അസ്‌തിത്വദുഃഖം

എം. മുകുന്ദൻ പണ്ട്‌ ദില്ലിയിലിരുന്നുകൊണ്ട്‌ ഒരു വിശേഷാൽപ്രതിക്ക്‌ (കുങ്കുമം വിശേഷാൽപ്രതി എന്നാണ്‌ ഓർമ്മ) എഴുതിയ കഥ തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌ഃ “ഈ കഥയിലെ നായകൻ പി.ആർ. ശ്യാമളയുടെയും പെരുമ്പടവം ശ്രീധരന്റെയും കഥകളേ വായിക്കൂ.” (ഓർമ്മയിൽനിന്ന്‌) അടുത്തവർഷത്തെ വിശേഷാൽ പ്രതിയിൽ ശ്യാമള ഒരു കഥ എഴുതിഃ ‘ഓന്ത്‌’ എന്നാണ്‌ കഥയുടെ പേര്‌. അതിന്റെ തുടക്കം ഇങ്ങനെഃ “ഈ കഥയിലെ നായകൻ എം.മുകുന്ദന്റെ കഥകളേ വായിക്കൂ.”

വിശേഷിച്ച്‌ കാരണമൊന്നും കൂടാതെ ഇത്തരം ഓർമ്മകൾ പുറത്തുവിടുന്നത്‌ മനസ്സിന്റെ ഒരു തമാശ. എം. മുകുന്ദനെ ഒരിക്കലും ഞാൻ നേരിൽ കണ്ടിരുന്നില്ല. എന്നാൽ, ചില പരോക്ഷവഴികളിൽ ഞങ്ങൾ പരസ്‌പരം അറിഞ്ഞിരുന്നു. മുകുന്ദൻ കേരളസാഹിത്യ അക്കാദമി പ്രസിഡന്റായെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. ഒരു അഭിനന്ദനക്കത്ത്‌ മയ്യഴിയിലെ വിലാസത്തിലേക്കയച്ചു. മറുപടി വന്നില്ല. പിന്നീട്‌ അക്കാദമിയിൽവെച്ച്‌ ഞങ്ങൾ പരസ്‌പരം കണ്ടു. കത്തയച്ചിരുന്ന കാര്യം ഞാൻ ഓർമ്മിപ്പിച്ചു. “കിട്ടി, നന്നായി” എന്നദ്ദേഹം പറഞ്ഞു. എന്റെ ഒരു കുസൃതി വാചകംഃ “മഹാത്മാഗാന്ധിക്കോ ജവഹർലാൽ നെഹ്‌വുവിനോ ഒരു കത്തയച്ചാൽ തീർച്ചയായും മറുപടി കിട്ടും.” മുകുന്ദൻ ഉവാചഃ “അതിന്‌ അവർക്ക്‌ സെക്രട്ടറിമാർ ഉണ്ടായിരുന്നു.” എനിക്ക്‌ നന്നേ രസിച്ചു. രസം കൂടുമ്പോൾ ഭാവന കാടുകയറും. എം.ടി.വാസുദേവൻ നായരോ അദ്ദേഹത്തെപ്പോലുളളവരോ ഒരു കത്തയച്ചാൽ, മറുപടി എഴുതിക്കാൻ മുകുന്ദൻ സെക്രട്ടറിമാരെ തേടി ഓടുന്നത്‌ ഞാൻ ഭാവനയിൽ കണ്ടു. ഒരുപാട്‌ ചിരിക്കാൻ അതു മതിയായിരുന്നു. രണ്ടുമൂന്നുദിവസം നിർത്താതെ ചിരിച്ചു. ഭാര്യ മാധവിക്കുട്ടി ചോദിച്ചുഃ “എന്താ ഭ്രാന്തെടുത്തോ?” എന്റെ മറുപടി ഇതായിരുന്നുഃ “ചിലപ്പോൾ ഭ്രാന്ത്‌ നന്നാണ്‌; നോർമൽ അവസ്ഥയെ എപ്പോഴും ഭയപ്പെടണം.”

അക്കാദമിയുടെ ചുറ്റുവട്ടത്താണ്‌ ഞാൻ താമസിക്കുന്നതെന്ന്‌ മുകുന്ദനറിയാം. ആര്‌ എവിടെ താമസിച്ചാൽ മുകുന്ദനെന്ത്‌? പക്ഷേ, സാഹിത്യ അക്കാദമി പ്രസിഡന്റായ ഒരാൾക്ക്‌ അതുപോരല്ലോ! അക്കാദമിയിൽ വെച്ച്‌ പിന്നീട്‌ ഒന്നുരണ്ടു തവണ മുകുന്ദനെ ഞാൻ മിന്നായം പോലെ കണ്ടു. എന്നെയും കണ്ടുകാണണം. ആരൊക്കെ ആരെയെല്ലാം കാണുന്നു. എന്നുവച്ച്‌ മിണ്ടണം എന്നും ചിരിക്കണം എന്നുമുണ്ടോ?

ഇതിനെയാണ്‌ ‘അസ്‌തിത്വദുഃഖം’ എന്നു പറയുന്നത്‌, സുഹൃത്തേ!

Generated from archived content: essay1_aug8_08.html Author: karur_sasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here