ആട്ടുകല്ലിന്റെ ഉപയോഗങ്ങൾ

ആദ്യരാവിന്റെ വിയർപ്പും വിഹ്വലതയും പ്രിയയുടെ മുഖത്തുനിന്നും സ്വന്തം നെഞ്ചിൽ ഏറ്റുവാങ്ങി നാഥൻ രാവിലെ ജോലിക്കുപോയി.

അതിനുശേഷം, ഭർത്തൃമാതാവിന്റെ സ്‌നേഹപ്രകടനം ആരംഭിച്ചു. വർഷങ്ങളായി പര്യമ്പ്രത്ത്‌ ഉപയോഗിക്കാതെ കമഴ്‌ത്തിയിട്ടിരുന്ന ആട്ടുകല്ല്‌ അവർ മരുമകളുടെ സഹായത്തോടെ തിരിച്ചിട്ടു.

“എനിക്കീ മിക്‌സിയും ഗ്രൈന്ററുമൊന്നും ഇഷ്‌ടമല്ല മോളേ. കല്ലേൽ ആട്ട്യേതിനാ രുചി. പിന്നെ ഇപ്പൊ എന്തുഭയങ്കര കറണ്ടുചാർജ്ജുമാ. മോളുവന്ന സ്ഥിതിക്ക്‌, ഇനി ഈ ആട്ടുകല്ലുതന്നെ ഉപയോഗിക്കാം. മോളിതൊ​‍ാന്നു തേച്ചുകഴികിക്കേ. നാളേക്കുളള മാവ്‌ ഇതേലാട്ടിയെടുക്കാം.” സ്‌നേഹപൂർവ്വം ഇതുപറയുമ്പോൾ, ‘ചെയ്‌തില്ലെങ്കിൽ ഈ ആട്ടുകല്ല്‌ ഞാൻ നിന്റെ കഴുത്തിൽ കെട്ടിയിടുമെടീ“ എന്നായിരുന്നു അവരുടെ മനസ്സിൽ.

മടിക്കുന്ന വിറയാർന്ന കൈളോടെ പ്രിയ പണി തുടങ്ങി. വലിയ കുഴവി പഴയ ഭീമൻകല്ലിൽ കുറെ കറങ്ങിയപ്പോൾ പ്രിയയുടെ തലകറങ്ങി. ”എന്താമോളേ, ഇതൊന്നും ശീലമില്ല അല്ലേ? സാരമില്ല. എല്ലാം പരിചയമായിക്കോളും. മോളതു വേഗം തീർത്തിട്ട്‌ എനിക്കു കുളിക്കാനുളള വെളളം ചൂടാക്കിക്കേ.“

ആട്ടുകല്ല്‌ ഉരുട്ടി അവരുടെ പുറത്തിടാനാണ്‌ പ്രിയയ്‌ക്കു തോന്നിയത്‌. പക്ഷെ അവൾക്ക്‌ അനങ്ങാൻ കഴിഞ്ഞില്ല.

പ്രിയയുടെ തിളങ്ങുന്ന മുഖവും പ്രതീക്ഷിച്ച്‌ അല്‌പം നേരത്തെ വീട്ടിൽ കയറിവന്ന നാഥൻ ആട്ടുകല്ലിനടുത്ത്‌ വാടിയ ചേമ്പിൻതണ്ടുകണ്ട്‌ ഞെട്ടി. മകനെ കണ്ടപാടേ സഹതാപവും പരിഹാസവും തുളുമ്പുന്ന സ്വരത്തിൽ അമ്മ വിശദീകരിച്ചുഃ ”ആട്ടാനും അലക്കാനുമൊന്നും പരിചയമില്ല, പാവം.“ നാഥന്റെ അടിവയറ്റിൽനിന്നും ഒരാളൽ മുകളിലേക്കുയർന്നു. ഈ പഴയ ആട്ടുകല്ല്‌ പ്രിയയ്‌ക്കും അമ്മയ്‌ക്കും ഇടയിലല്ല, തന്റെ നെഞ്ചിലാണിരിക്കുന്നതെന്ന്‌ അയാൾക്കു തോന്നി.

Generated from archived content: story1_aug13_05.html Author: g_vikramanpillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here