ചുരുളുകൾ

കുളിക്കാൻ വെളളം കോരുമ്പോൾ സതീശൻ ഓർത്തുഃ കിണർവെളളവും അകന്നു പോവുകയാണ്‌. കിണറുകൾക്കും ഇനി നികുതിയടച്ച്‌ ലൈസൻസ്‌ എടുക്കണമത്രേ. അല്ലെങ്കിൽ, തടവോ പിഴയോ രണ്ടുംകൂടിയോ അനുഭവിക്കേണ്ടിവരും. വഴിപോക്കർക്കും തെണ്ടികൾക്കുംകൂടി വെളളം ലഭിക്കാൻ വഴിക്കിണറുകൾ നിർമ്മിച്ചുപോയ പഴയ രാജാക്കന്മാരെയും വിചാരണ ചെയ്യുമോ ആവോ! കയറിഴകൾ പലയിടത്തും പൊട്ടിയതാണ്‌. ഏതു സമയവും കിണറ്റിൽ വീഴാം. തൊട്ടി വീണുപോയാൽ പിന്നെ എടുക്കാനെളുപ്പമല്ല. പൊട്ടിയ ഇഴകൾ പിരിച്ചുചേർത്ത്‌ സതീശൻ കയർ താല്‌ക്കാലികമായി ബലപ്പെടുത്തി. കുളിച്ചു വസ്‌ത്രംമാറി അയാൾ ചിരുക്കോണം മുക്കിലേക്കു നടന്നു. കുമാരണ്ണന്റെ കടയിൽനിന്നും ഒരു കയർ വാങ്ങണം. കുമാരണ്ണൻ പലയിനം പ്ലാസ്‌റ്റിക്‌ കയറുകൾ എടുത്തുകാട്ടി. നിറത്തിലും മയത്തിലും വൈവിദ്ധ്യമാർന്നവ, ആകർഷകമായവ. അർദ്ധനഗ്നയായ സിനിമാനടിയുടെ ചിത്രം പതിച്ച ഒരു കയർചുരുൾ എടുത്തുകാട്ടി കുമാരണ്ണൻ പറഞ്ഞുഃ “ഇതാണിപ്പോൾ ഏറ്റവും ചെലവുളള കയർ.”

“ചകിരിക്കയറില്ലേ?” സതീശൻ ചോദിച്ചു.

“ഇക്കാലത്ത്‌ അതാരുവാങ്ങും?” കുമാരണ്ണൻ തുറിച്ചുനോക്കി.

സതീശൻ അവിടെ നിന്നിറങ്ങി.

കുട്ടിസാറിന്റെ കടയിൽക്കയറി ചകിരിക്കയർ ചോദിച്ച സതീശനോട്‌ അദ്ദേഹം ചിരിച്ചുകൊണ്ടു ചോദിച്ചു.

“കുഞ്ഞ്‌ ഈ ലോകത്തെങ്ങുമല്ലേ?”

അട്ടിയിട്ടുവച്ചിരുന്ന പ്ലാസ്‌റ്റിക്ക്‌ കയറുകൾ ചൂണ്ടി കുട്ടിസാർ പറഞ്ഞുഃ “അതിലൊരെണ്ണമെടുത്തോ.”

സതീശന്റെ മനസ്സിൽ പലതരം കയറുകൾ ഇഴപിരിയാൻ തുടങ്ങി.

ബീഡിവാങ്ങാൻ പപ്പു പിരിച്ചുകൊണ്ടു പോകുന്ന ചല്ലിക്കയർ, തകഴിയുടെ ചുരുൾതീരാക്കയർ, അഷ്‌ടമുടിക്കായൽ തീരത്തെ റാട്ടുകളിൽ മുറുകിനീളുന്ന കഥകളുടെ കയറുകൾ. എവിടെനിന്നോ ഒരീരടി വരുന്നുഃ

“ചവറ പന്മന തേവലക്കര കയറുകൊണ്ടു പിഴയ്‌ക്കണം…”

കാസരോഗം കാർന്നുതിന്ന ഭർത്താവിന്റെയും കായൽ കവർന്നെടുത്ത മകന്റെയും ഓർമ്മയുടെ കയർ പിരിക്കുന്ന വൃദ്ധയുടെ പുകയുയരാത്ത അടുപ്പ്‌ സതീശന്റെ മനസ്സിൽ തെളിഞ്ഞു. ഇവരുടെ മകൾ പിഴയ്‌ക്കുകയാണോ? അപ്പോൾ, മകന്റെ ഊഞ്ഞാൽക്കയറിന്റെ ബലം പരിശോധിക്കുന്ന ശേഷക്രിയയിലെ കുഞ്ഞയപ്പനെ അയാൾ ഒരു മിന്നായംപോലെ കണ്ടു.

വെളളത്തിലൂടെ വയറ്റിലെത്തിയ പ്ലാസ്‌റ്റിക്ക്‌ നാരുകൾ കുരുങ്ങി വയർ സ്‌തംഭിച്ചതുപോലെ അയാൾക്ക്‌ ഓക്കാനമുണ്ടായി. സതീശൻ പിന്നെ അവിടെ നിന്നില്ല. ചകിരിയുടെ ഒരു കിണറ്റുകയർ കിട്ടുമോ എന്നറിയാൻ അഞ്ചൽ ചന്തയിലേക്കു പോകാൻ അയാൾ ബസ്‌സ്‌റ്റാൻഡിലേക്കു നടന്നു.

പുതിയതായി വാങ്ങിയിട്ട കയർ ഒരു മാസത്തിനുളളിൽ പൊട്ടി കിണറ്റിൽ വീണു. ഭാര്യയുടെ വിമർശനം ഉടനെ ഉണ്ടായി.

“അറുപതുരൂപ വെറുതെ കളഞ്ഞു. വെറും മുപ്പതുരൂപ കൊടുത്ത്‌ ഒരു പ്ലാസ്‌റ്റിക്ക്‌ കയർ വാങ്ങിയിട്ടിരുന്നെങ്കിൽ ഒരു വർഷമെങ്കിലും ഉപയോഗിക്കാമായിരുന്നു.” തത്വശാസ്‌ത്രപരമായ ഒരു തർക്കത്തിന്‌ സതീശൻ തയ്യാറായില്ല. തൊട്ടി എടുക്കാൻ എവിടുന്നെങ്കിലും ഒരു പാതാളക്കരണ്ടി സംഘടിപ്പിക്കണം. അയാൾ ഷർട്ടെടുത്തിട്ട്‌ പെട്ടെന്ന്‌ പുറത്തേക്കിറങ്ങി.

Generated from archived content: sept_story1a.html Author: g_vikramanpillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here