ജലദോഷം

ജലദോഷം പിടിപെട്ടാൽ മൂക്കെരിച്ചിൽ, തുമ്മൽ. വിട്ടുമാറാത്ത ജലദോഷമെങ്കിൽ മൂക്കെരിഞ്ഞുകൊണ്ടേയിരിക്കും, തുമ്മിക്കൊണ്ടേയിരിക്കും.

ജലദോഷത്തെക്കുറിച്ചുമാത്രം കഥകളെഴുതുന്ന വ്യക്തിയോട്‌ പണ്ടുമുതൽക്കേ സ്നേഹമായിരുന്നു. നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല. നേരിട്ടറിയാവുന്ന സുഹൃത്ത്‌ ദശാബ്ദങ്ങൾക്കുമുമ്പേ, തലസ്ഥാനത്തു നിന്ന്‌ എഴുതിയറിയിച്ചിരുന്നു, ഈ ജലദോഷം വെറും ഭാവനയല്ല, യാഥാർത്ഥ്യം തന്നെയെന്ന്‌. അക്കാലത്തെ മുഖ്യധാരാപ്രസിദ്ധീകരണങ്ങളുടെ താളുകൾ മറിക്കുമ്പോൾ തന്നെ വായനക്കാർ തുമ്മിത്തുടങ്ങുമായിരുന്നു – പകർച്ച! സാഹിത്യരംഗത്ത്‌ ജലദോഷം ഒരു ‘കൾട്ട്‌’ ആയിത്തീർന്നത്‌ അങ്ങനെയാണ്‌. ജലദോഷം ഒരു ജീവിതശെലിയും ജീവദർശനവുമായി. ജലദോഷത്തെ മറയ്‌ക്കാനും മറക്കാനും പാകത്തിൽ പിന്നീട്‌ പലവിധ രോഗങ്ങൾ നിലവിൽവന്നു; പരിഷ്‌കൃത നാമധേയങ്ങളിൽ. മോസ്‌റ്റ്‌ കോംപ്ലിക്കേറ്റഡ്‌ ഡിസീസസ്‌. ഓരോന്നിന്റെയും പേരുകേട്ടാൽ തന്നെ മനസ്സിൽ ബഹുമാനം നിറയും. സമൂഹത്തിന്റെ ജീവിതശൈലിതന്നെ ആ പേരുകളുമായി സാത്മ്യം പ്രാപിച്ചു. അങ്ങനെയാണ്‌ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ നിലവിൽവന്നത്‌. ഇന്നിപ്പോൾ എത്രയെത്ര രോഗങ്ങൾ! രോഗങ്ങളുടെ ഉത്സവമേളകളാണ്‌ എവിടെയും. സ്പോൺസർഷിപ്പ്‌ സഹിതമാണ്‌ മാധ്യമങ്ങൾ ആഘോഷിക്കുന്നത്‌.

ഇതിനിടയ്‌ക്കാണ്‌, ജലദോഷത്തെ നേരിൽ കാണാനുള്ള ഭാഗ്യമുണ്ടായത്‌. തിരക്കിട്ട്‌ അടുത്തുചെന്നു. സ്വയം പരിചയപ്പെടുത്തി.

“എനിക്കറിയാം…” പറഞ്ഞുതുടങ്ങിയതും തുമ്മൽ! കർചീഫ്‌ കൊണ്ട്‌ മൂക്കുതുടച്ചു പിന്നീടൊന്നും പറയാൻ കഴിഞ്ഞില്ല. ഈ മൂക്കെരിച്ചിലും തുമ്മലും തീർന്നിട്ട്‌ എന്തെങ്കിലും പറയാം എന്നു കരുതണ്ട. തിരിഞ്ഞുനടന്നു. രണ്ടു ചുവടുവെച്ചില്ല; എനിക്കും മൂക്കെരിച്ചിൽ തുടങ്ങി. കർചീഫ്‌ കൈവശമില്ല. തുമ്മലടക്കാൻ പാടുപെട്ടു.

Generated from archived content: eassay4_novem5_07.html Author: karur_sasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here