ആയുസ്സ്‌ ദീർഘിപ്പിക്കാൻ

ചില പുരാതനന്മാരെ എവിടെയെങ്കിലും വെച്ച്‌ വല്ലപ്പോഴും സന്ധിക്കും. നിർവ്യാജമായ ചിരിയും കുശലപ്രശ്‌നങ്ങളും. കവിത? അതെ; പരസ്‌പരമുളള തിരിച്ചറിവും ആദരവും സൂക്ഷിക്കുന്നു. കയർത്തിട്ട്‌ കാര്യമില്ല. ചിരിയും സൗഹൃദവും കൈമോശം വരാതെ സൂക്ഷിക്കുക. കൂട്ടായ്‌മകളും സഹയാത്രകളും? അതിനൊക്കെ ഇപ്പോൾ സമയമെവിടെ? കൂട്ടായ്‌മകളുടെ സ്വഭാവമേ മാറിപ്പോയിരിക്കുന്നു. പരസ്‌പരം മിണ്ടാട്ടമില്ല. പാർട്ടി ലൈനിൽക്കൂടി ചരിച്ചു ചരിച്ച്‌ ചിലർ ചിരിയേ മറന്നുപോയിരിക്കുന്നു. അന്നൊക്കെ ചില സാഹിത്യസദസ്സുകൾക്ക്‌ പോയി മടങ്ങുമ്പോൾ, ചില ഇടത്താവളങ്ങളിൽ പുഴുങ്ങിയ കപ്പയും കാച്ചിലും ലേശം നാടൻ ചാരായവും. ആ പൊട്ടിച്ചിരികൾക്കും സല്ലാപങ്ങൾക്കും എന്തൊരഴകായിരുന്നു! വിമർശനങ്ങൾ, ആസ്വാദനങ്ങൾ, നർമ്മങ്ങൾ, വരിമൂളലുകൾ. ഇന്ന്‌ അതൊക്കെ മാറി. സ്വന്തം ബാഗുകളിൽ മിനറൽവാട്ടർ കരുതും. അണ്ടിപ്പരിപ്പോ മറ്റോ ഇടയ്‌ക്കിടെ കൊറിച്ചാലായി. അതാണ്‌ പാർട്ടി ലൈൻ. ഒന്നും വിട്ടുപറഞ്ഞുകൂടാ. ഗൗരവപ്പൊലിമ. സാഹിത്യത്തിന്റെയും കലയുടെയും ആകാരവടിവുകൾക്ക്‌ എന്തൊരു മാറ്റം! ചലച്ചിത്ര-സീരിയൽ ശില്‌പികൾ തിരുകിക്കയറ്റുന്ന ‘സ്യൂഡോ ഇന്റലക്‌ച്വൽ’ നുറുങ്ങുകൾ! രാത്രിയിലെ പെഗ്ഗ്‌; പിന്നെ സെൻബുദ്ധിസം! ലിപ്‌സ്‌റ്റിക്‌ തേച്ച പെണ്ണുങ്ങളുടെ അടുക്കളക്കരച്ചിലുകൾക്ക്‌ മേമ്പൊടിയായ ഇന്റർനാഷണൽ ഡയലോഗുകൾ! വീടുകൾ നിരങ്ങി കുശുമ്പും നുണയും വിറ്റാലും ബൗദ്ധിക പരിവേഷത്തിന്‌ കോട്ടമില്ല. സ്വയം പ്രശംസിക്കാനും മറ്റുളളവരെക്കൊണ്ട്‌ പ്രശംസിപ്പിക്കാനും എന്തെല്ലാം ആധുനിക മാർഗ്ഗങ്ങൾ! പതിന്നാലാം വയസ്സിലേ പരിശീലനവും പ്രയോഗവും തുടങ്ങണമെന്നുമാത്രം. ആരാധ്യ വിഗ്രഹങ്ങളെ പ്രശംസിച്ചുപോലും പേരും പെരുമയും ആർജ്ജിക്കാൻ കഴിയുന്ന വിവരസാങ്കേതിക വിപ്ലവം! ബൗദ്ധിക-സാംസ്‌കാരിക വിഗ്രഹമാകാൻ ആത്മാവിന്റെ കാൽകാശ്‌ ചെലവില്ല. ലോകത്തുനടക്കുന്ന എന്തിനെയും കയറിപ്പിടിച്ച്‌ പ്രശസ്‌തി നേടിക്കളയുന്നു. മാധ്യമങ്ങൾ എന്ന കോമാളിപ്പട സദാ ജാഗരൂകം. എന്തെന്ത്‌ തമാശകളാണ്‌ ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്‌. മെഗാ-സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിൽ ചെന്ന്‌ ലക്ഷങ്ങൾ വാരിയെറിഞ്ഞ്‌ ചികിത്സിക്കുകയൊന്നും വേണ്ട. ആരോഗ്യമല്ലേ വേണ്ടൂ? ചുറ്റുപാടും നടക്കുന്നത്‌ വെറുതെ നിരീക്ഷിക്കുക. സെൻബുദ്ധിസവുമൊന്നും കൂടാതെതന്നെ ആരോഗ്യം താനേ വന്നുകൊളളും. ഭരണാധികാരികളുടെ മുഖഭാവങ്ങളും ചേഷ്‌ടകളും ടി.വി.ചാനലുകളിലൂടെ ശ്രദ്ധിച്ചാൽ മാത്രം മതിയാകുമല്ലോ ആയുസ്സ്‌ മുഴുവൻ ചിരിക്കാനും ആയുസ്സ്‌ നിലനിർത്തുവാനും! ബൗദ്ധിക ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത്‌ പ്രസംഗിച്ചും പ്രസ്‌താവന നടത്തിയും ആയുസ്സിന്റെ അന്ത്യത്തോടടുക്കുന്നു ചിലർ. അവരുടെ സ്ഥാനം ഏറ്റെടുക്കുവാൻ അഞ്ചും പത്തുമെന്നല്ല, നൂറുകണക്കിനല്ലേ വക്രജീനിയസ്സുകൾ തെഴുത്തുവരുന്നത്‌!

Generated from archived content: essay1_sep.html Author: karur_sasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here