മാറാടേ, നിൻ മാറിൽകത്തും ചോര
നീറിപ്പിടയ്‌ക്കുന്നിതെങ്ങൾ മാറിൽ
ആറുന്നിതെന്നാകാമിക്കുരുതി-
ച്ചൂരും ചൊരുക്കും കരൾപ്പരുക്കും
വാളെടുത്താരെ നീ വെട്ടിയാലും
ആളതു ജ്യേഷ്‌ഠനനുജൻ പുത്രൻ
നിന്നെപ്പോലമ്മപെങ്ങന്മാരുളേളാൻ
കന്നിപ്പെൺകൈയും പിടിച്ചുവന്നോൻ
കുഞ്ഞിക്കാൽ കാണ്മാൻ കൊതിച്ചിരിപ്പോൻ
നെഞ്ഞിൽ കിനാക്കൾ തളിർത്തു പൂത്തോൻ
എന്തിനാ മാറിൽ നീയാഴ്‌ത്തി കത്തി
എന്തിനാ സ്വപ്‌നങ്ങൾ കൊയ്‌തടർത്തി
എന്തുനേട്ടം സൗഖ്യമാർന്നുവോ നീ!
ചിന്തിക്ക കൊല്ലായ്‌ക തമ്മിൽത്തമ്മിൽ.
Generated from archived content: aug_poem10.html Author: kalamandalam_kesavan