ഛത്തിസ്‌ഗഢിലെ ബസ്‌തർജില്ല ആദിവാസികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്. അതിപുരാതന ആദിവാസി ഗോത്രങ്ങളും ഇക്കൂട്ടത്തിൽപെടുന്നുണ്ട്. വനനിബിഢമായ ഈ സ്ഥലങ്ങൾ ഇന്ന് പീപ്പിൾസ് വാർ ഗ്രൂപ്പ് (പി.ഡബ്ല്യൂ.ജി) എന്ന നക്‌സൽ സംഘടനയിൽപ്പെട്ട തീവ്രവാദികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു.
എല്ലാ ആദിവാസി ഗോത്രങ്ങൾക്കും അവരുടേതായ ആചാരാനുഷ്‌ഠാനങ്ങളും സാമൂഹ്യനിയമങ്ങളുമുണ്ട്. ഏറെ പ്രാകൃതമെന്നുതോന്നുന്ന അത്തരം പല ആചാരങ്ങളുടെയും ഈറ്റില്ലം കൂടിയാണ് ബസ്‌തർ. ഗോത്രനിയമങ്ങൾ പാലിക്കാത്ത മനുഷ്യർക്കു മാത്രമല്ല, ജോലിയിൽ കൃത്യവിലോപം കാട്ടുന്ന ദൈവങ്ങൾക്കും കടുത്ത ശിക്ഷവിധിക്കുന്ന നിയമങ്ങളാണ് ഇവിടെ പാലിച്ചുപോരുന്നത്.
ഒക്‌ടോബർ മാസത്തിൽ ദുർഗ്ഗാപൂജയോടനുബന്ധിച്ച് ആരാധനാമൂർത്തികളായ എല്ലാ ദൈവങ്ങളേയും ഘോഷയാത്രയായി കൊണ്ടുവന്ന് ദാന്തേശ്വരിമാതാവിന്റെ ക്ഷേത്രത്തിനുമുന്നിൽ അണിനിരത്തുന്നു. ജനസമൂഹത്തിന്റെ നാനാവിധ ഐശ്വര്യങ്ങൾക്കും കാരണഭൂതയായ ദാന്തേശ്വരി മാതാവാണ് ഏറെ ആരാധിക്കപ്പെടുന്ന ദേവി. ആ ദേവിയെ സാക്ഷിനിർത്തി രാജസദസ്സ് ആരംഭിക്കുന്നു. ദേവമാതാവായി സങ്കല്പിച്ച് അണിയിച്ചൊരുക്കി ഏഴുവയസ്സുളള ഒരു പെൺകുട്ടിയെയും അലങ്കരിച്ച ആസനത്തിൽ ഇരുത്തുന്നു. ബസ്‌തറിലെ ആദിവാസികൾ ഇന്നും അവരുടെ രാജാവിന്റെ പ്രജകളായാണ് അവരെ കരുതിവരുന്നത്. ഈ രാജസദസ്സിൽ അവരുടെ രാജാവ് പ്രമുഖസ്ഥാനത്ത് ഉപവിഷ്‌ടനാകുന്നതോടെ ജനങ്ങൾ അവരുടെ ദുരിതങ്ങളെക്കുറിച്ച് ആവലാതിപ്പെടുന്നു. ഈ ആവലാതികളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ദൈവങ്ങൾ വിചാരണചെയ്യപ്പെടുന്നു. മഴക്കുറവുകാരണം ഉണ്ടായ ജലക്ഷാമം, കൃഷിനാശം, അജ്ഞാതരോഗങ്ങൾ മൂലമുണ്ടായ മരണങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ എന്നിവയെല്ലാം പരാതികളിൽ ഉൾപ്പെടുന്നു. ഭൂമിയുടെ അധിപനായ മതിദേവൻ, മഴയുടെ ദേവൻ, ഗോമാതാവ്, ആരോഗ്യസംരക്ഷകനായ ദേവൻ ഇങ്ങനെ ഓരോരുത്തരും അവരുടെ ജോലിയിൽ വരുത്തിയ വീഴ്‌ചയാണ് വിചാരണയ്‌ക്കിടയാക്കുന്നത്.
പരാതികളും സാക്ഷിമൊഴികളും കേട്ടശേഷം രാജാവ്, കാര്യനിർവഹണത്തിൽ വീഴ്‌ചവരുത്തിയ ദൈവങ്ങൾക്ക് ജയിൽശിക്ഷ വിധിക്കുന്നു. ജനക്കൂട്ടം ഘോഷയാത്രയായി ഈ ദൈവങ്ങളെയെല്ലാം ഒരു തുറന്നസ്ഥലത്ത് വച്ചിരിക്കുന്ന വലിയൊരു ഇരുമ്പുകൂട്ടിൽ അടയ്‌ക്കുന്നു. ദൈവമാതാവായി സങ്കല്പിച്ച പെൺകുട്ടി ഉറഞ്ഞുതുളളി ഈ ഘോഷയാത്രയിൽ പങ്കെടുക്കുന്നുണ്ട്. പ്രതീകാത്മകമായ ഈ കാരാഗൃഹവാസം ഏതാനും മണിക്കൂറുകൾ മാത്രമേ നീണ്ടു നില്‌ക്കുകയുളളു. മേലിൽ സ്വന്തം ജോലികളിൽ വീഴ്‌ച വരുത്തരുതെന്ന് കർശനമായി താക്കീതുനൽകി ഈ ദൈവങ്ങളെ അവരവരുടെ യഥാർത്ഥ സ്ഥാനങ്ങളിൽ പ്രതിഷ്‌ഠിക്കുന്നതോടെ ഈ ചടങ്ങ് അവസാനിക്കുന്നു.
അപരിഷ്‌കൃതരെന്നു ചൊല്ലി നാം മാറ്റിനിർത്തുന്ന ഈ ആദിവാസി സമൂഹത്തിന്റെ ഉദാത്തമായ സാമൂഹ്യനീതിയെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല. തെറ്റുചെയ്‌തത് ദൈവമായാൽപോലും ശിക്ഷയ്‌ക്കർഹനാണ്. നിയമത്തിനതീതനായി ആരുമില്ല. അമ്പും വില്ലുമായി നടക്കുന്ന പ്രാകൃതരായ ഈ വനവാസികൾ നൽകുന്ന സന്ദേശം നമ്മുടെ പരിഷ്‌കൃത മനസ്സിന് എന്നെങ്കിലും ഉൾക്കൊളളാനാവുമോ…?
Generated from archived content: essay2_mar.html Author: gopi_anayadi
Click this button or press Ctrl+G to toggle between Malayalam and English