‘ഭിൽ’ ഗോത്രത്തിൽപെട്ട ആദിവാസികളുടെ ചില ആചാരാനുഷ്‌ഠാനങ്ങൾ ഏറെ വികൃതവും, പരിഷ്‌കൃതസമൂഹത്തെ ലജ്ജിപ്പിക്കുന്നവയുമാണ്. പെൺകുട്ടികളെ വെറും ‘ക്രയവിക്രയ സാധനങ്ങ’ളായാണ് അവർ കണക്കാക്കുന്നത്.
പട്ടാപ്പകൽ കൊളളയടിക്കുകയും, പിടിച്ചുപറി നടത്തുകയും ചെയ്യുന്ന ഭിൽ വർഗ്ഗക്കാർ സാധാരണക്കാർക്ക് പലപ്പോഴും പേടിസ്വപ്‌നമായി മാറാറുണ്ട്. ഒരുക്കൽ മധ്യപ്രദേശത്തെ ഇന്ദോറിൽനിന്ന് ജബുവായ്‌ക്ക് പോയപ്പോൾ ഞാൻ യാത്ര ചെയ്‌തിരുന്ന ബസ്സിനുനേരെ വഴിമദ്ധ്യേ ഇവർ ആക്രമണം നടത്തുകയുണ്ടായി. ബസ് കണ്ടക്‌ടർ പൈസ നൽകി പ്രശ്‌നം അധികം വഷളാകാതെ നോക്കിയതിനാൽ യാത്രക്കാർക്ക് ഒന്നും സംഭവിച്ചില്ല. ‘പഞ്ച്‌ഗംഗ’ എന്ന പേരിലറിയപ്പെടുന്ന ഇവരുടെ പഞ്ചായത്തിന് ഏറെ അധികാരങ്ങളുണ്ട്. സ്വന്തം സമുദായത്തിലെ ഏതു പ്രശ്‌നങ്ങൾക്കും അന്തിമ തീർപ്പുകൽപ്പിക്കുന്നത് ഈ പഞ്ചായത്താണ്. മധ്യപ്രദേശ് വനംവകുപ്പിലെ ഡെപ്യൂട്ടി റെയ്‌ഞ്ചർ ആയ ഗുലാബ് ബമനിയുടെ ഭാര്യ ദേവകിബായി ഭിൽ വർഗ്ഗക്കാരിയാണ്. ഭർത്താവ് സ്വന്തം സമുദായത്തിൽപെട്ട ആളല്ലാത്തതിനാൽ പഞ്ചായത്തിന്റെ അപ്രീതിക്കിരയായ ദേവകിബായിക്ക് ഏറെ അപമാനങ്ങൾ സഹിക്കേണ്ടിവന്നു.
ഗോവാരി ജാതിപ്പഞ്ചായത്ത് ദേവകിബായിയുടെ ഭർത്താവറിയാതെ അവരെ അയ്യായിരം രൂപയ്‌ക്കു വില്‌പന നടത്തിയ സംഭവം അടുത്തിടെ ഏറെ വിവാദങ്ങൾക്കു കാരണമായി. ദേവകിബായിയെ ലേലംചെയ്‌ത ജാതിപ്പഞ്ചായത്തിന്റെ ആ യോഗത്തിൽ മറ്റ് ഇരുപതു സ്‌ത്രീകളെക്കൂടി വിചാരണയ്‌ക്ക് ഹാജരാക്കിയിരുന്നു. ആ സ്‌ത്രീകളിൽ ആരെയും ലേലത്തിൽ പിടിക്കാൻ ആളുകളില്ലാതിരുന്നതിനാൽ കുപിതരായ പഞ്ചായത്തംഗങ്ങൾ ആറുമണിക്കൂർ തലയിൽ ഭാരമുളള കല്ലുകളുമായി നില്‌ക്കുവാനുളള ശിക്ഷയാണ് ആ സാധുസ്‌ത്രീകൾക്കു വിധിച്ചത്.
ഗുലാബ് ബമനിയുടെ പരാതിയെത്തുടർന്ന് പോലീസ് ഇടപെട്ട് ദേവകിബായിയെ വിലയ്‌ക്കുവാങ്ങിയ ആളിൽനിന്നും മോചിപ്പിക്കുകയുണ്ടായി.
സുശീല, ബസന്ത എന്നീ രണ്ടു പെൺകുട്ടികളെയും അയ്യായിരം, എണ്ണായിരം എന്നീ തുകകൾക്ക് ലേലംചെയ്‌ത വാർത്തയും പുറത്തുവന്നിട്ടുണ്ട്. സാധനങ്ങൾ ലേലംചെയ്യുന്ന അതേ രീതിയിൽ ഒരുതരം, രണ്ടുതരം, മൂന്നുതരം പറഞ്ഞാണ് കച്ചവടം ഉറപ്പിക്കുന്നത്. ലേലത്തിലൂടെയും പിഴയിലൂടെയും ഈടാക്കുന്ന തുക പഞ്ചായത്തിന്റെ ചെലവുകൾക്കും, അംഗങ്ങൾക്കു കുടിച്ചു മദിക്കാനുമാണ് ഉപയോഗപ്പെടുത്തുന്നത്. മെയ്യനങ്ങി ജോലിചെയ്യാനിഷ്‌ടപ്പെടാത്ത പുരുഷവർഗ്ഗം ഈ ലേലങ്ങളും, പിഴ ഈടാക്കലുമൊക്കെ വരുമാനമാർഗ്ഗമായി കരുതുന്നുമുണ്ട്.
മധ്യപ്രദേശത്തെ ഫിഷറീസ് മന്ത്രിയായിരുന്ന ഹീരാലാൽ സിലാവത്ത് (ദിഗ്‌വിജയസിംഗിന്റെ മന്ത്രിസഭയിൽ) മുഖ്യാതിഥിയായി പങ്കെടുത്ത ഒരു പഞ്ചായത്തിൽവച്ചാണ് സുശീലയുടെയും ബസന്തയുടെയും ലേലങ്ങൾ നടന്നത്. ജാതിപ്പഞ്ചായത്തുകളുടെ അധികാരത്തിൽ കൈകടത്തുന്നത് ശരിയല്ല എന്ന അഭിപ്രായക്കാരനാണ് മന്ത്രി.
പോലീസിന്റെ ശക്തമായ ഇടപെടലുകൾ കാരണം ഈ സ്‌ത്രീകളെയും മോചിപ്പിക്കുവാൻ കഴിഞ്ഞു.
ധാംധരി പഞ്ചായത്ത് കേസരി എന്ന പെൺകുട്ടിയെ 551 രൂപയ്‌ക്ക് ലേലം ചെയ്‌ത സംഭവവും ഈ കോളത്തിൽ നേരത്തെ എഴുതിയിരുന്നതും ഓർമ്മിക്കുമല്ലോ.
ആചാരങ്ങളുടെ പേരിലായാലും കാടത്തം നിറഞ്ഞ ഇത്തരം സംഭവങ്ങളെ കർശനമായി നേരിടേണ്ടത് സർക്കാരിന്റെ ചുമതലയാണ്. മനുഷ്യാവകാശ സംഘടനകളും ദേശീയ വനിതാകമ്മീഷനും സ്‌ത്രീ സംഘടനകളും ഒത്തൊരുമിച്ച്, സ്‌ത്രീകളെ ലേലച്ചരക്കാക്കിമാറ്റുന്ന ജാതിപ്പഞ്ചായത്തുകൾക്കെതിരെ അതിശക്തമായ നടപടികളുമായി മുന്നോട്ടുപോകാൻ അമാന്തിച്ചുകൂടാ.
Generated from archived content: essay6_july.html Author: gopi_anayadi