എനിക്കിപ്പോൾ അങ്ങുദൂരെ മഴയുടെ ആരവം കേൾക്കാം. മഴ ഓടിയടുക്കുകയാണെന്നു തോന്നുന്നു. പക്ഷെ ഇവിടമിപ്പോൾ പാഴ്‌ഭൂമിയാണ്. മണ്ണിലണയും മുന്നേ മഞ്ഞുകണങ്ങളെ അലിയിക്കുന്ന ഉഷ്‌ണഭൂമി. ഭൂമിയുടെ വിണ്ടുകീറിയ ചുണ്ടുകൾ ദാഹജലത്തിനായി കേഴുന്നില്ല. ജീവന്റെ തുടിപ്പുകൾ ഒന്നൊന്നായി കെട്ടടങ്ങി. മഴമേഘങ്ങൾ മാനത്ത് വന്നുപോയി. മയിലുകൾ നൃത്തമാടി, വേഴാമ്പലുകൾ തപസ്സു ചെയ്‌തു. മഴ സ്വപ്‌നങ്ങളിൽനിന്നും മറഞ്ഞുനിന്നു.
ഇവിടെ മനുഷ്യരെല്ലാം പലായനം ചെയ്‌തു. ചെടികൾ എരിഞ്ഞമർന്നു. ജീവികൾ ചത്തൊടുങ്ങി. ഒരിറ്റുവർഷബിന്ദുപോലും പൊഴിക്കാതെ അവസാനത്തെ മഴമേഘവും കടന്നുപോയി. ആദ്യ മഴമുത്തിനെ കൊക്കിലൊതുക്കാൻ തപംചെയ്‌തിരുന്ന വേഴാമ്പലുകളും ദൂരെ മഴപെയ്യുന്ന നാടുതേടി പറന്നുപോയി. മണ്ണിനടിയിൽ കിടന്ന് മഴയെ ധ്യാനിക്കുന്ന സുപ്‌തബീജങ്ങളിൽ ജീവന്റെ തുടിപ്പുണ്ടോ എന്നറിയില്ല. എനിക്കിപ്പോൾ വളരെയടുത്ത് മഴയുടെ ആരവം. അല്ല, മഴയിതാ എത്തിക്കഴിഞ്ഞു. പക്ഷെ ഇവിടമിപ്പോൾ പാഴ്‌ഭൂമിയാണല്ലോ!
Generated from archived content: essay1_aug13_05.html Author: jayaprakash_njamanekadu