എല്ലാം വിറ്റുകഴിയുമ്പോൾ

സകലതും വിറ്റുതുലയ്‌ക്കാൻപോകുന്നു. പലതും വിറ്റുകഴിഞ്ഞിരിക്കുന്നു; തന്ത്രപൂർവം, അതീവരഹസ്യമായി. നമ്മുടെ പൈതൃകം, സംസ്‌കൃതി- അംശാംശമായി അവകൂടി അന്യാധീനമായിക്കൊണ്ടിരിക്കുന്നു. എ.ഡി.ബി, ഗ്ലോബൽ ഇൻവെസ്‌റ്റ്‌മെന്റ്‌- ഈ സംജ്ഞകളുടെ മറവിൽ നാം അനുദിനം അനുനിമിഷം അന്യരായിക്കൊണ്ടിരിക്കുന്നു. രഹസ്യമറകൾ ഭേദിച്ച്‌ ഇതിനകം പുറത്തുവന്നിരിക്കുന്നത്‌ മലമ്പുഴ അണക്കെട്ടിന്റെയും പെരിയാറിന്റെയും വില്‌പനയാണ്‌. സംശയ-വിമർശന ദുരീകരണത്തിന്‌ പുകമറകൾ സൃഷ്‌ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഓരോരോ സാങ്കേതിക സംജ്ഞകൾ ദിനംപ്രതി അരങ്ങേറിക്കൊണ്ടിരിക്കുന്നു. മാധ്യമങ്ങൾ ലഹരിയുടെ കുത്തൊഴുക്കിലാണ്‌. നാം നശിച്ചുകൊണ്ടിരിക്കുന്നത്‌, അവർ നമ്മെ അറിയിക്കുന്നതുപോലും ഒരുതരം ഹർഷോന്മാദത്തോടെയാണ്‌. നിർല്ലജ്ജമായ അധികാരമുഖങ്ങൾ ദൃശ്യമാധ്യമങ്ങൾ അവിരാമം കാട്ടിക്കൊണ്ടിരിക്കുന്നു. മുഖങ്ങൾക്കാകെയും ആഗോളീകരണത്തിന്റെയും ഐ.ടി വിപ്ലവത്തിന്റെയും സാങ്കേതിക-സൗന്ദര്യപ്പൊലിമ വർദ്ധിച്ചിരിക്കുന്നു. മുഖകാന്തി നാട്ടുകാരെ അറിയിക്കാൻ സ്വന്തംചെലവിൽ ചില അധികാര വൈകൃതങ്ങൾ ‘പോസ്‌റ്റർ വിപ്ലവം’ പോലും സംഘടിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. മുഖ്യ മുഖമുൾപ്പെടെ അധികാരമുഖങ്ങളെല്ലാം ഇപ്പോൾ, ആനന്ദലേപനത്തിൽ കുളിച്ചിരിക്കുകയാണ്‌. കാരണം, ഭരണം എന്ന വിയർപ്പൊഴുക്കൽ വേണ്ടേവേണ്ട! ആരൊക്കെയോ ആയി ചില ധാരണാപത്രങ്ങൾ ഒപ്പിട്ടാൽ മാത്രംമതി. പിന്നെ, ഊഴംവെച്ച്‌ മാധ്യമക്കാരെ കാണൽ; പ്രഖ്യാപനങ്ങൾ! മുഖകാന്തികൾ ഒപ്പിയെടുത്ത്‌ നാട്ടുകാരെ കാണിക്കാൻ ദൃശ്യമാധ്യമങ്ങൾ മത്സരമാണ്‌. അമ്പേ! – ഓരോ മുഖത്തിനുമുന്നിലും അണിനിരക്കുന്ന മൈക്കുകളുടെ നിര കണ്ടില്ലേ? എമ്പാടും തയ്യാറെടുത്ത്‌, എന്തിനും പോന്നമട്ടിൽ നിരന്നുനില്‌ക്കുന്ന ടി.വി ക്യാമറകൾ കണ്ടില്ലേ? ഭരണാധികാരിയുടെ ഓരോ ജല്‌പനത്തെയും അഭിനന്ദിച്ചു ചിരിച്ചഭിനയിച്ചുകാട്ടി, അധികാരമുഖത്തോടൊപ്പം ടി.വി. സ്‌ക്രീനുകളിൽ വരാൻ മത്സരിക്കുന്ന നിർല്ലജ്ജമായ മാധ്യമ ലേഖകമുഖങ്ങൾ കണ്ടില്ലേ? വിമർശനമോ സേവകത്വമോ!- ഏതാണ്‌ ‘സ്വത്വം’ എന്നറിഞ്ഞുകൂടാത്ത മാധ്യമലേഖകപ്പരിഷ!- എല്ലാംകൂടിചേർന്ന്‌ നമ്മുടെ ജനാധിപത്യസംവിധാനത്തെ ‘അബ്‌സേർഡ്‌ ഡ്രാമ’യാക്കുമ്പോൾ, ജനജീവിതത്തിന്റെ മറുപുറം കൊടുംദുരന്തത്തിന്റെ കഥകളാണുരയ്‌ക്കുന്നത്‌; ഭീകര നരകദൃശ്യങ്ങളാണ്‌ കാട്ടിത്തരുന്നത്‌. കൊടുംപട്ടിണി, മാരകരോഗങ്ങൾ, അഴുക്കുചാലുകൾ, ആത്മഹത്യകൾ, കൊലപാതകങ്ങൾ, ശൈശവപീഡനങ്ങൾ, മാനഭംഗങ്ങൾ, ലൈംഗിക ചൂഷണങ്ങൾ, മോഷണങ്ങൾ, അധോലോക പരാക്രമങ്ങൾ, കടബാധ്യതകൾ, കാർഷിക വിലത്തകർച്ചകൾ, പരമ്പരാഗത വ്യവസായ വേദനകൾ…

ഇ.ഡി.ബി. വായ്‌പാ വിനിയോഗവും ഗ്ലോബൽ ഇൻവസ്‌റ്റ്‌മെന്റ്‌ പ്രക്രിയയും പൂർത്തിയാകുമ്പോൾ ഇവിടെ ജീവിക്കാൻ ബാക്കിയുണ്ടാവുക ആരൊക്കെയാവും? മൂന്നാംകിടക്കാരെക്കൊണ്ട്‌ ബൗദ്ധിക-സാംസ്‌കാരിക വിപ്ലവം നടത്തിക്കുന്ന മാധ്യമരാജാക്കൾ, കൂലിയെഴുത്തുകാരായ കുറെ പരിഷ്‌കാരികൾ, പെഴ്‌സണൽ സ്‌റ്റാഫിനെ ഉപയോഗിച്ച്‌ പേരും പ്രബുദ്ധതയും വീർപ്പിക്കുന്ന മന്ത്രിപ്പരിഷകൾ, അവരുടെ പാദപാംസുക്കൾ ചുംബിച്ചു നിർവൃതിയടയുന്ന സാംസ്‌കാരിക നേതാക്കളും അവർക്കു പാട്ടത്തിനു പതിച്ചുകൊടുത്ത സ്ഥാപനങ്ങളും, പണത്തിന്റെയും ലൗകിക സുഖങ്ങളുടെയും ഭാരംപേറി, എന്തുവേണമെന്നറിയാതെ എന്തും കാട്ടിക്കൂട്ടുന്ന കുറെ ബ്യൂറോക്രാറ്റുകൾ, ‘ഇംഗ്ലീഷ്‌ മലയാലം’ പറഞ്ഞുവിലസുന്ന കൊച്ചമ്മമാർ, ‘ഫോറിൻഗുഡ്‌സ്‌’ മാത്രം നിരന്നുകുമിയുന്ന ഷോപ്പിംഗ്‌ കോംപ്ലക്‌സുകൾ, ശൗചത്തിനുപോലും വിലകൊടുത്തുവാങ്ങുന്ന വിലകൂടിയ കോളകൾ-ഹായ്‌, ദൈവത്തിന്റെ ഈ സ്വന്തം നാട്‌! മോഹൻലാൽ ഒരു പരസ്യത്തിൽ പറയുന്നതുപോലെ, ‘ദൈവത്തിന്റെ ഈ സ്വന്തം നാ​‍േ​‍േടേ…’

Generated from archived content: essay2_mar20.html Author: karur_sasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English