ചിലപ്പോൾ വെയിൽ
സ്വപ്നകാചമായ് തിളങ്ങിയു-
മിരിയ്ക്കും നിലം സപ്തവർണ്ണമായ്
പൊലിയ്ക്കുമ്പോൾ
ഇന്നലെയോളം കണ്ടതല്ല കാഴ്ചകൾ
ഇലപ്പച്ചയ്ക്ക് പച്ചപ്പെത്ര!
പൂക്കൾക്കു നിറമെത്ര!
പോകുന്നു പഴംലോകം
കാഴ്ചയിൽ നിന്നും ദൂരെ
പുത്തനാം പ്രപഞ്ചം
ഞാനിത്തിരി തിരിവെട്ടം
എത്രയും മഹാകാരം
ഉയരും താമ്പാളത്തിൽ
കൊച്ചുകൊച്ചോർമ്മ
ഗോളാകാരമായ് തിരിഞ്ഞതും
പെട്ടെന്ന് പാഴായ്തീർന്ന
ശൂന്യമാമിടംപോലെ
വൃത്തമധ്യത്തിൽ കിടക്കുന്നു
ഞാനാദ്യം വന്നതിരുളോ വെളിച്ചമോ
പൊരുളോ തെളിയാതെ
ഒരു പൈതലായറിയുന്നു
മൺകണികയും
എന്ത്! ഞാനാരെന്നൊരു സംഭീതഭാവം
മുന്നിൽ മിന്നലായ് പടരുന്ന
വെളിച്ചത്തിനും
ഛായമാറിയ മുഖപടം ചൂടി
മൂകമായ് നില്ക്കും രൂപഭേദത്തിൻ
മായക്കാഴ്ചയ്ക്കുമൊരേ സാക്ഷി
ഇന്നലെ നിലാവെട്ടത്തിന്റെയോരവും പറ്റി
പിന്നിലൂടോരോ പദമിടറിക്കടന്നുപോയ്
പിഞ്ഞുപോകുമോ കാറ്റിൽ
താമരനൂലിന്നിഴ
കണ്ണുഞ്ഞാൻ
തുറന്നാലതേറ്റുവാങ്ങുമോ കാഴ്ച
അതിരിന്നറ്റം ചെന്നാലപ്പുറം
പുതുഗേഹം
പിറകിലൊരുപിടി പാവമാത്മാക്കൾ
സുഖമത്രമേലവിടെയുണ്ടാകിലും
പരിചിതം-കഷ്ടഭുവിതിൻ പാർക്കാം
കണ്ടു നാം പരസ്പരം
ഭീരുവെന്നാരോ വിളിയ്ക്കുന്നു
ഞാനിമസൂക്ഷ്മമീ വഴി തുറക്കുമ്പോൾ
ശ്രദ്ധ-പുൽത്തുരുമ്പിലും
ഹൃദയം സ്പന്ദിച്ചതു കണ്ടതില്ലെന്നും
കാഴ്ച പുറശോഭയിൽ
തങ്ങി നില്പെന്നും നടിയ്ക്കുന്നു.
Generated from archived content: sept_poem20.html Author: indira_ashok