ജീർണ്ണിച്ച ഒരു രാഷ്‌ട്രീയ സംസ്‌കാരത്തിന്റെ ദുർഗന്ധത്താൽ മലീമസമാണ് വർത്തമാനകാല കേരളരാഷ്‌ട്രീയം. നയപരിപാടികളോ ലക്ഷ്യബോധമോ ഇല്ലാത്ത രാഷ്‌ട്രീയ അല്പന്മാരുടെ വിരോധാഭാസങ്ങളായ സമരരീതികളുടെ നിലയ്‌ക്കാത്ത പ്രവാഹംകണ്ട് സഹികെട്ടിട്ടും രണ്ട് വാക്ക് പറഞ്ഞില്ലെങ്കിൽ ഭ്രാന്തുപിടിക്കുമെന്ന് തോന്നിയതുകൊണ്ടു മാത്രം ഇത്രയും കുറിക്കുന്നു. അല്ലാതെ കാണ്ടാമൃഗത്തെക്കാൾ തൊലിക്കട്ടിയുളള അല്പത്തത്തിന്റെ സുൽത്താന്മാരായ ഈ തല്ലിപ്പൊളി നേതാക്കന്മാരെ ശുദ്ധീകരിക്കാമെന്ന വ്യാമോഹത്തോടെയല്ല.
അണ്ടിയോ ചണ്ടിയൊ മാങ്ങയോ തേങ്ങയോ വിറ്റ നാല് പുത്തൻ കാശുണ്ടെങ്കിൽ ഏത് ഏമ്പോക്കിക്കും നടത്താം ഒരു കേരളയാത്ര. വടക്ക് കാസർകോട് മുതൽ തെക്ക് ഭരണതമ്പുരാക്കന്മാർ അടയിരിക്കുന്ന അനന്തമായ അനന്തപുരിയിലേക്ക്. ആ യാത്രയ്‌ക്ക് എത്രയോ ഓമനപ്പേരുകൾ. വികസനയാത്ര, വികസനസന്ദേശയാത്ര, കേരള രക്ഷായാത്ര, കോമളയാത്ര അങ്ങനെ പലതും. ഇനി ഉടനെ മറ്റൊരു യാത്രകൂടി വന്നുകൂടായ്‌മയില്ല. പണ്ട് പരശുരാമൻ എറിഞ്ഞ മഴു അന്വേഷിച്ച് ഗോകർണ്ണത്തുനിന്ന് കന്യാകുമാരിയിലേക്ക് ഒരു ‘ഭർഗ്ഗവ പരശു കണ്ടെത്തൽ യാത്ര.’ അമ്പോ… ഭയങ്കരം തന്നെ. എത്ര കട്ടികൂടിയ തൊലികൊണ്ടാവും സൃഷ്‌ടികർത്താവ് ഈ അവതാരങ്ങളെ മെനഞ്ഞെടുത്തത്.
വികസനത്തിന്റെ പേരുപറഞ്ഞ് ഒരു യുവനേതാവ് കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് ഒരു യാത്ര നടത്തി, ‘വികസന സന്ദേശയാത്ര.’ യാത്ര കഴിഞ്ഞ് ഒരുമാസം പിന്നിട്ടപ്പോൾ നോക്കണേ കേരളത്തിന്റെ ഒരു വികസനം! അപാരംതന്നെ! ഇത്തരം യാത്രകൾക്കായി കോടികൾ പൊടിക്കുന്നുവെന്ന് ജനസംസാരം. ഇത്തരം യാത്രകളുടെ പ്രചരണ പോസ്‌റ്ററുകൾ അതിലും ബഹുരസം. ജാഥയുടെ ക്യാപ്‌റ്റൻ നില്‌ക്കുന്ന പോസ്‌റ്റർ, ചിരിക്കുന്ന പോസ്‌റ്റർ, ഇരിക്കുന്ന പോസ്‌റ്റർ, കിടക്കുന്ന പോസ്‌റ്റർ. 15 ഇഞ്ച് നീളമുളള പോസ്‌റ്റർ മുതൽ രണ്ടും മൂന്നും മീറ്റർ നീളവും വീതിയുമുളള പോസ്‌റ്റർ വരെ. അതുകൂടാതെ ബാനർ വിപ്ലവവും. ഇതിലെല്ലാം ഒരു പ്രത്യേകതയുണ്ടെന്നുളളത് യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങളോ യാത്ര നടത്തുന്ന സംഘടനയുടെ പേരോ അല്ല ഈ പോസ്‌റ്ററുകളിൽ. മറിച്ച് ഏതെങ്കിലും ഒരു മരങ്ങോടന്റെ പല്ലിളിച്ചുകാട്ടിയുളള വികൃത ചിരി. സംഘടനയുടെ പേരും യാത്രാലക്ഷ്യവും ആർക്കോവേണ്ടി ഓക്കാനിക്കുംപോലെ കടുകുമണിയോളം വലിപ്പത്തിൽ ആലേഖനം ചെയ്‌തിട്ടുണ്ടാവും വഴിപാടിനുവേണ്ടി.
ഇത്തരത്തിൽ ചിലവാക്കുന്ന കോടികളുണ്ടെങ്കിൽ ഓരോ നേതാവിനും തുടങ്ങാം ഓരോ വ്യവസായ സംരംഭങ്ങൾ. അതുവഴി പോസ്‌റ്റർ പതിക്കാനും റാലിയുടെ വാലാകാനും മാത്രം വിധിക്കപ്പെട്ട തൊഴിലില്ലാത്ത തന്റെ അസംഖ്യം അനുയായികളിൽ പത്തെണ്ണത്തിന് തൊഴിലുകൊടുക്കാം. ചുളുവിൽ നേതാവിന് ഒരു എംഡിയും ആകാം.
അന്തഃപുരങ്ങളിൽ ചില്ലിചിക്കൻ കഴിച്ചു വീർത്ത് തടിച്ചിരിക്കുന്ന ഈ യുവതരുണന്മാർക്ക് പ്രഷറുകുറയ്‌ക്കാനുളള വ്യായാമമാണോ ഈ യാത്ര! അതോ ആരുമറിയാതെ ആരുടെയൊക്കെയോ മേൽവിലാസത്തിൽ ജീവിക്കുന്ന ഇവർക്ക് കേരളരാഷ്‌ട്രീയത്തിൽ ഒരു മേൽവിലാസമുണ്ടാക്കാനുളള തത്രപ്പാടോ? വികസനപുരുഷൻ, ഉരുക്ക് പുരുഷൻ തുടങ്ങിയ വ്യക്തിവിശേഷണങ്ങൾ ഭാരതരാഷ്‌ട്രീയത്തിലും തലപൊക്കിത്തുടങ്ങി! വ്യക്തികളെ ഉയർത്തിക്കാട്ടുന്നതിനു പകരം നയങ്ങൾക്കാണ് രാഷ്‌ട്രീയപാർട്ടികൾ പ്രാധാന്യം നല്‌കേണ്ടത്. എല്ലാം മറന്ന് ദേശ പുരോഗതിക്കായി സ്വന്തം ജീവിതം ഹോമിച്ച എത്രയോ അനശ്വര നേതാക്കന്മാരുടെ വംശപരമ്പരയിൽപ്പെട്ട ഈ കപട രാഷ്‌ട്രീയ കോമാളികളുടെ രംഗബോധമില്ലായ്‌മ കാണാൻ അവരൊക്കെ ജീവിച്ചിരുന്നുവെങ്കിൽ സ്വയം വെടിവെച്ചു മരിച്ചേനെ.
Generated from archived content: aug_essay3.html Author: ivorkala_sureshbabu
Click this button or press Ctrl+G to toggle between Malayalam and English