മലയാളജീവിതത്തിന്റെ സമസ്‌തമേഖലകളിലും പീഡനം നിറഞ്ഞുനില്‌ക്കുന്നതായി മാധ്യമങ്ങൾ നമ്മെ ധരിപ്പിക്കുന്നു. സ്‌ത്രീപീഡനം, സ്‌ത്രീധനപീഡനം, ബാലപീഡനം, ബാലികാപീഡനം, സീരിയൽപീഡനം, വിദ്യാപീഡനം-അങ്ങനെയങ്ങനെ പരമ്പരപോലെ ഒരിക്കലും അവസാനിക്കാത്ത പീഡനകഥകൾ. ബാലപീഡനവും ബാലികാപീഡനവും രണ്ടുതലത്തിലാണ് കാണുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികവേഴ്‌ചയ്‌ക്ക് ഉപയോഗിക്കുന്നത് ബാലികാപീഡനം. അതേസമയം പതിന്നാല് വയസ്സിൽ താഴെ പ്രായമുളള കുട്ടികളെ കഠിനമായ കൂലിപ്പണിക്കും വീട്ടുവേലയ്‌ക്കും കെട്ടിടംപണിക്കും ഹോട്ടൽപണിക്കും ഉപയോഗിക്കുന്നത് ബാലപീഡനം. പൂർണ്ണനഗ്നയായ ഒരു മൂന്നുവയസ്സുകാരി, കരയുന്ന ഇളയ സഹോദങ്ങളെയും അടുത്തിരുത്തി ഒരു ചുറ്റികയുപയോഗിച്ച് പാറക്കഷണങ്ങൾ പൊട്ടിച്ച് ചല്ലി ഉണ്ടാക്കുന്ന ചിത്രം റോയിട്ടർ പ്രസിദ്ധീകരിച്ചിരുന്നു. ആന്ധ്രാപ്രദേശത്തുനിന്നും തമിഴ്‌നാട്ടിൽനിന്നും ദല്ലാളന്മാർ കൊച്ചുകുട്ടികളെ കടത്തിക്കൊണ്ടുവന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വില്‌ക്കുന്നു. വീട്ടുവേലയ്‌ക്കും കൂലിപ്പണിക്കുമായി മുതലാളിമാർ അവരെ വാങ്ങുകയും ദയയില്ലാതെ അരപ്പട്ടിണിയിൽ മാടുപോലെ പണിയെടുപ്പിക്കുകയും ചെയ്യുന്നു. മനുഷ്യരെ വിറ്റു പണമുണ്ടാക്കുന്ന ദല്ലാളന്മാർ! പെൺകുട്ടികളെ വിറ്റ് പണമുണ്ടാക്കുന്ന ദല്ലാളന്മാരും ദല്ലാളത്തികളും. പണമുണ്ടാക്കാനുളള കുറുക്കുവഴികളിൽ- പൊതുവിപണിയിൽ സുലഭമായി ലഭിക്കുന്ന ഉല്‌പന്നം മനുഷ്യക്കുട്ടികളാണ്.
കരയുന്ന വയറിന്റെ മുന്നിൽ തളരുന്ന മാതാപിതാക്കൾ മൂത്തകുട്ടികളെ വിറ്റ് ഇളയ സഹോദരങ്ങൾക്കും തങ്ങൾക്കും ആഹാരം തേടുന്നു. കുട്ടികൾ ചെന്നുചേരുന്ന ഇടങ്ങളിൽ ഒരുനേരമെങ്കിലും ഉണ്ട്, മഴയും വെയിലുമേല്‌ക്കാതെ കഴിയാമെന്നുളള പ്രതീക്ഷ. അതേ പ്രതീക്ഷയിലാണ് ചോരക്കുഞ്ഞിനെയും വില്‌ക്കുന്നത്. ഒരുനേരത്തെ വെളളച്ചോറും കറിയും കൊതിക്കുന്ന സാധാരണക്കാരനായ ഭാരതീയന്റെ സ്വപ്‌നം. പൊലിയുന്ന ശൈശവും ബാല്യവും സ്വപ്‌നം കാണുന്നത് സുഖഭോഗങ്ങളല്ല, ജീവൻ പിടിച്ചു നിർത്താനുളള ഭക്ഷണം മാത്രമാണ്. അത് പീഡനമാണ്. കുറ്റമാണ്. ഇടത്തരക്കാരും സമ്പന്നരും പെൺമക്കളുടെ അംഗലാവണ്യവും യൗവനവും ബാല്യത്തിന്റെ പ്രസരിപ്പും ദൃശ്യമാധ്യമങ്ങൾക്ക് വിറ്റ് പണമുണ്ടാക്കി സുഖഭോഗങ്ങളിൽ മുഴുകുന്ന പുതിയ കച്ചവടതന്ത്രങ്ങൾക്ക് എന്തുകൊണ്ട് പീഡനം എന്നുപറയുന്നില്ല? ഒടുങ്ങാത്ത ആർത്തിനിറഞ്ഞ മാതാപിതാക്കൾ മക്കളെ പൊതുവേദിയിലും വിപണിയിലും വില്‌പനച്ചരക്കാക്കുന്നു. അവർ ചെയ്യുന്നത് പീഡനമല്ലേ? ഇഷ്‌ടമില്ലാത്ത വിഷയം പഠിക്കാൻ നിർബന്ധിക്കുന്നതും, മാർക്കും റാങ്കും ലഭിക്കാതെ വരുമ്പോൾ തല്ലിച്ചതയ്‌ക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പീഡനത്തിന്റെ പട്ടികയിൽ ഉൾപ്പെടുമോ? പാവപ്പെട്ടവന്റെ നിസ്സഹായത മുതലെടുക്കുന്നവനും ഇടനിലക്കാരനും സമൂഹവും മാധ്യമവും അതു പീഡനമാക്കുമ്പോൾ, ഗ്ലാമറിനും പണത്തിനും പ്രശസ്‌തിക്കും വേണ്ടി മക്കളുടെ ബാല്യവും കൗമാരവും യൗവനവും വില്‌പനച്ചരക്കാക്കുന്ന മാതാപിതാക്കളെയും താളത്തിനൊത്തുതുളളുന്ന മക്കളെയും പ്രശംസിക്കുന്ന ദ്വന്ദ്വനീതി നമ്മുടെ കാപട്യത്തിന്റെ മുഖമല്ലേ? കാപട്യവും മുഖംമൂടികളും അല്ലാതെ മറ്റെന്താണ് മലയാളിയുടെ ജീവിതത്തിലും ചിന്തയിലുമുളളത്?
Generated from archived content: essay9_dec.html Author: joll_varghese