ഇതൊരു ജീർണ്ണാവസ്ഥമാത്രം

ചില ‘അല്‌പമാത്ര’ വിഭവന്മാർ എല്ലാരംഗങ്ങളിലുമുണ്ടാവും. സാഹിത്യത്തിൽ, കലയിൽ, രാഷ്‌ട്രീയത്തിൽ. ഒരു ശരാശരി അഭിനേതാവ്‌ സാഹിത്യത്തിലും രാഷ്‌ട്രീയത്തിലുമുളള തന്റെ ‘പിടിപാട്‌’ പ്രകടിപ്പിച്ച്‌ ബൗദ്ധികതലത്തിൽ അല്‌പം ആളായെന്നുവരും. ഇയാളുടെ ഒരു ‘പെർഫോമൻസ്‌’ ശ്രദ്ധേയമായി എന്നുവരും; തന്നേക്കാൾ പതിന്മടങ്ങ്‌ കേമനായ ഒരാളുടെ അഭിനന്ദനം കിട്ടിയെന്നുവരും. എന്നാൽ, ഇവിടെ അയാൾ തന്റെ ബൗദ്ധിക ഔന്നത്യത്തിന്റെ അകലം പാലിക്കുന്നതായി ബോദ്ധ്യപ്പെട്ടാൽ അയാളെ മനസ്സിൽനിന്നു പുറംതളളുക. കാരണം, ആത്യന്തികമായി അയാളൊരു ശുംഭനാണ്‌. ഈ ശുംഭത്വം മനുഷ്യസ്വഭാവസഹജമാണ്‌. ഇതിനെ സർഗ്ഗാത്മകമായി തെറ്റിദ്ധരിക്കുന്നിടത്താണ്‌ നമ്മുടെ പരാജയം. ഇത്തരം പരാജയങ്ങളിലൂടെ നമ്മുടെ ജീവിതം മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നു. എല്ലാരംഗങ്ങളെയും നിരീക്ഷിക്കുക; അല്‌പ വിഭവന്മാരുടെ ഘോഷയാത്ര. ഇത്‌ നിലനില്‌പിന്റെയൊരു കൗശലമോ നിയാമകമാർഗ്ഗമോ ആയിത്തിർന്നാൽ അത്തരം ഒരു കാലഘട്ടവും സാമൂഹ്യാവസ്ഥയും ജീർണ്ണമാണ്‌. ടോണിമാത്യു സത്യസന്ധമായും രസാത്മകമായും ‘ബഹിഷ്‌കരണ’ത്തെക്കുറിച്ചു പറയുമ്പോൾ ഈ ജീർണ്ണാവസ്ഥയെയാണ്‌ അദ്ദേഹം എടുത്തുകാട്ടുന്നത്‌. ബിസിനസ്സ്‌-വ്യാപാരയുഗത്തിന്‌ മാനസികമായ സത്യസന്ധത അന്യമാണ്‌. സർഗ്ഗാത്മക രംഗങ്ങൾപോലും ഭീരുത്വത്തിന്റെ പങ്കുകച്ചവടകേന്ദ്രങ്ങളായിത്തീരുന്നു. പക്ഷെ പ്രകൃതി എന്നത്‌ ഒരലംഘനീയതയാണ്‌. വെയിൽ പരക്കും. മഴ പെയ്യും, മരം വളരും, കിളിപാടും. ആര്‌ മുഖം തിരിച്ചാലും സൂര്യ-ചന്ദ്രന്മാരും നക്ഷത്രസമൂഹവും അവിടെത്തന്നെയുണ്ടാവും. ഉൺമയെ മാറോടുചേർത്ത്‌ കാലം കടന്നുപോവും.

Generated from archived content: essay4_dec.html Author: karur_sasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here