അച്‌ഛൻ ഉദ്യോഗസംബന്ധമായ ടൂറിലാണുപോലും. അമ്മയ്‌ക്ക് ‘പെൺശിങ്ക’ ക്ലബ്ബിന്റെ പ്രത്യേക പരിപാടി. അമ്മിണിക്കുട്ടി മാത്രം വീട്ടിൽ ഒറ്റയ്‌ക്ക്.
തെറ്റും ശരിയും തിരിച്ചറിഞ്ഞ് ശരിമാത്രം ചെയ്‌ത് ജീവിക്കാൻ അച്‌ഛനും അമ്മയും മകൾക്ക് കോച്ചിംഗ് കൊടുത്തിട്ടുണ്ട്. കടുത്ത ശിക്ഷണം. പക്ഷെ ഈ ലോകത്തിൽ തെറ്റും ശരിയും എങ്ങനെ തിരിച്ചറിയും? അതല്ലേ പ്രശ്‌നം.
തെക്കേവീട്ടിലെ മനോജ്. ഇന്നലെയും മനോജ് എത്ര പ്രാവശ്യം നിർബന്ധിച്ചു. മനോജിനെ ഇഷ്‌ടമാണ്. പക്ഷേ… തെറ്റല്ലേ? അമ്മയറിഞ്ഞാൽ?
“ആരും അറിയില്ല. പേടിക്കണ്ട, അമ്മിക്കുട്ടീ..?” മനോജിന്റെ വാക്കുകൾ ഓർത്തു. അവന് കൊതിയാണത്രെ. മനോജിനെ പിണക്കാൻ വയ്യ. അതാ അവൻ പിന്നെയും വരുന്നു.
“എനിക്കു പേടിയാ മനോജ്. അമ്മ അറിഞ്ഞാൽ…”
“ആരും അറിയില്ലെന്നെ. വാ മോളേ…” അവൻ അവളുടെ കൈപിടിച്ച് ബെഡ്‌റൂമിലേക്കു നടന്നു.
ഏറെക്കഴിഞ്ഞില്ല. മുറ്റത്ത് കാൽപ്പെരുമാറ്റം കേട്ട് അവനും അവളും ഞെട്ടിത്തെറിച്ചു. ജനൽപാളി തുറന്ന് അകത്തേക്ക് എത്തിനോക്കുന്ന അമ്മ!
“അമ്മിണിക്കുട്ടീ, നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞത്, ആ ടിന്നിലെ ഹലുവ രമേശിന് മസ്‌ക്കറ്റിൽ കൊടുത്തയയ്‌ക്കാൻ മാറ്റി വച്ചിരിക്കുന്നതാണെന്ന്. നീ ആവശ്യത്തിന് തിന്നതല്ലേ. നിനക്ക് വയസ് ഏഴായില്ലേ. പറയുന്നത് മനസ്സിലാക്കാൻ പ്രായമായല്ലോ. ഇറ്റ്‌സ് വെരി സാഡ്.”
ബെഡ്‌റൂമിലെ അലമാരിയുടെ മുകളിൽ കൈയെത്താത്ത ഉയരത്തിൽ വച്ചിരിക്കുന്ന ഹൽവാടിൻ കൈക്കലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന അയൽപക്കത്തെ എട്ടുവയസ്സുകാരൻ മനോജിന്റെ വിഷണ്ണഭാവം കണ്ട് അമ്മിണിക്കുട്ടിയുടെ അമ്മ സ്വരം മാറ്റി.
“ഇറ്റ്്സ് ഓൾറൈറ്റ്. രണ്ടുകഷണം മോൻ എടുത്തോളൂ. കൊതിയൻ. രണ്ടെണ്ണം ആ കൊതിച്ചിക്കും കൊടുക്ക്.”
Generated from archived content: story2_nov25_05.html Author: j_philippose_thiruvalla