കൊല്ലത്ത് അഷ്ടമുടിക്കായൽകരയിൽ നടന്ന തിരുനെല്ലൂർ കാവ്യോത്സവം പ്രത്യക്ഷബോധ്യങ്ങൾക്കപ്പുറത്തേയ്‌ക്ക് മനസിനെ കൊണ്ടുപോയി. കേരളീയ രാഷ്ര്ടീയ-സാമൂഹിക-സാംസ്‌കാരികജീവിതം എവിടെയോ മറന്നുവച്ച ഒരു പ്രബുദ്ധകാലഘട്ടം. തിരുനെല്ലൂർ ഉൾപ്പെടെയുള്ള കവികളും എഴുത്തുകാരും തെളിയിച്ചുകാട്ടിയ മാനുഷികതയുടെയും സർഗ്ഗാത്മകതയുടെയും വെളിച്ചം. പഴയ സമ്പന്നങ്ങളുടെയും മുഖഛായകളുടെയും സമാഗമം. ഏതോ സ്വപ്നസ്മൃതികളിലേക്ക് മനസിനെ നയിച്ചു.
ചില സിംഹഗർജ്ജനങ്ങൾ വേദിയിൽ ഉയർന്നു. കാലിക രാഷ്ര്ടീയ-സാമൂഹിക-സാംസ്‌കാരിക പ്രവണതകളോടുള്ള അമർഷവും വെല്ലുവിളിയും. മേയ്‌ദിനത്തിന്റെ ചെങ്കൊടിവർണ്ണവും വിപ്ലവഗാഥാശ്രുതികളും ചേർന്നൊരുക്കിയ പശ്ചാത്തലം. എവിടെയും നിറഞ്ഞുനിന്ന വിനോദൻ – തിരുനല്ലൂരിന്റെ മകൻ.
ഞാനും എന്റെ പ്രിയതമയും അല്പം ഒഴിഞ്ഞൊരിടം നോക്കി നീങ്ങിയപ്പോൾ ഒറ്റയ്‌ക്കിരിക്കുന്നു ഡോ. വള്ളിക്കാവ് മോഹൻദാസ്. ഞങ്ങൾക്ക് പങ്കുവയ്‌ക്കാനുണ്ടായിരുന്നത് ഒരേ വികാരമായിരുന്നു; ജീർണ്ണിച്ച ഒരു ‘നവകാല’ത്തിന്റെ നടപ്പുരീതികൾ, ഏതോ ഇടിമുഴക്കങ്ങൾ ഉണ്ടാവേണ്ടതിന്റെ അനിവാര്യത. നൂറനാട് മോഹനും കണിമോളും മകനോടൊപ്പം നടന്നടുത്തപ്പോൾ അനുഭവപ്പെട്ട സന്തുഷ്ടി. മലയാളം വാരികയിൽ കണിമോൾ എഴുതിയ കവിത – പേറ്റുകാരി ‘നാറാണത്തുഭ്രാന്തനെക്കുറിച്ചുള്ള ഉപരിപ്ലവസംഗീതത്തെ തട്ടിമാറ്റി വരരുചിയുടെ പറയിപേറുന്ന പൈതൃകത്തിന്റെ തായ്‌വേരുകളെക്കുറിച്ചുള്ള അന്വേഷണം. ഏത് കവിതയിലും ഒരു അക്ഷരത്തെറ്റെങ്കിലും അച്ചടിയിൽ അനിവാര്യമാകുന്നു. കണിമോൾക്കും ലഭിച്ചിരിക്കുന്നു ഈ ഭാഗ്യം. ’വന്നുനിന്നവൾ സന്ധ്യ‘ എന്ന എന്റെ കവിതയിലെ വരി ’വന്നുനിന്നവൻ സന്ധ്യ‘ എന്നായപ്പോൾ ഞാൻ ബോധം കെട്ടുപോയി. ഒക്കെ പോയില്ലേ? പിന്നീട് എത്ര വരികൾ വായിച്ചിട്ട് എന്ത് കാര്യം! അന്തിമയങ്ങുന്നു. അഷ്ടമുടിക്കായൽ പരപ്പിലൂടെ കെട്ടുവള്ളങ്ങൾ ഒഴുകിനീങ്ങുന്നു. പ്രബുദ്ധമായ സദസ്സിനു മുന്നിൽ, തിരുനെല്ലൂരിന്റെ ’റാണി‘യിലെ ആദ്യഖണ്ഡം ചൊല്ലിയപ്പോൾ കാൽമുട്ടുകൾ വിറച്ചുവോ? കുറച്ചാഴ്‌ചമുമ്പ് തൃശൂർ റൗണ്ടിലൂടെ നടക്കുമ്പോൾ ഇളകിയ സ്ലാബിൽ തട്ടി കമഴ്‌ന്നടിച്ചുവീണു. കണ്ണട തെറിച്ചു. കാൽമുട്ടുകൾ ചതഞ്ഞു. പിടിച്ചെഴുന്നേൽപ്പിക്കെ ഒരാൾ എന്റെ ഭാര്യയോടു കയർത്തു ഃ “കണ്ണു കാണാത്തയാളെ ഇങ്ങനെയാണോ സൂക്ഷിക്കുന്നത്?” ഭാര്യ തിരിച്ചടിച്ചു ഃ “കാഴ്‌ചശക്തിക്കൊരു കുഴപ്പവുമില്ല. ഒരു വീഴ്‌ച; അത് നിങ്ങൾക്കും പറ്റും”.
മരുന്നുകൾ ഒന്നും വെച്ചുകെട്ടാതെ, കാൽമുട്ടുകളിലെ മുറിവുണങ്ങി. പക്ഷെ കായൽതീരത്തെ വേദിയിലേക്കു കയറുമ്പോൾ മുട്ടുകൾ വീണ്ടും പിണങ്ങി. ചിലപ്പോൾ വീഴ്‌ചകൾ സംഭവിക്കുന്നു. ഒരിക്കലും വീഴാത്തവർ കണ്ടേയ്‌ക്കാം; പക്ഷെ ഒരിക്കലെങ്കിലും വീഴാത്തവൻ കവിയല്ല.
Generated from archived content: essay7_july20_07.html Author: karur_sasi
Click this button or press Ctrl+G to toggle between Malayalam and English