‘ബ്രാഹ്‌മണോ/സ്യ മുഖമാസിദ്
ബാഹുരാജന്യഃ കൃതഃ
ഊരു തദസ്യയ ദ്വൈഗ്യഃ
പത്ഭാം ശൂദ്രോ അജായത’
ഋഗ്വേദം പുരുഷസൂക്തത്തിലെ മേല്‌പറഞ്ഞ വരികളാണ് ആദ്യമായി ജാതിയെപ്പറ്റിയുളള പരാമർശമുൾക്കൊളളുന്നത്. ഈശ്വരന്റെ മുഖത്തുനിന്നും ബ്രാഹ്‌മണനും, ഭുജങ്ങളിൽനിന്നു ക്ഷത്രിയനും, തുടകളിൽനിന്നും വൈശ്യനും, കാലുകളിൽനിന്നും ശൂദ്രനും ജന്മമെടുത്തു എന്നാണ് വിവക്ഷ. ഇതു പഴയ കഥ.
മനുഷ്യരെല്ലാം തുല്യരാണെന്നും സാമൂഹികനീതിക്ക് ഏവരും തുല്യപങ്കാളികളാണെന്നും നമ്മുടെ ഭരണഘടന അസന്നിഗ്‌ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽപോലും കേരളവും തൊട്ടുകൂടായ്‌മയുടേയും തീണ്ടലിന്റേയും പിടിയിലമർന്നു കഴിയുകയായിരുന്നുവല്ലോ. 1925-ൽ ക്ഷേത്രപ്രവേശനത്തിനല്ല, ക്ഷേത്രപരിസരത്തുകൂടി വഴിനടക്കാനുളള അവകാശത്തിനുവേണ്ടിയായിരുന്നു വിഖ്യാതമായ വൈക്കം സത്യാഗ്രഹം നടന്നതെന്ന സത്യം ഇന്നും ലജ്ജിപ്പിക്കുന്നതാണ്. ഉത്തരേന്ത്യയിൽ പലയിടത്തും അയിത്തമെന്ന പ്രാകൃതാചാരം പല രൂപത്തിലും ഇന്നും നിലനില്‌ക്കുന്നുണ്ട്.
രാജസ്ഥാനിലെ ജയ്‌പ്പൂരിൽനിന്നും എഴുപതു കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ചക്‌വാഡ എന്ന ഗ്രാമത്തിൽ നടന്ന സംഭവം ഏതൊരു ഭാരതീയനേയും നാണിപ്പിക്കുന്നതാണ്. ബ്രാഹ്‌മണരും ജാട്ടുകളുമാണ് അവിടുത്തെ ഭൂരിപക്ഷം ജനങ്ങളും. അവിടുത്തെ വിശ്വനാഥക്ഷേത്രത്തിൽ ആരാധന നടത്തുന്നതിനോ ഗ്രാമത്തിലെ പൊതുകുളത്തിൽ കുളിക്കുന്നതിനോ ദളിതരെ ഇവർ അനുവദിക്കുന്നില്ല.
ദളിത് സമുദായത്തിൽപെട്ട ബാബുലാൽ എന്ന യുവാവ് മേലാളരുടെ നിരോധനം ലംഘിച്ച് ഒരു ദിവസം പരസ്യമായി കുളത്തിലിറങ്ങി കുളിച്ചു. ബാബുലാലിനെ പിടിച്ചുകെട്ടി മർദ്ദിക്കാനുളള ശ്രമം മനുഷ്യാവകാശ പ്രവർത്തകരുടേയും ദളിത് സംഘടനകളുടേയും ഇടപെടൽമൂലം വിഫലമായി. കോപാകുലരായ ജാട്ടുകൾ ഉടൻതന്നെ അവരുടെ പഞ്ചായത്തു വിളിച്ചുകൂട്ടി 51000 രൂപ ബാബുലാലിനു പിഴ വിധിച്ചു. പിഴ ഒടുക്കാൻ വിസമ്മതിച്ചാൽ വധശിക്ഷ നൽകാനും പഞ്ചായത്തു തീരുമാനിച്ചു.
ഈ ഭീഷണിയ്‌ക്കെതിരെ നിയമപരമായി പോരാടാൻ ദളിത് സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും കോടതിയിൽ ഒരു ക്രിമിനൽകേസ് ഫയൽ ചെയ്യുകയും, നൂറു കണക്കിനാളുകൾ ഒന്നിച്ച് ക്ഷേത്ത്രിനുളളിൽ പ്രവേശിക്കുവാൻ തയ്യാറായി ക്ഷേത്രപരിസരത്തേക്കു നീങ്ങുകയും ചെയ്‌തു. വിവരമറിഞ്ഞ സവർണ്ണർ ക്ഷേത്രം താഴിട്ടുപൂട്ടി മാരകായുധങ്ങളുമായി ദളിതരെ നേരിടാൻ തയ്യാറായിനിന്നു. സമയോചിതമായ പോലീസ് ഇടപെടൽ കാരണം അനിഷ്‌ടസംഭവങ്ങൾ ഉണ്ടായില്ല. പോലീസിന്റെ നിർദ്ദേശപ്രകാരം ജാഥാംഗങ്ങൾ പിരിഞ്ഞുപോയി. എന്നാൽ സമരം ഇവിടംകൊണ്ടവസാനിച്ചില്ല. ദളിത് മനുഷ്യാവകാശ സമരസമിതിയുടെ കൺവീനർ സരോജ്‌ഖാൻ പുറത്തിറക്കിയ പ്രസ്‌താവന ഇതിനു സാക്ഷിയാണ്‌ഃ
“ഇതു ഞങ്ങളുടെ ജീവന്മരണ സമരമാണ്. ഭരണഘടന അനുശാസിക്കുന്ന തുല്യതയ്‌ക്കു വേണ്ടിയുളള സമരം. ബ്രാഹ്‌മണരുടേയും ജാട്ടുകളുടേയും കാട്ടുനീതിയെ ഞങ്ങൾ ഇനിമേലിൽ അംഗീകരിക്കുന്ന പ്രശ്‌നം ഇല്ല…”
അവരുടെ ധീരമായ ഈ ശബ്‌ദത്തിന് ജനാധിപത്യവിശ്വാസികളുടെ സമ്പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നു വിശ്വസിക്കാം.
Generated from archived content: sept_essay4.html Author: gopi_anayadi
Click this button or press Ctrl+G to toggle between Malayalam and English