കരനാഥന്മാരോട്‌

ഇപ്പോൾ വെളിച്ചെണ്ണയെക്കുറിച്ച്‌ എന്തു പറയുന്നു? അതിൽനിറയെ വിഷമാണെന്നാണ്‌ കേൾക്കുന്നത്‌. മെഴുകും ശുദ്ധിചെയ്‌ത കരിയെണ്ണയും ചേർന്നാണവ വില്‌ക്കുന്നത്‌. ഇവയെപ്പറ്റി കരനാഥന്മാർക്ക്‌ ഒന്നും പറയാനില്ലെ? ഒന്നു മെഴുക്കുപുരട്ടാനും, പുളിശ്ശേരി കടുകുവറക്കാനും, ഗോതമ്പുദോശ ചുട്ടെടുക്കാനും, പപ്പടം കാച്ചാനും, ഇടയ്‌ക്കൊക്കെ തലയിൽ തേയ്‌ക്കാനും എടുക്കുന്ന വെളിച്ചെണ്ണയെക്കുറിച്ചാണ്‌ ഈ പറയുന്നത്‌.

പണ്ടൊക്കെ തേങ്ങാവെട്ടി, കൊപ്രാ ഉണക്കി, ചക്കിലാട്ടി അതെടുക്കുകയായിരുന്നു പതിവ്‌. തേങ്ങാ വെളിച്ചെണ്ണയിലേക്ക്‌ എത്തുന്ന യാത്രയിൽ ഞങ്ങൾ അനുഗമിച്ചിരുന്നതാണ്‌. പിന്നീടാണത്‌ കടയിൽ നിന്നും, കൂടുകളിൽ വാങ്ങാവുന്ന ഒരു സാധനമായി പരിണമിച്ചത്‌. മോഡേൺ ആകണമെങ്കിൽ ഇതൊക്കെ കടയിൽനിന്ന്‌ വാങ്ങണമെന്ന്‌ നിങ്ങളുടെ ശാസ്‌ത്രജ്ഞന്മാരും ആരോഗ്യവകുപ്പ്‌ പ്രവർത്തകരും പറഞ്ഞു. സംശയിച്ചുനിന്നവരെ പരിഹസിച്ചു. പാരമ്പര്യത്തിൽ കടിച്ചുതൂങ്ങിക്കിടക്കുന്നവർ എന്ന്‌ അക്ഷേപിച്ചു മനസ്സുകെടുത്തി.

ഇപ്പോൾ നിങ്ങൾക്കറിയാം കാര്യങ്ങൾ ശുഭകരമല്ല. നിങ്ങൾക്ക്‌ ഞങ്ങളോട്‌ സഹതാപമുണ്ട്‌. അതു വാക്കിലൊതുക്കുവാനേ കഴിയൂ എന്നും മനസ്സിലാക്കുന്നു. നിങ്ങൾക്കറിയാം വെളിച്ചെണ്ണ എവിടെവച്ചാണ്‌ വിഷലിപ്‌തമാകുന്നതെന്ന്‌. ആരാണ്‌ ചെയ്യുന്നതെന്നും ബോധ്യമുണ്ട്‌. പക്ഷെ കരനാഥന്മാർ നിസ്സഹായരാണല്ലോ. കാളിയന്മാർ കരനാഥന്മാരെക്കാൾ കരുത്തരാണ്‌. നിങ്ങൾ ശ്രീകൃഷ്‌ണവേഷം കെട്ടുമെങ്കിലും കാളിയമർദ്ദനം അനുഷ്‌ഠിക്കാൻ കരുത്തില്ല. കാരണം, കാളിയൻ നിങ്ങളുടെ പരമഹംസവേഷത്തെക്കാൾ വളർന്നിരിക്കുന്നു.

അപ്പോൾ നിങ്ങൾക്ക്‌ ചെയ്യാൻ കഴിയുന്നത്‌ ഈ പുഴുക്കളിൽനിന്നു അകന്നുനില്‌ക്കുകയാണ്‌. കൃത്രിമമായി വെച്ചുചേർത്ത ഒരു പുഞ്ചിരിയും, തോളിലൊരു മൃദുതാഡനവുമായി നിങ്ങൾ അതു നിർവഹിക്കുന്നു. കാളിയനും പുഴുക്കളുമില്ലാത്ത മനോഹരദേശങ്ങളിലേക്ക്‌ ചേക്കേറുവാൻ നിങ്ങൾ വെമ്പൽകൊളളുന്നത്‌ ആരും അറിയാതെ പോകുന്നില്ല. അതിനുളള വിഭവങ്ങൾ സംഭരിക്കുവാൻ നിങ്ങൾക്ക്‌ പ്രയാസമില്ല. അതു നടക്കട്ടെ. നിങ്ങളും മക്കളുമെങ്കിലും രക്ഷപ്പെടുമല്ലോ.

കരക്കാരുടെ ഗതി?

ഏതിനും പ്രകൃതി ഒരു നിയന്ത്രണം കൊണ്ടുവരുന്ന ഒരു ദിവസമുണ്ട്‌. ഞങ്ങൾക്ക്‌ തെങ്ങുകൾ നഷ്‌ടപ്പെട്ടു. പാരമ്പര്യവഴികൾ മറന്നുപോയി. അവനവനെത്തന്നെ അറിയാതെപോയതിന്റെ കർമ്മവിപാകം. പക്ഷെ, എല്ലാക്കാലവും ഒരുപോലെയാകുകയില്ലെന്ന്‌ പ്രകൃതി പഠിപ്പിച്ചുതരുന്നുണ്ട്‌. നിങ്ങളുടെ ഈ സർവ്വപുച്ഛവും, ക്രോധവും, നാണംകെട്ട മറ്റു ചിലരോടുളള വിധേയത്വവും ഞങ്ങളെ ആ പാഠത്തിലേക്കു നയിക്കുന്നുണ്ട്‌. രാത്രി അധികകാലം നില്‌ക്കില്ല. അനുഭവം അതാണ്‌. ഉദയം അടുത്തുണ്ട്‌. അവിടെ പുതിയ കരനാഥന്മാർ വന്നേക്കാം. പക്ഷെ നിങ്ങളുടെ കാര്യമോ?

Generated from archived content: essay1_mar.html Author: g_ashokkumar_kartha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English