സ്വന്തം പുരയിടത്തിലെ തേക്കുതടിയിൽ അയാളുടെ കോടാലി നിരന്തരം പതിച്ചു. വിയർപ്പു കണങ്ങൾ ഇടയ്‌ക്കിടെ ഒപ്പുമ്പോൾ അയാളുടെ മനസുനിറയെ കണക്കുകളുടെ കൂട്ടിക്കിഴിക്കലുകളായിരുന്നു.
‘തേക്കുതടി വിറ്റിട്ട് മകളുടെ സ്വാശ്രയകോളേജ് ഫീസ് അടക്കണം. ഭാര്യയ്‌ക്ക് ഒരു പവന്റെ ഒരു മാല. മൂത്തമകൾക്ക് സ്‌ത്രീധനം ഇനത്തിൽ കൊടുക്കാനുളള ബാക്കി. പിന്നെ പുരയൊന്നു തേച്ചുവൃത്തിയാക്കി നല്ലൊരു കുളിമുറി കൂടി പണിയണം. പിന്നെയും ബാക്കിയെന്തെങ്കിലുമുണ്ടെങ്കിൽ സഹകരണബാങ്കിലെ കുടിശ്ശിക അടയ്‌ക്കണം. പിന്നെയും ബാക്കിയുണ്ടെങ്കിൽ ബാങ്കിലിടണം. അടുത്തവർഷവും അടയ്‌ക്കണമല്ലോ സ്വാശ്രയകോളേജിൽ ഫീസ്………കുടിശിക…….
മരം വീണുകഴിഞ്ഞപ്പോഴേക്കും മനസിലെ കണക്കുകൾ ഒരു വിധമായി. പെട്ടെന്നാണ് പോലീസ് ജീപ്പ് വന്നുനിന്നത്.
പോലീസുകാരും ഉദ്യോഗസ്ഥരും…….
കൈയിൽ വിലങ്ങുമായി നാട്ടുവഴിയിലൂടെ നടക്കുമ്പോൾ, സ്വന്തം പുരയിടത്തിലെ തേക്കുതടി മുറിയ്‌ക്കുക മാത്രമേ താൻ ചെയ്‌തുളളല്ലോ എന്നയാൾ അമ്പരപ്പോടെ ഓർക്കുകയായിരുന്നു.
Generated from archived content: story2_dec9_06.html Author: joy_nalunnakkal