സംവരണ വിരുദ്ധസമരം മറ്റൊരു അധാർമ്മികത

സ്വതന്ത്രഭാരതത്തിൽ സമീപകാലത്തുണ്ടായതും വളരെ വാർത്താപ്രാധാന്യം നേടിയതുമായ ഒരു സമരമാണ്‌ സംവരണ വിരുദ്ധസമരം. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ഒരു വലിയ വിഭാഗത്തിന്‌ അല്‌പം സാമൂഹ്യനീതി ലഭിക്കുന്നതിന്‌ സംവരണതത്വത്തിലൂടെയാണ്‌. ഭൂമി, സമ്പത്ത്‌, വീട്‌ എന്നീ അടിസ്ഥാനതത്വങ്ങൾ ഇന്നും മേലാളർക്കു തന്നെ. കീഴാളരുടെ ഉയർത്തെഴുന്നേല്‌പ്‌ ഇന്നും മരീചികയാണ്‌. വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന ഔദ്യോഗിക ജീവിതമാണ്‌ അവനെ നേരിയതോതിലെങ്കിലും മുഖ്യധാരയിലേക്ക്‌ നയിക്കുന്നത്‌. ഭരണഘടനാശില്‌പികൾ വളരെ ദീർഘവീക്ഷണത്തോടെയും സാമൂഹ്യ കാഴ്‌ചപ്പാടിലൂടെയുമാണ്‌ സംവരണതത്വം ഉറപ്പാക്കിയത്‌. ഇന്ത്യയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നേരത്തെതന്നെ സംവരണതത്വം പാലിച്ചിട്ടുണ്ട്‌. പല കമ്മീഷനുകളും ദളിത്‌ പിന്നോക്കക്കാരുടെ അവസ്ഥകളെ തൊട്ടറിയുകയും ഈ വിഭാഗങ്ങളുടെ ഉന്നമനത്തിന്‌ സംവരണം മുഖ്യതത്വമായി അംഗീകരിക്കാൻ കേന്ദ്രഗവൺമെന്റുകളോട്‌ റിപ്പോർട്ടിലൂടെ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. ഏറ്റവും അവസാനം വന്ന മണ്ഡൽകമ്മീഷനും 27 ശതമാനം സംവരണം നല്‌കാൻ ശുപാർശ ചെയ്യുകയുണ്ടായി. നിർഭാഗ്യമെന്നു പറയട്ടെ, ആ ഗവൺമെന്റ്‌ തന്നെ അട്ടിമറിക്കപ്പെടുകയുണ്ടായി. അതിനുശേഷം വന്ന യു. പി. എ സർക്കാരാണ്‌ സാമൂഹ്യനീതി ഉറപ്പാക്കാൻ ഇത്തരം ഒരു നിലപാട്‌ എടുത്തത്‌. അതിനെതിരായി സവർണ്ണമേധാവികളും വരേണ്യവർഗ്ഗവിദ്യാർത്ഥികളും പ്രക്ഷോഭം സംഘടിപ്പിക്കുകയുണ്ടായി. സംവരണം പാലിക്കപ്പെടുമ്പോൾ ഉന്നതവിദ്യാഭ്യാസരംഗത്ത്‌ നിലവാരത്തകർച്ചയുണ്ടാകുമെന്നും സമർത്ഥരായ ആൾക്കാർ വിദേശത്ത്‌ ചേക്കേറുമെന്നുമാണ്‌ സംവരണവിരുദ്ധരുടെ ന്യായം. അല്ലെങ്കിൽത്തന്നെ നമ്മുടെ രാജ്യത്ത്‌ എത്രയോ ആൾക്കാർ വിദേശങ്ങളിൽ ജോലിചെയ്യുന്നു. അവരൊന്നും സംവരണം കൊണ്ട്‌ പൊറുതി മുട്ടിപ്പോയവരല്ലല്ലോ. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ തേടിപ്പോയവരാണ്‌.

സ്വാശ്രയകോളേജുകളിൽ ഭീമമായ കോഴ നല്‌കി ഇറങ്ങിവരുന്ന പ്രൊഫഷണുകൾ ഏറെയാണ്‌. അവരൊക്കെ നമുക്കിടയിൽ ഡോക്ടറന്മാരായും എൻജിനീയറന്മാരായും ജീവിക്കുന്നില്ലേ. സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചവരൊക്കെ മൂന്നാതരക്കാരാണെന്ന്‌ തെളിയിച്ചിട്ടുമില്ല. നൂറ്റുണ്ടുകളായി ബൗദ്ധികവും സാമൂഹ്യവുമായി ചൂഷണം ചെയ്യപ്പെട്ട ഒരു ജനതയുടെ കഴിവുകളിൽ നേരിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. പക്ഷേ ഒന്നുണ്ട്‌. ഈ വിഭാഗങ്ങളിൽ കടന്നു വന്നവരെല്ലാം ഉയർന്ന സാമൂഹ്യപ്രതിബദ്ധയും സേവനസന്നദ്ധതയും കാഴ്‌ചവയ്‌ക്കുന്നതായി കാണാം. ആഗേളവത്‌കരണവും സ്വകാര്യവത്‌കരണവും വ്യാപകമായതുമൂലം സ്വകാര്യമാനേജുമെന്റുകളും എല്ലാമേഖലയിലും പിടിമുറുക്കി. സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളിൽ സംവരണതത്വം പാലിക്കപ്പെടുന്നില്ല എന്ന സത്യം നാം മറക്കാതിരിക്കുക. സ്വകാര്യമുതലാളിമാരും സവർണ്ണഫാസിസ്‌റ്റുകളും ഈ സമരത്തിന്‌ പിന്തുണ നല്‌കിയവരാണ്‌. ഇൻഫോസിസിന്റെ ചെയർമാൻ നാരായണമൂർത്തി സമരത്തിന്‌ അനുകൂലമായി വന്നതും നാം ഓർക്കുക.

പൊതുമേഖലയിൽ മാത്രമാണ്‌ നാമമാത്രമായ തൊഴിലവസരങ്ങൾ സംവരണതത്വത്തിൽ പാലിക്കപ്പെടുന്നത്‌. തൊഴിൽ മാത്രമല്ല, വിദ്യാഭ്യാസത്തിലൂടെ ഒരുവന്റെ അറിയുവാനുള്ള ഇച്ഛാശക്തിയേയും സാംസ്‌കാരികനിലവാരത്തെയുമാണ്‌ സംവരണവിരുദ്ധസമരം ഞെക്കിക്കൊല്ലുന്നത്‌. അമേരിക്ക, അയർലന്റ്‌ തുടങ്ങിയ രാജ്യങ്ങൾപോലും വംശീയവും ഭാഷാപരവുമായി പിന്നാക്കംനിൽക്കുന്ന ജനവിഭാഗങ്ങൾക്ക്‌ സാമൂഹ്യനീതി ഉറപ്പാക്കിയട്ടുണ്ട്‌. ദളിതരും പിന്നോക്കരും എക്കാലവും അടിമകളായി കഴിയട്ടെ എന്ന ബോധം ഒരു പരിഷ്‌കൃതസമൂഹത്തിന്‌ യോജിച്ചതല്ല. എല്ലാ വിഭാഗത്തിന്റെയും വിദ്യഭ്യാസവും സാമൂഹ്യവും സാമ്പത്തികവുമായ ഉന്നമനമാണ്‌ വിശാല ജനാധിപത്യ രാഷ്‌ട്രത്തിന്റെ അടിത്തറ. ആൽബർകാമു തന്റെ ‘റിബൽ’ എന്ന ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ, ഭൂമിയും വായുവും ജലവും ഈ ഭൂമുഖത്തെ സമസ്‌തജീവികൾക്കും തുല്യമാണ്‌. വംശീയകലാപങ്ങളും ഭീകരപ്രവർത്തനങ്ങളും നമ്മുടെ സമൂഹത്തെ അസ്വസ്ഥപൂർണ്ണമാക്കാതിരിക്കട്ടെ. താല്‌ക്കാലികമെങ്കിലും സമരം കെട്ടടങ്ങിയത്‌ നന്ന്‌.

Generated from archived content: essay6_sept1_06.html Author: k_kochunarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here