മലയാളത്തിലെ ചില അവാർഡുകൃതികൾ അമേരിക്കയിലെ ടോയ്‌ലെറ്റുകളിൽ കണ്ടെത്തിയതായി അവിടം സന്ദർശിച്ച ശൂരനാട് രവി രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടു. മലയാളത്തിലെ അവാർഡുകൃതികൾക്ക് നേരെയുളള തന്റെ പുച്ഛംനിറഞ്ഞ നിലപാട് അറപ്പുളവാക്കുംവിധം കുറിച്ചുവയ്‌ക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. തനിക്ക് അവാർഡ് കിട്ടിയില്ലെങ്കിൽ അവാർഡ് നൽകുന്നവരെയും, സ്വീകരിക്കുന്നവരെയും ംലേഛമായ ഭാഷയിൽ അധിക്ഷേപിക്കുന്ന നമ്മുടെ സാംസ്‌കാരിക നായകന്മാരുടെ രീതി ഇത്രത്തോളമെത്തിയിരിക്കുന്നു എന്നു തിരിച്ചറിയുന്നത് ഖേദത്തോടെയാണ്. അവാർഡു കിട്ടിയതോ അല്ലാത്തതോ ആയ പുസ്‌തകങ്ങളുടെ താളുകൾ ചീന്തിയെടുത്ത് ശൗചവൃത്തിക്ക് ഉപയോഗിക്കുന്ന അമേരിക്കൻ താന്തോന്നിത്തത്തെ പൊങ്ങച്ചത്തിന്റെ പരിവേഷത്തിൽ പൊതിഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കുന്ന ഈ സാഹിത്യകാരൻ മലയാളഭാഷയെയും സാഹിത്യത്തെയും ധിക്കാരപൂർവ്വം അപഹസിക്കുകയല്ലാതെ മറ്റെന്താണ് ചെയ്‌തിരിക്കുന്നത്? ഇത്തരം കുറിപ്പുകൾ ആരുടേതായാലും ചവറ്റുകുട്ടയിൽ തളളുവാനുളള ആർജ്ജവം ഉൺമയ്‌ക്ക് ഉണ്ടാകണം.
ഇതേ ലക്കത്തിൽ വന്നിട്ടുളള മുതുകുളം മാധവൻപിളളയുടെ ഒരു കുറിപ്പ് അല്‌പജ്ഞതയുടെയും അഹന്തയുടെയും ആഴം എത്രത്തോളമെന്ന് തെളിയിക്കുന്നു. മലയാള വിലാപകാവ്യശാഖയിൽ വേറിട്ടൊരു വ്യക്തിത്വത്തോടെ നില്‌ക്കുന്ന ‘പ്രരോദനം’ എന്ന കുമാരനാശാന്റെ പ്രൗഢോജ്ജ്വല കാവ്യത്തിനുനേരെ മുതുകുളം കൊഞ്ഞനം കാട്ടുന്നു. വളളത്തോളിന്റെയും ഉളളൂരിന്റെയും ചില ആദ്യകാല വിലാപകൃതികളെ മുൻനിർത്തി ‘ചവറുകളുടെ’ രചയിതാക്കളെന്ന് ആ മഹാകവികളെ നിന്ദിക്കുന്നു. ധർമ്മാധർമ്മങ്ങളുടെ ഏറ്റുമുട്ടലുകൾ എന്ന നിലയിൽ യുദ്ധങ്ങളെ മനോഹരമെന്ന് നോക്കിക്കാണുന്ന എഴുത്തച്ഛൻ എന്ന ആചാര്യനെ മഹാപണ്ഡിതൻ എന്ന ഭാഷ്യത്തോടെ തെറ്റായി ചിത്രീകരിച്ചിരിക്കുന്നു. ഉൺമയുടെ മറ്റൊരു ലക്കത്തിൽ എഴുത്തച്ഛനെ അശ്ലീല കവിതയുടെ രചയിതാവ് എന്ന പ്രതീതി ജനിപ്പിക്കുംവിധം മാധവൻപിളള ചിത്രീകരിച്ചിരുന്നു എന്നുളള വസ്‌തുതയും ഇതോടൊപ്പം പരിഗണിക്കേണ്ടതുണ്ട്.
സന്ദർഭത്തിൽ നിന്ന് അടർത്തിയെടുക്കുന്ന ചില വരികളുടെ പേരിലോ, രചയിതാക്കൾക്കുതന്നെ ബാലിശമെന്ന് പില്‌ക്കാലത്ത് തോന്നിയേക്കാവുന്ന ചില പ്രാരംഭകാല കൃതികളുടെ പേരിലോ ലബ്‌ധപ്രതിഷ്‌ഠരായ മഹാപ്രതിഭകളെ ഇകഴ്‌ത്തിക്കാട്ടാമെന്ന് കരുതുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ അല്‌പത്തമാണ്.
Generated from archived content: essay7_june.html Author: g_vasavan