ പെറുക്കി സഞ്ചിയിലാക്കുകയെന്ന മഹത്‌കൃത്യം! മൂത്രമൊഴിക്കാൻ പലരും നടന്നുപോകുന്നത്‌ ഈ കായ്‌കളെ ചവിട്ടിയരച്ചുകൊണ്ടാണ്‌! പെറുക്കിയെടുക്കുന്ന കായ്‌കളിൽനിന്ന്‌ പുഴുക്കളെ നീക്കുകയും വേണ്ടിയിരിക്കുന്നു. രുദ്രാക്ഷക്കായകൾ ചിതറി ജീർണ്ണിച്ചു പുഴുക്കുന്നു; കൂത്തമ്പലവേദി, മാറാട്‌ പ്രശ്‌നപരിഹാരത്തിന്‌ ‘സംസ്‌കാ’രാവഹിച്ച, ലോകമറിയാത്ത ദിവ്യമായ പങ്കിനെക്കുറിച്ചുളള ഉദീരണങ്ങൾക്ക്‌ സാക്ഷ്യം വഹിക്കുന്നു! ഇത്‌ കാലസ്ഥിതിയുടെ ഒന്നാംതരം പ്രതീകവത്‌കരണംതന്നെ! ഇങ്ങനെ എത്രയെത്ര ‘സംസ്‌കാര’കളുടെ നിഗൂഢതകൾ സമകാലിക ജീവിതത്തെ ജീർണ്ണമാക്കുന്നു! സാംസ്‌കാരികാധികാര ദുർമദത്തിന്റെ പേരുകൾ വിളിച്ചുളള ആജ്ഞാപനങ്ങളും വട്ടംചുറ്റിനിന്നുളള ഓഛാനിപ്പുകളും നല്ല ചിത്രങ്ങൾ കാഴ്‌ചവയ്‌ക്കുന്ന കാലത്തിന്റെ വ്രണങ്ങൾ നോക്കിക്കാണുന്നവർക്ക്‌. അച്ചടിഭാഷയുടെ ഉച്ചാരണതിന്റെ വടിവിൽ ദേഹമിളക്കാൻ പഠിച്ചവർക്കത്രേ സാംസ്‌കാരിക ക്ഷേത്രങ്ങളിലെ പൂജാധികാരം! സൈബർയുഗത്തിൽ, ‘ഓറിയന്റൽ ദൈന്യത’കൾക്ക്‌ അല്പമാത്രമായെങ്കിലും ‘തിളങ്ങാൻ’ ഒരവസരം. ഇടയ്‌ക്കിടെ, അഴകിയ രാവണന്മാരുടെ ആനനടത്തം. അടുപ്പുകൂട്ടിയതുപോലെ അകലമില്ലാതെ, കൈയനക്കാൻപോലും മേലാതെ, ഇരുന്നുണ്ണേണ്ടിവന്നിടത്തും, ഭാഷാശുദ്ധി സംബന്ധിച്ച വൈയാകരണ വേദാന്തങ്ങൾ! ഏത്‌ അഹംബുദ്ധികളുടെ സ്വയംതൃപ്‌തിയ്‌ക്കാണാവോ ഇത്തരം വൃഥാവ്യായാമങ്ങൾ! എല്ലാംകഴിഞ്ഞ്‌, തനിച്ച മനസ്സുമായി അസമയത്ത്‌ അഭയസ്ഥാനത്തെത്തുമ്പോൾ, സഞ്ചിക്കുളളിലെ രുദ്രാക്ഷങ്ങൾ എന്തോ മന്ത്രം ഉരുവിടുന്നു. അരണ്ട വെളിച്ചത്തിൽ, ഓരോന്നുമെടുത്ത്‌ തോടു കളഞ്ഞ്‌ വൃത്തിയാക്കുമ്പോൾ, സമകാലികമല്ലാത്ത ഏതോ പുണ്യസ്‌മൃതികളുടെ തലോടൽ. ഈ രുദ്രാക്ഷമണികൾ തരുന്ന ചെറുവൃക്ഷങ്ങൾക്ക്‌, ഹിമധവളിമയുടെ വിശുദ്ധിയിൽനിന്നിറങ്ങി, നായ്‌ക്കൾ കാഷ്‌ടിക്കുന്ന പുൽപ്പുറങ്ങളിൽ വളരേണ്ടിവരുന്നു! മൂത്രഗന്ധത്തിലേക്ക്‌ കായ്‌കളെ നിക്ഷേപിക്കേണ്ടിവരുന്നു!

പിന്നീട്‌ ഞാൻ എന്റെ ഓമനയോടു പറഞ്ഞുഃ “നമുക്ക്‌ ഈ കാലഘട്ടത്തിൽ ജീവിക്കേണ്ടി വരുന്നതുപോലെ. പക്ഷേ, നോക്കൂ, ഈ കുരുക്കൾ പോലെ, ജീർണ്ണങ്ങളിൽനിന്ന്‌ നമുക്ക്‌ ചിലതെങ്കിലും ചുരണ്ടിയെടുത്ത്‌ സൂക്ഷിക്കാൻ കഴിയും.” ഉളളിൽ പകയും വെറുപ്പും പുകയുമ്പോഴും, വൈയാകരണച്ചിരി ചിരിച്ച്‌, അച്ചടി ഭാഷയുടെ മര്യാദ ലംഘിക്കാതെ, സാംസ്‌കാരിക ശ്രീകോവിലുകളുടെ വാതിൽക്കൽനിന്ന്‌ ‘നമോവാകം’ ചൊല്ലി ആതിഥ്യമരുളുന്നവരിൽനിന്ന്‌ വേറിട്ട ഒരനുഭവതലം നമുക്ക്‌ വേണ്ടേ? വേറിട്ട പ്രകൃതിയുടെ ഒരനുഭവം? വ്യത്യസ്ഥമായ ഒരു വെയിൽ കായൽ? കാറ്റുകൊളളൽ? മഴനനയൽ? ഇളവേല്‌ക്കൽ? കൂട്ടുചേരൽ? സല്ലാപം? – ഹൃദയങ്ങൾക്ക്‌ സംവദിക്കാൻ വ്യാകരണദുർഗന്ധമേല്‌ക്കാത്ത ഒരു ഭാഷ?

Generated from archived content: jan_essay2.html Author: karur_sasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here