ഈ കവിക്ക് ഈയിടെ ഒരു ആഗ്രഹം ജനിച്ചു. തിരുവനന്തപുരത്തെ ‘തിങ്കൾ’ എന്ന പർണശാലയിൽ രണ്ട് തേനീച്ചക്കൂട് സ്ഥാപിക്കണം. ധാരാളം പടർപ്പുകളും പൂക്കളും; അവ കണ്ടകണ്ടങ്ങിരിക്കുന്നു. രാവിലെ കരിവണ്ടുകളും ശലഭങ്ങളും കണ്ണുകുത്തിപ്പൊട്ടിക്കാൻ വരും. അത്രയ്‌ക്കുണ്ട്, തേൻ നുകരാനുളള ആർത്തിയും ഇരമ്പവും.
കവിയുടെ ‘ഭൗതികാഗ്രഹങ്ങൾ’ ചുരുങ്ങിച്ചുരുങ്ങി തേനീച്ചക്കൂടിൽ മാത്രം ഒതുങ്ങുക! കലാമണ്ഡലം ചെയർമാനാകുമെന്നൊക്കെ, ആന്റണി മുഖ്യമന്ത്രിയായപ്പോൾ പത്രങ്ങൾ എഴുതി. ‘ഞാനറിയാതെ ഒരു ചെയർമാനോ?’-സാംസ്‌കാരിക മന്ത്രി ജി.കാർത്തികേയൻ ചന്ദ്രഹാസം ഇളക്കി. കലാമണ്ഡലം ചെയർമാൻപദം പോയിട്ട്, ഒരു സാദാ അക്കാദമിയിലോ സാദാ സ്‌മാരകത്തിലോ ഒരു സാദാ അംഗം പോലുമായില്ല. ആന്റണിയുടെ തിരിച്ചറിവ്! ‘ആന്റണി മുഖ്യമന്ത്രിയാകണം’ എന്നു കാലേകൂട്ടി വാദിച്ച കാർത്തികേയന്റെ ഇംഗിതങ്ങൾക്ക് വിപരീതം നില്‌ക്കുവാൻ ആന്റണിക്കാവുമോ? അതുകൊണ്ട് “ഒന്നും മനഃപൂർവ്വമല്ല” എന്ന് ആന്റണി ഈയുളളവന് എഴുതി!
അതുമുതൽക്ക് ഈയുളളവന്റെ ‘ഭൗതികാഗ്രഹം’ തേനീച്ചക്കൂടിൽ ഒതുങ്ങി. ഒരു തേനീച്ചക്കൂട് സ്ഥാപിക്കണമെങ്കിൽ, ഒരു പൗരൻ അനുഭവിക്കേണ്ടിവരുന്ന വ്യഥകൾ! കുറുക്കുവഴി ആരാഞ്ഞു. അപ്പോഴാണ്, ചിരകാലസുഹൃത്ത് കെ.സി.രാജൻ ഖാദിബോർഡ് വൈസ്‌ചെയർമാൻ ആണെന്ന കഥ ഓർത്തത്. തേനീച്ചകളും അദ്ദേഹത്തിന്റെ അധികാരപരിധിയിൽ വരും. ഫോൺ കറക്കി; ഇംഗിതം അറിയിച്ചു- എന്റെ വീട്ടിൽ രണ്ട് തേനീച്ചക്കൂടുകൾ സ്ഥാപിച്ചുതരണം! രാജൻ പൊട്ടിച്ചിരിച്ചു. ഫോൺ നമ്പർ കുറിച്ചെടുത്തു. കുശലങ്ങൾ പറഞ്ഞു. രാജന്റെ ഭാര്യ എൽ.കെ.ശ്രീദേവി, ‘വീക്ഷണം’ പത്രത്തിൽ എന്റെ ‘ശിഷ്യ’യായിരുന്ന കാര്യം അനുസ്‌മരിച്ചു. മക്കളുടെ വിശേഷങ്ങൾ അറിയിക്കലും, ഇതാണ് ലോകനടപ്പ്! ഏത് നിമിഷവും രണ്ട് തേനീച്ചക്കൂടുകൾ ഈ തിങ്കളിൽ വന്നുകയറും എന്ന് പ്രതീക്ഷിച്ച് ഞാൻ കാത്തിരുന്നു, ഇതേവരെയും വന്നില്ല!
പൂക്കൾ കൊഴിഞ്ഞു, കരിവണ്ടുകൾ പോയി. ശലഭങ്ങളെ കാണാനില്ല. തേനീച്ചകൾ എവിടെ മറഞ്ഞു…?
എഴുത്തച്ഛൻ അവാർഡൊന്നും വേണ്ട; രണ്ട് തേനീച്ചക്കൂടുകൾ മാത്രംമതി എന്ന് വിചാരിച്ചിട്ടും സാധിച്ചുതരാത്ത യു.ഡി.എഫ് സംവിധാനം! മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കാണെങ്കിൽ ഈയുളളവനെ ഇന്നും മുഖപരിചയമില്ല; അഞ്ചുവർഷക്കാലം ഈയുളളവൻ ‘വീക്ഷണം’ പത്രത്തിന്റെ അമരക്കാരനായിരുന്നിട്ടും! ആന്റണി ഭരണമേറ്റപ്പോൾ ഒരു തമ്പാനൂർ രവിയോ മറ്റോ ഒരു കരൂർ ശശിയുടെ കാര്യം ചെവിയിൽ മന്ത്രിച്ചിരിക്കണം. പക്ഷെ, മലയാളമനോരമയുടെ ‘ബാലനായകൻ ഉമ്മൻചാണ്ടി’യുണ്ടോ കരൂർ ശശിയെ അറിയുന്നു!
അതാണ് ‘തിരിച്ചറിവ്’ എന്നു പറയുന്നത്! ഒരു സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ‘ഭരണനായകൻ!’ ഒക്കെപ്പോട്ടെ; എവിടെ, എനിക്കുതരാം എന്നുപറഞ്ഞ രണ്ട് തേനീച്ചക്കൂട്? ഖാദിബോർഡ് വൈസ്‌ചെയർമാൻ കെ.സി.രാജൻ മറുപടി പറയണം.
Generated from archived content: essay3_jan.html Author: karur_sasi