തുഞ്ചൻപറമ്പിൽ നിന്നപ്പോൾ

അന്തിമയങ്ങിയ നേരത്ത്‌ തിരൂരിലെ തുഞ്ചൻപറമ്പിൽ ആൾക്കൂട്ടത്തിൽനിന്ന്‌ അകന്നുമാറിനിന്നു, സംസ്ഥാന സ്‌കൂൾ യുവജനോത്സവം സംബന്ധിച്ച പ്രസംഗമത്സരത്തിന്റെ വിധിനിർണ്ണയം കഴിഞ്ഞ്‌. ‘എന്റെ മാതൃഭാഷ മലയാളം’ എന്ന വിഷയം കുട്ടികളെ വല്ലാതെ കണ്ട്‌ ആവേശഭരിതരാക്കി. അതിന്റെയൊരാഹ്ലാദം മനസ്സിൽ. തുഞ്ചൻ സ്‌മാരകട്രസ്‌റ്റ്‌ അംഗവും സഹവിധികർത്താവുമായ മണമ്പൂർ രാജൻബാബു അടുത്തുവന്ന്‌ ആരാഞ്ഞുഃ

“ഇവിടുത്തെ പരിപാടികൾക്ക്‌ വന്നിട്ടില്ലല്ലോ?”

“ഇല്ല.”

“കരൂർ ശശിയേയും തക്കസന്ദർഭത്തിൽ ക്ഷണിച്ചുവരുത്തുമെന്ന്‌ രാജൻബാബുവിന്റെ ഉറപ്പ്‌.”

പക്ഷെ രസകരവും അത്ഭുതകരവുമായ സംഗതി അതല്ല. അതിന്‌ തലേദിവസം ഷാലിമാർ ഹോട്ടലിൽനിന്നിറങ്ങി, എതിർവശത്തുളള ബസ്‌സ്‌റ്റാൻഡിൽ ബസ്സുകളുടെ പോക്കുവരവൊക്കെ മനസ്സിലാക്കാൻ നിന്നപ്പോൾ, അകലെവച്ചേ കൈകൂപ്പി ചിരിച്ചുകൊണ്ട്‌ ഒരാൾ അടുത്തെത്തി.

“മാഷ്‌ എപ്പോൾവന്നു? ഞാൻ അബ്‌ദുൽഖാ​‍ാദർ. ഈ നാട്ടുകാരൻ.”

“സ്‌കൂൾ യുവജനോത്സവം സംബന്ധിച്ച്‌ കഴിഞ്ഞദിവസം ഞാനെത്തി; ആട്ടെ, എന്നെ അറിയുമോ?”

“കരൂർ ശശിയെ അറിയില്ലെന്നോ? മാഷെ എത്രതവണ തുഞ്ചൻപറമ്പിൽവച്ച്‌ കണ്ടിരിക്കുന്നു.”

തുഞ്ചൻപറമ്പിൽ ഞാൻ പോയിട്ടില്ലെന്ന സത്യം തത്‌കാലം മറച്ചുവച്ചു.

ആ മനുഷ്യൻ കൈകാട്ടി, റോഡേ നടന്നുപോവുകയായിരുന്ന മറ്റൊരു മാന്യനെ അടുത്തേക്കു വിളിച്ചുവരുത്തി; എന്നെ ചൂണ്ടി ആ മനുഷ്യനോടാരാഞ്ഞുഃ

“ഇദ്ദേഹത്തെ അറിയില്ലേ?”

എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി, നവാഗതനായ മധ്യവയസ്‌കൻ ആഹ്ലാദത്തോടെ മൊഴിഞ്ഞു.

“അറിയും അറിയും. തുഞ്ചൻപറമ്പിൽവച്ച്‌ പലതവണ കണ്ടിട്ടുണ്ട്‌.”

ഞാൻ പതറിപ്പോയി. ഈയുളളവൻ പോയിട്ടില്ലാത്ത, ഈയുളളവനെ ഒരു ചടങ്ങിനും ക്ഷണിച്ചുവരുത്താത്ത തുഞ്ചൻപറമ്പിൽവച്ച്‌ ഇവർ എന്നെ കണ്ടിരിക്കുന്നു! ആ കാഴ്‌ചയ്‌ക്ക്‌ ധാരാളം അർത്ഥതലങ്ങളുണ്ടെന്നുതോ​‍ാന്നി. തുഞ്ചത്താചാര്യനും, അവിടുത്തെ മണ്ണിനും, അവിടുത്തെ സഹൃദയർക്കും ഈ കവിമുഖം സുപരിചിതം. അകറ്റിനിർത്താനുളള ബോധപൂർവമായ മനോഭാവത്തെ കീറിമുറിക്കുന്ന അക്ഷരചൈതന്യത്തിന്റെ തിരിച്ചറിവുകളും വെളിപാടുകളും!

Generated from archived content: essay8_june_05.html Author: karur_sasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here