ഹൃദയത്തിൽ ഒരാലില

നേരിയ വെളിച്ചം മാത്രമുള്ള ഒരു കുടുസുമുറിയായിരുന്നു അത്‌. മരക്കഷണങ്ങൾ ചേർത്തുവച്ച പഴഞ്ചൻ വാതിലിന്‌ കുറ്റിയിട്ടുകൊണ്ട്‌ അവൾ പറഞ്ഞുഃ “മഴ വരുന്നു”.

എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം അയാൾ പകച്ചുനിന്നപ്പോൾ അവൾ വീണ്ടും ശല്യപ്പെടുത്തി. ആകെ അലങ്കോലപ്പെട്ട ഒരു മുറിയാണത്‌. അവിടവിടെ സിഗരറ്റു കുറ്റികളും മദ്യക്കുപ്പികളും ചിതറിക്കിടന്നിരുന്നു. ഭിത്തിയിൽ മാലയിട്ട ഒരു ചിത്രത്തിൽ കൃഷ്ണരൂപം പുഞ്ചിരിക്കുന്നു.

“എന്റെയെല്ലാമാണത്‌.” ആ ചിത്രത്തിലേയ്‌ക്ക്‌ വിരൽചൂണ്ടി അവൾ പറഞ്ഞു.

അയാൾ വല്ലാതെ വിയർത്തു തുടങ്ങിയിരുന്നു. പുറത്ത്‌ മഴപൊടിയുന്ന മണം അറിഞ്ഞു തുടങ്ങി. അവളുടെ കണ്ണുകളിലേക്ക്‌ ഇടയ്‌ക്കിടെ അയാൾ ഒളിച്ചുനോക്കിയെങ്കിലും അനുരാഗഭാവം കൈവന്നില്ല. രക്ഷപ്പെട്ട്‌ പുറത്തേക്കോടാൻ മനസ്‌ പറഞ്ഞെങ്കിലും അവൾ പിടിമുറുക്കിയിരുന്നു.

തന്റെ പരിഭവങ്ങൾ അവൾ നന്നേ ആസ്വദിക്കുകയാണെന്ന്‌ അയാൾക്കു തോന്നി. അയാളുടെ തണുത്ത കൈവിരലുകളിൽ ഞൊട്ടയിട്ടുകൊണ്ട്‌ അവൾ പറഞ്ഞു.

“നിങ്ങളൊരു പാവമാണ്‌. നോക്കൂ, എത്രയെത്ര മാന്യന്മാർ കടിച്ചുകുടഞ്ഞ ശരീരമാണ്‌ എന്റേത്‌. പിന്നെ നിങ്ങൾമാത്രം എന്തേ ഇങ്ങനെ?”

അവളുടെ കവിളുകളിലേക്ക്‌ രക്തം ഒലിച്ചിറങ്ങുന്നത്‌ അയാൾ കണ്ടു. പകരം എന്തെങ്കിലുമൊക്കെ പറഞ്ഞ്‌ അവളെ ആശ്വസിപ്പിക്കണമെന്ന്‌ വിചാരിച്ചെങ്കിലും വാക്കുകൾ വഴിമുട്ടി.

വരണ്ടുണങ്ങിയ അവളുടെ ചുണ്ടുകളിൽ നിന്ന്‌ ചുംബനപ്പാടുകളുടെ തേങ്ങലുകൾ അയാൾക്ക്‌ കേൾക്കാമായിരുന്നു. ആരൊക്കെയോ അവളിൽ നിന്നും അടർത്തിയെടുത്ത പരിശുദ്ധിയുടെ പാരിജാതപ്പൂക്കൾ അയാൾക്കു മുന്നിൽ വാടിക്കരിഞ്ഞുകിടന്നിരുന്നു. കരിനീലിച്ചു തുടങ്ങിയ അവളുടെ കഴുത്തിലേക്ക്‌ അയാൾ ചുണ്ടുകൾ അമർത്തി. ഞരമ്പുകൾ ഓരോന്നായി മുറിച്ച്‌ അവളെ ഒരു പുനർജന്മത്തിലേക്ക്‌ നയിക്കുമ്പോൾ അയാൾ കിതക്കുന്നുണ്ടായിരുന്നു.

Generated from archived content: story4_dec11_07.html Author: gireesh_puthuvila

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English