ഞാനെന്ന ഭാവം

അനന്തപുരിയിലെ സാഹിത്യസാംസ്‌കാരിക സമ്മേളനങ്ങളുടെ സ്ഥിരം വേദി. ചെറുകഥകളുടെ ചക്രവർത്തി പുസ്‌തകപ്രകാശനം നടത്തുന്നു. സാഹിത്യത്തിന്റെ പൂമുഖത്തും അകത്തളങ്ങളിലും പിന്നാമ്പുറങ്ങളിലും വിഹരിക്കുന്നവരും, സംസ്‌കാരം മൊത്തമായും ചില്ലറയായും കുത്തകയാക്കി അനുഭവിക്കുന്നവരുമായ മാന്യമഹതീമഹാന്മാർ തിങ്ങിനിറഞ്ഞുനില്‌ക്കുന്നു. അവിടെ പരസ്‌പരം ഉരസി തീപ്പൊരി പാറിച്ചത്‌ ആശയങ്ങളുടെ ഏറ്റുമുട്ടലായിരുന്നില്ല. മനസ്സിന്റെ ഉളളിൽ നിന്ന്‌ ലാവയായി പുറത്തേക്ക്‌ ഒലിച്ചിറങ്ങുന്ന ‘ഞാനെന്ന ഭാവം’ ആയിരുന്നു. സഭ പിരിഞ്ഞപ്പോൾ സൗഹൃദം പുതുക്കാനും, ഒപ്പ്‌ വാങ്ങാനും നിന്നവരുടെ കൂട്ടത്തിൽ ഒരു സാധാരണ അദ്ധ്യാപികയും ഉണ്ടായിരുന്നു. സാഹിത്യാഭിരുചി ചോരയിൽ അലിഞ്ഞുചേർന്ന ഒരു ദാഹം ആയതിനാൽ കഥകളുടെ ചക്രവർത്തിയുടെ കുത്തുംമുനയുമുളള പ്രഭാഷണം കേൾക്കാൻ ഓടിയെത്തിയവൾ. പ്രകാശനം ചെയ്‌ത പുസ്‌തകം രചിച്ച കോളജ്‌ അധ്യാപിക (അതൊരു ഡോക്‌ടറൽ പ്രബന്ധം പുസ്‌തകമാക്കിയത്‌ മാത്രമായിരുന്നു) പരിചയക്കാരോടും പത്രക്കാരോടും സംസാരിക്കുന്നു. നോട്ടത്തിലും ഭാവത്തിലും വാക്കുകളിലും ‘ഞാൻ ആരാണെന്ന്‌ അറിയാമോ’ എന്ന ചോദ്യം മിന്നിത്തിളങ്ങുന്നു. അതിനിടയിൽ കണ്ടുമുട്ടിയ ഒരു പഴയ പരിചയക്കാരനായ നാട്ടുകാരനോടും സംസാരിക്കയും അദ്ദേഹത്തിന്റെ അടുത്തുനിന്ന ഭാര്യയ്‌ക്കുവേണ്ടി ചിറികോട്ടി ഒരു പുഞ്ചിരി എറിയുകയും ചെയ്‌തു. (പഴയ പരിചയക്കാരൻ, സാധാരണക്കാരിയായ അധ്യാപികയുടെ ഭർത്താവാകുന്നു.)

“നിങ്ങൾ എന്താ ഇവിടെ?”

“പ്രസംഗം കേൾക്കാൻ വന്നതാണ്‌. സാഹിത്യമല്ലേ?”

“വേറെ പണിയൊന്നുമില്ലല്ലോ. സാഹിത്യം എന്നുംപറഞ്ഞ്‌ മനസ്സിലാകത്തില്ലെങ്കിലും ഇങ്ങനെ നടന്നാൽ മതിയല്ലോ.” (നാട്ടുകാരൻ, യൂണിവേഴ്‌സിറ്റി പ്രൊഫസറാണ്‌. വിഷയം ജന്തുശാസ്‌ത്രം)

വാക്കുകളിൽ നിന്ന്‌ അടർന്നുവീണ പുച്ഛം നിറഞ്ഞ തീച്ചൂടിൽ പാവം ഭാര്യ കഴിഞ്ഞുപോയി.

“ജോലിയുണ്ടോ?”

നാട്ടുകാരന്റെ ഭാര്യയെ അടിമുടി നോക്കിക്കൊണ്ട്‌ അവർ അന്വേഷിച്ചു.

“ഉണ്ട്‌”

“ടീച്ചറായിരിക്കും. ഏത്‌ സ്‌കൂളിലാ?”

“സ്‌കൂളിലല്ല.”

“പിന്നെ..”

“കോളേജിലാണ്‌.”

“ഏത്‌ കോളേജിൽ?”

“ഈവാനിയോസിൽ.”

“എന്താ വിഷയം.” സ്വരത്തിന്റെ മൂർച്ച കുറഞ്ഞു. കണ്ണുകളുടെ ചൂട്‌ ആറിത്തുടങ്ങി.

“ഇംഗ്ലീഷ്‌ ലിറ്ററേച്ചർ.” അവർ മുഖം വെട്ടിത്തിരിച്ചുനടന്നു.

Generated from archived content: essay1_mar10_08.html Author: joll_varghese

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English