മലമയങ്ങുന്നു മാനം മയങ്ങുന്നു
മനം മയങ്ങുന്നു കാടുലയുന്നു
ഉടലുലയുന്നു ഉയിരുലയുന്നു.
മല ചൊരുക്കുന്നു മരം ചൊരുക്കുന്നു
മനം മറിയുന്നു മല കറങ്ങുന്നു
മാനം കറങ്ങുന്നു തല കറങ്ങുന്നു
തലയറഞ്ഞാടി തകർത്തുതുളളടീ
കുരുത്തം കെട്ടോളേ
മുല തുളളിച്ചാടിക്കളിച്ചു പാടടീ
തെറിച്ചതേങ്കാളീ തുടിമുഴക്കിക്കൊ-
ണ്ടടുത്തുകൂടടാ പൊടിമീശക്കാരാ
കുടിമൂപ്പന്മാരും കുടിച്ചുകൂത്താടി
തിമർത്തുപാടുന്നു കുളക്കോഴിപ്പെണ്ണേ
കുണുങ്ങി വാ- നിന്റെ കുരവ കേക്കട്ടെ.
മരത്തിൽ ചേക്കേറി മയങ്ങും കൂട്ടുകാർ
ഇളകിയാർക്കുന്നു മരത്തിന്റെ കൊമ്പു-
കുലുക്കിയെത്തുന്നു വിരുതൻ തൈക്കാറ്റ്
കുളത്തിലെ വരാൽ കളത്തിൽ നീന്തുന്നു
കളിയിതെന്താവോ?
ഇടിമിന്നൽപോലെ ഇടയ്‌ക്കിടെ വെട്ടം
തെളിഞ്ഞുമായുന്നു
പുകിലുപൂക്കുന്നു പുതിയ പൂതികൾ
വലയിലെന്താവോ? വലയിലാരാവോ?
(കടമ്മനിട്ട രാമകൃഷ്‌ണൻ ഏറ്റവും ഒടുവിലെഴുതിയ കവിത)
Generated from archived content: poem1_july4_08.html Author: kadamanitta_ramakrishnan