സ്‌മരണ

പെട്ടെന്നു നടന്നുമറഞ്ഞ അരുൺകൃഷ്‌ണൻ

ചേർത്തലയ്‌ക്കടുത്ത്‌ തൈക്കാട്ടുശ്ശേരിയിൽനിന്നും ഇടയ്‌ക്കിടെ അരുൺകൃഷ്‌ണൻ വിളിക്കും-

“സാറെ, ഉൺമ കിട്ടി, സന്തോഷം…”

“സുഖമില്ലായിരുന്നു. അതുകൊണ്ടാ എഴുതാത്തത്‌…”

അടുത്തിടെ വിളിച്ചിട്ടു പറഞ്ഞത്‌ ആശുപത്രിയിലായിരുന്നതിനാൽ പരീക്ഷ നന്നായി എഴുതിയില്ല എന്നാണ്‌.

ഒരിക്കൽപോലും നേരിൽ കണ്ടിട്ടില്ലാത്ത അരുണിന്റെ ആ ശബ്‌ദം, വാക്കുകൾ കാതിലും മനസ്സിലുമുണ്ട്‌.

പതിനേഴുവയസ്സുളള അരുണിന്‌ രക്താർബുദമായിരുന്നു. ഇടയ്‌ക്കിടെ രക്തം മാറ്റിയൊക്കെയാണ്‌ കുറേക്കാലമായി ആ കുട്ടി ജീവിച്ചത്‌. സാഹിത്യതല്‌പരനായിരുന്നു. കവിതയെഴുതും. ആദ്യമായി ഒരു രചന ഉൺമയുടെ 2002 നവംബർ ലക്കത്തിൽ അച്ചടിച്ചുവന്നപ്പോൾ അരുൺ ഫോണിൽ പറഞ്ഞത്‌ സന്തോഷംകൊണ്ട്‌ ഉറക്കം വരുന്നില്ലെന്നാണ്‌. പകൽ മുഴുവനും ഉൺമയുടെ കോപ്പിയുമായി അയൽവീടുകളിലും കൂട്ടുകാരുടെയടുത്തും അവൻ ഓടിനടന്നു.

ആ കവിതാവരികൾ ഇതാ-

മരണം പ്രിയസുഹൃത്ത്‌

അവനെന്നെ വിളിച്ചിടുമ്പോൾ

ആരെ നോക്കി ഞാൻ

യാത്ര പറഞ്ഞിടേണ്ടൂ

മിഴിനീർ വറ്റാത്തൊരമ്മയോടോ?

ദുഃഖിയാം എൻ അച്ഛനോടോ?

അറിയില്ല അതിനുത്തരമേ-

കിടുമോ, ആത്മസുഹൃത്തേ…

ഇക്കഴിഞ്ഞ ഡിസംബർ 29ന്‌ അരുൺകൃഷ്‌ണൻ മരിച്ചതായി ഫോൺ സന്ദേശം വന്നപ്പോൾ, ആ കുട്ടിയുടെ ആവേശവും ആത്മവിശ്വാസവും തുളുമ്പുന്ന വാക്കുകൾ എന്റെ മനസ്സിൽ മിന്നൽപോലെ തെളിഞ്ഞു. കവിതയോട്‌ കടുത്ത പ്രേമമുണ്ടായിരുന്ന ആ കുട്ടി പെട്ടെന്നാണ്‌ ഇല്ലാതായത്‌. ഇനിയിപ്പോൾ അരുൺകൃഷ്‌ണന്റെ ഫോൺകോൾ വരില്ലല്ലോ…

ആ ശബ്‌ദം കേൾക്കില്ലല്ലോ…!

Generated from archived content: jan_essay8.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English