ഒരു ഓണംകൂടി വരുന്നു. പക്ഷെ മലയാളിയുടെ ആഘോഷം ഒരു ചടങ്ങായി മാറിക്കഴിഞ്ഞിരിക്കുന്നു. ഉത്സവങ്ങളും പൂരങ്ങളും ഒരു വഴിപാട്. സന്തോഷിക്കുവാൻ നമുക്കേറെയൊന്നുമില്ല. നിർധനകർഷകർ ആത്മഹത്യചെയ്യുന്നു. മാധ്യമങ്ങൾക്ക് വാർത്തയെന്നതിനപ്പുറത്തേക്ക് അതൊരു ദുഃഖമായി നീറ്റലായി മാറുന്നില്ല. പാവപ്പെട്ട ഒരു ദളിത് പെൺകുട്ടി ആത്മഹത്യയിലൂടെ തന്റെ മോശമായ പരിതസ്ഥിതിയെ അതിജീവിച്ചിരിക്കുന്നു. യുവാക്കൾ മയക്കുമരുന്നിനും മദ്യത്തിനുമടിമപ്പെട്ട് കൊളളയും കൊലപാതകവും നടത്തുന്നു. തൊഴിലില്ലാത്തവനും അഭ്യസ്‌തവിദ്യനും ഏറെ പെരുകുകയും ലക്ഷ്യബോധം നഷ്‌ടപ്പെട്ടവരാകുകയും ചെയ്യുന്നു. ദളിതന്റെയും ദരിദ്രന്റെയും ഉയർത്തെഴുന്നേല്‌പ് നാം സ്വപ്‌നം കണ്ടതാണ്. പക്ഷെ അവൻ ദുരിതഭൂമിയിൽതന്നെയാണ്. ഇന്ത്യാമഹാരാജ്യത്തെ വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് ദരിദ്രനും ദളിതനും നാമമാത്രമായ നേട്ടങ്ങളുണ്ടാക്കിയത്. എല്ലാവിധ ചൂഷണത്തിൽനിന്നും ഈ വിഭാഗങ്ങൾ മോചിപ്പിക്കപ്പെട്ടിട്ടില്ല. അവൻ സ്വതന്ത്രനാക്കപ്പെടേണ്ടിയിരുന്ന രണ്ടുവഴികൾ വിദ്യാഭ്യാസവും ഉദ്യോഗവുമായിരുന്നു. വിദ്യാഭ്യാസം സമ്പന്നവിഭാഗത്തിന് മാത്രമായി ചുരുങ്ങുന്ന ഒരു സാമൂഹ്യ സാഹചര്യം ഇവിടെ രൂപപ്പെട്ടിരിക്കുന്നു. ഉന്നത വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും അവന് അന്യമാകുന്ന നാളുകൾ ഇനി ഏറെ അകലെയല്ല. ചുഴലിക്കാറ്റുപോലെ അവന്റെമേൽ വീശിയടിക്കുന്ന സാമ്പത്തിക അസമത്വവും സാമൂഹ്യ അസമത്വവും ഏറെയാണ്.
ഭൂമി, യന്ത്രോപകരണങ്ങൾ, തൊഴിൽ സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥാവകാശം സമ്പന്നവർഗ്ഗങ്ങളുടെ പിടിയിലായിരിക്കുന്നിടത്തോളംകാലം ഈ മേഖലയിൽ ദരിദ്രനും ദളിതനും വേലിക്കപ്പുറംതന്നെ. ഭൂമിയുടെ ദേശസാൽക്കരണവും സമ്പത്തിന്റെ പുനഃനിർണ്ണയവും സാദ്ധ്യമാകാത്ത ഒരു വ്യവസ്ഥിതിയിൽ പാവപ്പെട്ടവന്റെ മുന്നേറ്റം ഉണ്ടാവില്ല തന്നെ. വിദ്യാഭ്യാസം കച്ചവടമാകുകയും തൊഴിൽ സാധ്യതകളിൽ പണാധിപത്യവും രാഷ്‌ട്രീയ ഇടപെടലുകളും ഉണ്ടാകുകയും ശക്തിപ്പെടുകയും ചെയ്‌തിരിക്കുന്ന ഒരു സാഹചര്യത്തിൽ ചൂഷിതൻ വീണ്ടും പുറംപോക്കിലേക്ക് തളളപ്പെടും. മഹാഭൂരിപക്ഷം വരുന്ന ഒരു ജനത ഭരണതലത്തിൽ എത്തിപ്പെടാൻ കഴിയാതിരിക്കുന്ന രാഷ്‌ട്രീയ സാഹചര്യം ഏറെ അരാജകത്വം സൃഷ്‌ടിക്കും. സ്‌നേഹിക്കാനും സഹതപിക്കാനും കഴിയാത്ത ജനതയ്‌ക്കുകീഴിൽ അടിമയുടെ അവസ്ഥ ഏറെ ദുരിതപൂർണ്ണവും ജീർണ്ണവുമാണ്. ദളിതന്റെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ വ്യവസ്ഥകളുണ്ടെങ്കിലും അവയുടെ പ്രായോഗികതലങ്ങൾ വേണ്ടത്ര കെട്ടുറപ്പുളളവയല്ല. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഒരു സായുധകലാപവും സാദ്ധ്യതകളും നിർദ്ധാരണം ചെയ്യപ്പെട്ടിരിക്കുന്നു. ബൗദ്ധികമേഖലയിലൂടെയല്ലാതെ ദളിതനും ദരിദ്രജനതയ്‌ക്കും ഇവിടെ മുന്നേറാനാവില്ല. അക്ഷരം അഗ്നിയാണെന്നുളള തിരിച്ചറിവ് അവർക്കുണ്ടായെങ്കിലേ സാമൂഹ്യസാമ്പത്തികമുന്നേറ്റം സാദ്ധ്യമാകുകയുളളു.
ഭരണകൂടങ്ങൾ ഏതുതന്നെയായാലും മർദ്ദനോപാധികൾ ഒന്നുതന്നെയാണ്. ഭരണവ്യവസ്ഥയും അതിന്റേതായ രാഷ്‌ട്രവ്യവഹാരഭാഷയും നടപടിക്രമങ്ങളുമുണ്ട്. അവ സമൂഹത്തിന്റെമേൽ തങ്ങളുടെ സ്വേഛാധിപത്യം നടപ്പാക്കും. ഭരണവർഗ്ഗം തങ്ങളുടെ സ്ഥാപിത താല്‌പര്യങ്ങൾക്ക് എതിരാകുന്ന ഏത് ജനമുന്നേറ്റത്തെയും തോക്കുകൊണ്ടും ബുദ്ധികൊണ്ടും നേരിടും. അധികാരത്തിൽ എത്തിപ്പെടാൻ കഴിയാത്ത കാലത്തോളം ദളിതനും നിർധനനും മോചിപ്പിക്കപ്പെടുകയില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ ഒറ്റപ്പെട്ട വിപ്ലവങ്ങളോ മുന്നേറ്റങ്ങളോ നടത്താൻ ഈ വിഭാഗത്തിന് സാമ്പത്തികപരമോ വിദ്യാഭ്യാസപരമോ ആയ അടിത്തറയില്ല. ആദിവാസിയും ദളിതനും എല്ലാവിഭാഗത്തിൽപ്പെട്ട പാവപ്പെട്ടവനും ഏതെങ്കിലും മുഖ്യധാര ബഹുജനപ്രസ്ഥാനത്തോട് സമരസപ്പെടുക മാത്രമാണ് ഇന്നത്തെ അവസ്ഥയിൽ കരണീയം. അപ്പോഴും അവൻ ബൗദ്ധികമായും ശാരീരികമായും ചൂഷണം ചെയ്യപ്പെട്ടിരിക്കും. ഈ സാഹചര്യത്തിൽ അവൻ തന്റെ സ്വത്വം തിരിച്ചറിയുകയും തന്റേതായ നിലപാട് ഉറപ്പിക്കുകയും ചെയ്‌തിരിക്കണം. ഏതെങ്കിലും ഒരു ദൈവദൂതൻ നിങ്ങളെ രക്ഷിക്കാനെത്തുമെന്ന് വിശ്വസിച്ചുകൂട. ഒരു ദൈവത്തിനും നിങ്ങളെ അങ്ങനെ രക്ഷിക്കാനാവില്ല. സ്വയം കരുത്താർജ്ജിക്കുകയും വർഗ്ഗബോധം ഊട്ടി വളർത്തുകയുമാണ് ഇന്നത്തെ കടമ. സാമൂഹ്യ ചിന്തകരും കവികളും ബുദ്ധിജീവികളും എഴുത്തുകാരും ഈ വർഗ്ഗത്തോടു കൂറുപുലർത്തുന്നില്ല. ഉണ്ടായിരുന്നവർതന്നെ അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു. കാക്കാലന്റേയും പാണന്റേയും ആദിവാസികളുടേയും പാട്ടുകളെയും നൃത്തരൂപങ്ങളെയും കുറിച്ച് പഠനക്കുറിപ്പുകളെഴുതി ഡോക്‌ട്രേറ്റുകൾ നേടുന്നു. ദളിത് സാഹിത്യമെന്നും, ദളിത് സാഹിത്യകാരന്മാരെന്നും ചില വേർതിരിവുകളോടെ കലയേയും സാഹിത്യത്തേയും അപമാനിക്കാൻകൂടി സമൂഹം തുടങ്ങിയിരിക്കുന്നു. ഇത്തരം ഒരു വേർതിരിവ് ഈ സമൂഹത്തിന് ഒരു ഗുണവും ചെയ്യുന്നില്ല, ചെയ്യുകയുമില്ല. കുമാരനാശാനും ചങ്ങമ്പുഴയ്‌ക്കും ശേഷം ഒരു വൈലോപ്പിളളിയോ കടമ്മനിട്ടയോ സാറാജോസഫോ ആണ് അവരെക്കുറിച്ച് അല്‌പം ഉറക്കെ ചിന്തിച്ചത്. സാമൂഹ്യ പരിഷ്‌കർത്താവെന്ന് സാഹിത്യവിദ്യാർത്ഥിയെ പറഞ്ഞുപഠിപ്പിച്ച കുഞ്ചൻനമ്പ്യാരുപോലും നായരിലേക്കും താണജാതിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. നമുക്ക് വോൾസോയങ്കയെപ്പോലെയോ ബഞ്ചമിൻമൊളാസ്സിസ്സിനെപ്പോലെയോ സരോവരയെപ്പോലെയോ ഒരു എഴുത്തുകാരനില്ല. ഒരു ജനതയുടെ രോഷം മുഴുവൻ തൂലികത്തുമ്പിൽ കൊണ്ടു നടന്ന മുഹമ്മദ് ഈസപ്പിനെപ്പോലെ ഒരു ദക്ഷിണാഫ്രിക്കൻ എഴുത്തുകാരനോ നമുക്കുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിഭാഗങ്ങളുടെ ദുരിതപൂർണ്ണമായ ജീവിത സാഹചര്യങ്ങൾ ലോകം അറിഞ്ഞിട്ടുമില്ല. ദളിതനും ദരിദ്രനും സ്വന്തം ജീവിതവും, സമ്പന്നന്റെ ജീവിതവും തിരിച്ചറിയുന്ന ഒരു നാൾ ഭൂകമ്പങ്ങൾ ഉണ്ടാകും. അന്നുമാത്രമേ അവന്റെ അടിമത്ത്വം പിഴുതെറിയപ്പെടുകയും അവൻ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുകയുമുളളു.
Generated from archived content: essay6_sep2.html Author: k_kochunarayanan
Click this button or press Ctrl+G to toggle between Malayalam and English