ആശയപരമായ ഒറ്റപ്പെടലിനെ സാമൂഹ്യമായ ഒറ്റപ്പെടലായി ചിത്രീകരിച്ച് തൃപ്തികൊള്ളുന്നവർ ബുദ്ധിജീവികൾക്കിടയിലുണ്ട്. “അയാളെ അവിടെ ഒറ്റപ്പെടുത്തി എല്ലാവരും കൂടി ഇങ്ങോട്ട് വിട്ടിരിക്കുകയാണ്”. ഇത് അതിസമർത്ഥമായ ഒരു പ്രതിരോധ തന്ത്രമാണ്. നിങ്ങളുടെ തട്ടകത്തിലുള്ളവരെ കണ്ടുമുട്ടിയാലും ആരായും ഃ “എന്താ, നിങ്ങളൊക്കെക്കൂടി അയാളെ ഒറ്റപ്പെടുത്തി, അല്ലേ?”
ഉൺമയുടെ ശബ്ദം ഒറ്റപ്പെട്ടതാണ്. പൊതുവായ ചിന്താപ്രവാഹത്തിന്റെ നേർവിപരീതം. ഇവിടെ സത്യങ്ങൾ താമരപ്പൂപോലെ വിടരുന്നു. ഈ വിടർച്ചയാണ് കാലത്തിനാവശ്യം.
രണ്ടുവർഷംമുമ്പ്, ഒരു രാത്രി ചെറായിയിലെ സഹോദരൻ അയ്യപ്പൻ സ്മാരകപരിസരത്ത് അകപ്പെട്ടു. ഒരു മരച്ചുവട്ടിലിരിക്കെ അടുത്തുവന്ന ഒരു കിറുക്കൻപയ്യൻ ‘കവിശ്രേഷ്‌ഠാ’ എന്ന് സംബോധന ചെയ്തു. എന്നിട്ട് അവൻ പറഞ്ഞത് ത്രിഫലചൂർണ്ണത്തിന്റെ ഗുണഗണങ്ങൾ! ഇത് കാലത്തിനാവശ്യമായ ഒരു വൈദ്യചികിത്സയാകുന്നു. അതിനിടയ്‌ക്ക്, സ്മാരകഹാളിൽ അന്നത്തെ ഒരു മന്ത്രി പ്രസംഗം തകർക്കുകയായിരുന്നു. “സഹോദരൻ അയ്യപ്പൻ വിമതനായിരുന്നു. ഇന്ന് വിമതശബ്ദങ്ങൾ ഉയരുന്നില്ല. അതാണ് നമ്മുടെ കെടുതിയും. വിമതശബ്ദങ്ങൾ ഉയരണം” ഇതാണ് അധികാരത്തിന്റെ അധരവ്യായാമം. പ്രബലമായ ഒരു ‘രാഷ്‌ട്രീയകൂട്ട’ത്തിന്റെ പ്രതിനിധിയാണ് ഈ മന്ത്രി. ഇവരുടെ മുന്നിൽ ചെന്നു നിന്ന് ഒരു ‘വിമതശബ്ദം’ ഉയർത്തി നോക്കൂ ; മുടിച്ചുകളയും! അധികാരസമൂഹത്തിന്റെ ‘സാമാന്യമര്യാദ’യളക്കാൻ കുറേനാളായി ഒരു ‘പരീക്ഷണം’ നടത്തിവരികയാണ്. ആർക്കും അവരവരുടെ പരീക്ഷണോപായം അവലംബിക്കാം. ഫലം പറഞ്ഞുതരാം; സാമാന്യമര്യാദ തൊട്ടുതെറിക്കാത്തവരാണ്, ജനാധിപത്യഭരണാധികാരികളിൽ ബഹുഭൂരിപക്ഷവും; രാഷ്‌ട്രീയ നേതാക്കളിൽ ബഹുഭൂരിപക്ഷവും.
ഈയൊരു കാലപരിതസ്ഥിതിയിൽ ‘ബുദ്ധിജീവി’കൾ സുരക്ഷാമാർഗങ്ങൾ അവലംബിക്കുന്നു. അതിൽ ഏറ്റവും മികച്ചതാണ് ‘മൃദുലമായ’ ഏഷണി. ഇതിലൂടെ ലക്ഷ്യമിടുന്നത് ഒരു കശാപ്പാണ്. ഉൺമയ്‌ക്കെതിരെ നിരന്തരം ഏഷണി പരത്തിനടക്കുന്ന ഒരുത്തനെ എനിക്കറിയാം. പലർക്കും അറിയും. മനസ്സ്; അതാണ് പ്രധാനം. ചിലരുടെ മനസ്സ് ഒരുകാലത്തും നേരെയാവില്ല. വിട്ടുകളഞ്ഞേക്കുക.
ഏഷണിമൂലം ഒരു ‘ജ്വലന’വും അടങ്ങില്ല. സൂര്യോദയം തടഞ്ഞുനിർത്താൻ ഏത് ഏഷണിക്കാവും?
കെട്ടിപ്പുണർന്നുള്ള ഷോഷയാത്രകൾക്കെതിരെ ഒറ്റപ്പെട്ടവന്മാർ ചിലപ്പോൾ നടന്നുപോകും. ക്രുദ്ധഭാവത്തോടെ അവരെ നോക്കിയിട്ടൊന്നും കാര്യമില്ല. അവർ അങ്ങനെ നടന്നുപോകും.
Generated from archived content: essay3_may15_07.html Author: karur_sasi