ക്രിയകളും ശേഷക്രിയകളും

പണ്ടുപണ്ട്‌ ഒരു അപ്പൂപ്പനുണ്ടായിരുന്നു, പിശുക്കൻ. ഒന്നുമൊന്നും അളവിൽ കൂടുതൽ ചെലവഴിക്കാതെ അരിച്ചുപെറുക്കി ജീവിക്കുന്നവൻ. നാളെയെക്കുറിച്ചു ചിന്തിക്കുന്നവൻ. നാളേക്കുവേണ്ടി സൂക്ഷിച്ചുവെക്കുന്നവൻ. അപ്പൂപ്പന്റെ മക്കളും കൊച്ചുമക്കളും ബന്ധുക്കളും അദ്ദേഹത്തെ പിശുക്കൻ, ദുഷ്‌ടൻ, ദയയില്ലാത്തവൻ എന്നൊക്കെ വിളിച്ചാക്ഷേപിച്ചു. അപ്പൂപ്പൻ മരിച്ചപ്പോൾ അവർ ആഘോഷമായി അടിയന്തിരം നടത്തി. വർഷംതോറും ബലിയിട്ടു. (നന്ദി സൂചകമോ, സന്തോഷസൂചകമോ?) പിന്നീട്‌ ആ ശീലങ്ങൾ പതുക്കെ ഇല്ലാതെയായി. അതിനുശേഷം അവർ വാരിക്കോരി ചെലവഴിച്ചു, സുഖിച്ചു, ധൂർത്തടിച്ചു. കുറെയൊക്കെ പാഴാക്കിക്കളഞ്ഞു. ഇപ്പോൾ അരിഷ്‌ടിച്ചു ജീവിക്കുന്നു. നാളെ അവരുടെ മക്കൾക്കും കൊച്ചുമക്കൾക്കും നൽകാൻ കാര്യമായി ഒന്നും കൈവശമില്ല. ഇടിഞ്ഞു പൊളിഞ്ഞ വീടും, കാടുവീഴ്‌ച പിടിച്ച തെങ്ങുകളും ഉണങ്ങിവരണ്ട ഒരു ചെറിയതുണ്ട്‌ ഭൂമിയും മാത്രമാണ്‌ അവശേഷിച്ചത്‌.

ധൂർത്തനായ കാരണവർ മരിച്ചപ്പോൾ നാമമാത്രമായ ശേഷക്രിയകൾ, ചെറിയ തോതിലുളള ബലികർമ്മങ്ങൾ. നമ്മുടെ പിതാക്കന്മാർ ശ്രദ്ധയോടെ സ്‌നേഹിച്ചും പരിലാളിച്ചും നമുക്കു നൽകിയ ഭൂമി വയലും വൃക്ഷലതാദികളും പുഴകളും തോടുകളും കാടും മേടും കുന്നും മലയും പൂക്കളും പക്ഷിമൃഗാദികളും പ്രകൃതിയുടെ പച്ചപ്പും കനിവും നനവും നീരുറവകളും നമ്മൾ ധൂർത്തടിച്ചു പാഴാക്കി. നദികൾ വരണ്ടു. നദീതടം വിണ്ടുകീറി. പ്രകൃതി മരിച്ചു തുടങ്ങി. ശുദ്ധവായുവും ശുദ്ധജലവും മഴയും നേർത്തുനേർത്ത്‌ ഇല്ലാതാകുന്നു. മനസ്സിനുളളിലെ കനിവും ആർദ്രതയും സ്‌നേഹവും നന്മകളും ഉണങ്ങി. അടുത്ത തലമുറയ്‌ക്ക്‌ നൽകാൻ നമ്മുടെ കൈവശം എന്തുണ്ട്‌? ഒരിലച്ചോറും എളളും പൂവും അവർ നമുക്ക്‌ നൽകുമോ? ഇലയും ചോറും എളളും പൂവും കറുകപ്പുല്ലും ഒഴുക്കിക്കളയാൻ തെളിനീര്‌ ഒഴുകുന്ന പുഴയുണ്ടാകുമോ? പ്ലാസ്‌റ്റിക്‌ കൂടുകളും മാലിന്യവും ചെളിയും കൂടിക്കുഴഞ്ഞ്‌ ദുർഗന്ധം വമിക്കുന്ന, നീരൊക്കില്ലാത്ത തോടുകളിൽ നമ്മൾ നിമജ്ജനം ചെയ്യപ്പെടും അല്ലേ! ഒന്നും സൂക്ഷിച്ചുവെക്കാതെ ധൂർത്തടിച്ച നമ്മളെ അടുത്ത തലമുറ കുറ്റം വിധിക്കുമോ, ശപിക്കുമോ? പിതൃക്കൾക്കുളള സ്ഥാനവും ഭക്തിയും അവർ നമുക്ക്‌ നൽകുമോ? നമ്മൾ അത്‌ അർഹിക്കുന്നുണ്ടോ?

ശുദ്ധവായുവിനും ശുദ്ധജലത്തിനും തുറന്ന ആകാശത്തിനും വേണ്ടി മത്സരിക്കേണ്ടിവരുന്ന അടുത്ത തലമുറയുടെ മുന്നിൽ ധൂർത്തൻ അപ്പൂപ്പനേക്കാൾ നല്ലവൻ പിശുക്കൻ അപ്പൂപ്പനായിരിക്കും!

Generated from archived content: essay4_jan.html Author: joll_varghese

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English