കുറഞ്ഞവിലയ്‌ക്കു പെൺകുട്ടികൾ

ഈ തലക്കെട്ടു കാണുമ്പോൾ ചിലർക്കെങ്കിലും അതിശയം തോന്നിയേക്കാം. എന്നാൽ അതിശയിക്കേണ്ട. ഇതു സത്യമാണ്‌. ഝാർഖണ്ഡ്‌, ഒറീസ്സ, പശ്ചിമബംഗാൾ, അസ്സം എന്നീ സംസ്ഥാനങ്ങളിലെ ദരിദ്രരായ പെൺകുട്ടികൾ, പഞ്ചാബ്‌, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ധനാഢ്യരായ കർഷകർക്കു കഴിഞ്ഞ കുറെ വർഷങ്ങളായി വിൽക്കപ്പെടുകയാണ്‌. അയ്യായിരം മുതൽ പതിനയ്യായിരം രൂപവരെ വിലയ്‌ക്കാണ്‌ കൗമാരപ്രായം കഴിയാത്ത ഹതഭാഗ്യകളായ ഈ പെൺകുട്ടികൾ വില്‌ക്കപ്പെടുന്നത്‌. വീട്ടുകാര്യങ്ങൾക്കും, മാംസദാഹത്തിനും ഉപകരണങ്ങളാക്കിമാറ്റുന്ന ഈ കുട്ടികൾക്കു ബാല്യവും കൗമാരവും നഷ്‌ടപ്പെടുകയാണ്‌.

കൗമാരപ്രായം കഴിയാത്ത പെൺകുട്ടികളെ ജോലി വാഗ്‌ദാനം ചെയ്‌തു പ്രലോഭിപ്പിച്ചാണ്‌ ദല്ലാളന്മാർ വില്‌പനയ്‌ക്കായി കൊണ്ടുവരുന്നത്‌. ഹരിയാന, പഞ്ചാബ്‌ തുടങ്ങി കാർഷിക പ്രാധാന്യമുളള സംസ്ഥാനങ്ങളിൽ നല്ല കന്നുകാലികൾക്കു നൽകേണ്ടിവരുന്ന തുകയിലും വളരെ തുച്ഛമായ വിലയ്‌ക്കാണ്‌ പെൺകുട്ടികളുടെ വ്യാപാരം ഉറപ്പാക്കുന്നത്‌.

അസ്സമിലെ ധുബരി ഗ്രാമത്തിലെ രോഷൻ ആരാ എന്ന പെൺകുട്ടിയുടെ കഥ ഉദാഹരണമായി എഴുതാം. ഹരിയാനയിലെ കർണാൽ ജില്ലയിലെ ഒരു നാരീനികേതൻ കേന്ദ്രത്തിൽ ഇപ്പോൾ കഴിയുന്ന ഇവളെ ഈ അടുത്തിടെയാണ്‌ പോലീസ്‌ മോചിപ്പിച്ചത്‌. രോഷന്റെ മൂന്നാമത്തെ ഉടമസ്ഥന്റെ വീട്ടിൽനിന്നുമാണിവൾ മോചിതയായത്‌. ഓരോ വർഷം വീതം വേറെ രണ്ടുപേരുടെ ഉടമസ്ഥതയിലായിരുന്നു. ഓരോ പ്രാവശ്യവും കൂടുതൽ വിലയ്‌ക്കാണ്‌ ഇവളെ വിറ്റുപോന്നത്‌. കന്നുകാലികളുടെ കച്ചവടത്തിൽ കർഷകർ കാണിക്കുന്ന അതേ കച്ചവടനയം. ഇതേ ഗ്രാമത്തിലെതന്നെ മൊഹ്‌സിന എന്ന പെൺകുട്ടിയും പലരുടെയും കൈകൾമാറി അവസാനം ഗർഭവതിയായ നിലയിലാണ്‌ ഹരിയാനാ പോലീസ്‌ മോചിപ്പിച്ചത്‌. നാല്‌പതും അമ്പതും വയസ്സുവരെ പ്രായമുളള ജാട്ടുവംശജരായ ഹരിയാനക്കാർ ഈ പെൺകുട്ടികളുടെ സമ്മതമില്ലാതെ ഇവരെ വിവാഹം കഴിക്കുന്ന സംഭവവും വിരളമല്ല. കേൾക്കുമ്പോൾ പോലും അറപ്പുതോന്നുന്ന വിധത്തിലുളള രതിവൈകൃതങ്ങൾക്ക്‌ ഈ കൗമാരപ്രായക്കാരെ ഇരയാക്കാറുണ്ട്‌ എന്നാണ്‌ ചില സന്നദ്ധസംഘടനകൾ നടത്തിയ പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌.

ഹരിയാനയിൽ മാത്രമായി നിത്യയാതന അനുഭവിക്കുന്ന ഇത്തരം അയ്യായിരത്തിലധികം പെൺകുട്ടികൾ ഉണ്ടെന്നാണ്‌ പോലീസുവൃത്തങ്ങൾ നൽകുന്ന സൂചന. ഫരീദാബാദ്‌, റേവാഡി, ഗുർഗാവ്‌ എന്നീ ജില്ലകളിലാണ്‌ ഏറ്റവും അധികംപേരും. ലൈംഗികപീഡനങ്ങൾക്കുപുറമെ കടുത്ത ശാരീരിക മർദ്ദനങ്ങളും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ഈ നിഷ്‌കളങ്കരായ കുട്ടികളെ മോചിപ്പിക്കുവാൻ ഏതാനും ചില സന്നദ്ധസംഘടനകൾ മാത്രമാണ്‌ ഇപ്പോൾ രംഗത്തുളളത്‌. പരാതികളില്ലാതെയുളള പോലീസ്‌ അന്വേഷണം തെളിവുകളുടെ അഭാവത്താൽ പരാജയപ്പെടുകയും, കുറ്റവാളികൾ രക്ഷപ്പെടുകയും ചെയ്യുന്നു. കൂടുതൽ സർക്കാരേതര സംഘടനകളും, മഹിളാപ്രവർത്തകരും, പോലീസും ഒന്നിച്ചുചേർന്ന്‌ പ്രവർത്തിച്ചാൽ കൗമാരത്തിൽ മുരടിച്ചുപോകുന്ന പതിനായിരക്കണക്കിനു പെൺകുട്ടികളെ രക്ഷപ്പെടുത്താൻ കഴിയും. ഹരിയാനയിലും, പഞ്ചാബിലും മാത്രമല്ല, മുംബെയ്‌, ദില്ലി തുടങ്ങിയ വൻനഗരങ്ങളിലെ ചുവന്ന തെരുവുകളിലേക്കും വൻ തുകകൾക്കു ഈ സാധു ബാലികമാരെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്‌. ഇന്ത്യയിലേതിനേക്കാൾ കുറഞ്ഞ വിലയ്‌ക്ക്‌ ബംഗ്ലാദേശിലും, നേപ്പാളിലും പെൺകുട്ടികളെ സുലഭമായി കിട്ടുന്നതിനാൽ സാമൂഹ്യദ്രോഹികളായ ദല്ലാളന്മാർ ആ അതിർത്തി രാജ്യങ്ങളിലേക്കും അവരുടെ വ്യാപാരശൃംഖല വ്യാപിപ്പിച്ചിട്ടുണ്ട്‌. കടുത്ത ദാരിദ്ര്യത്താൽ സ്വന്തം പിഞ്ചോമനകളെ കൈമാറുന്ന മാതാപിതാക്കളറിയുന്നില്ലല്ലോ ആ കുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങളും തീരായാതനകളും…!!

Generated from archived content: essay3_sep2.html Author: gopi_anayadi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English