“ഞങ്ങൾ കുഞ്ഞുങ്ങളെ പഠിപ്പിച്ചതെന്തോ അത് നിങ്ങളുടെ കുഞ്ഞുങ്ങളെയും പഠിപ്പിക്കാമോ? ഭൂമി നമ്മുടെ അമ്മയാണെന്ന്. ഭൂമിക്കുമേൽ നിപതിക്കുന്നതെന്തോ അത് അവളുടെ സന്തതികൾക്കുമേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടേതല്ല, മനുഷ്യൻ ഭൂമിയുടേതാണ്. നമ്മെ ഒന്നാക്കി നിർത്തുന്ന രക്തത്തെപ്പോലെ എല്ലാ വസ്തുക്കളും പരസ്പരബന്ധിതങ്ങളാണ്. മനുഷ്യൻ ഉയിരിന്റെ വല നെയ്യുന്നില്ല. അവനതിലൊരിഴമാത്രം. ഉയിരിന്റെ വലയോടവൻ ചെയ്യുന്നതെന്തോ അത് അവനവനോട് തന്നെയാണ് ചെയ്യുന്നത്.” ചുവന്ന ഇന്ത്യാക്കാരുടെ സിയാറ്റിൻ മൂപ്പൻ 1854ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റിനയച്ച കത്തിലെ വരികളാണിത്. വർഷങ്ങൾക്കുമുമ്പ് എഴുതിയ ഈ വരികൾക്ക് സമകാലികാവസ്ഥയിൽ പ്രസക്തി ഏറുകയാണ്. കത്തിയമരാൻ പോകുന്ന ഭൂമിയെപ്പറ്റി അത്രയൊന്നും ഗൗരവത്തിൽ ചിന്തിക്കുവാൻ നാം ഇന്നും തയ്യാറല്ല. വരാനിരിക്കുന്ന വൻദുരന്തത്തെ തടഞ്ഞുനിർത്താൻ നാം നേടിയെടുത്ത ഗവേഷണങ്ങളോ, പുരോഗതിയോ മതിയാവില്ലെന്ന് ശാസ്ര്തലോകം തന്നെ ഇന്നു സമ്മതിച്ചുകഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണല്ലോ ജീവിക്കാനൊരിടമുണ്ടോ എന്ന അന്വേഷണവുമായി ശാസ്ര്തലോകം ബഹിരാകാശത്തേയ്‌ക്കും, മറ്റു ഗ്രഹങ്ങളിലേക്കും പ്രതീക്ഷയോടെ നോക്കുന്നത്. പ്രകൃതിയെ ആവശ്യത്തിനും, അനാവശ്യത്തിനും, ആർത്തിക്കും വേണ്ടി ചൂഷണം ചെയ്തപ്പോൾ ഇല്ലാതാകുന്നത് തന്റെതന്നെ കാൽക്കീഴിലെ മണ്ണാണെന്ന് മനുഷ്യൻ മറന്നു. പ്രകൃതിയെ ദൈവമായി കണ്ടിരുന്ന, നാം പ്രാകൃതരെന്ന് വിശേഷിപ്പിച്ചിരുന്ന റെഡ് ഇന്ത്യൻ ആദിവാസികൾ തങ്ങളുടെ ഭൂമി വിലക്കുവാങ്ങാനെത്തിയവരോട് ചോദിച്ച ചോദ്യംഃ “എങ്ങനെയാണ് ആകാശവും ഭൂമിയും വിൽക്കാനും വാങ്ങാനുമാവുക? അത്തരമൊരാശയം തന്നെ വിചിത്രമായി തോന്നുന്നു. കാറ്റിന്റെ ചൈതന്യവും ജലത്തിന്റെ ദീപ്തിയും നമ്മുടേതല്ലെങ്കിൽ, പിന്നെയെങ്ങനെ നമുക്കവയെ വിൽക്കാനും വാങ്ങാനുമാവും?”
ഏറെ പരിഷ്‌കൃതരെന്ന് അവകാശപ്പെടുന്ന നമുക്ക് ഇങ്ങനെ ചോദിക്കാനാവുമോ? ഭൂമിയെ ഒരു വിപണിമാത്രമായി കാണുന്ന കച്ചവടക്കൂട്ടങ്ങൾക്കും സാമ്രാജ്യത്വശക്തികൾക്കും ഭൂമിയെ ഇഷ്ടാനുസരണം കാർന്നുതിന്നാൻ അവസരം നൽകിയതിന്റെ ദുരന്തഫലമാണ് ആഗോളതാപനം മൂലം ഭൂമി ചുട്ടുപഴുക്കാനും, സമുദ്രജലനിരപ്പുയർന്ന് തീരപ്രദേശങ്ങളും ദ്വീപുകളും കടലിനടിയിലാവാനും, അന്തരീക്ഷമലിനീകരണം മൂലം ആഗോള ഇരുളലിനും (Global diomming) കാരണമാകുന്നത്. വ്യവസായപിറവിക്ക് മുമ്പെ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് 280 ppm(Parts per million) -ujgk’k; T’ 383 //sppm ആണ് വാഹനങ്ങൾ പുറന്തള്ളുന്ന കാർബൺ മോണൊക്സൈഡ് എന്ന വിഷവാതകവും, ഹരിതഗൃഹവാതകങ്ങളുടെ അമിതോപയോഗവും, മറ്റു വിവിധതരത്തിലുള്ള അന്തരീക്ഷമലിനീകരണങ്ങളും, വനനശീകരണവുമാണ് അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് വർദ്ധിക്കാൻ കാരണമായത്. ഇതേ തോതിൽ നാം മുന്നോട്ടുപോയാൽ പഠനങ്ങൾ സൂചിപ്പിക്കുന്നത്‌ഃ നാം നേടിയെടുത്ത പുരോഗതി ശൂന്യമായ ഭാവിയിലേക്കാണോ നയിക്കപ്പെടുന്നത്?
സ്വർണ്ണം വാങ്ങുവാനും, പ്രണയിക്കുവാനും ഓരോദിനം നിശ്ചയിച്ച് നാം ആഘോഷിക്കുമ്പോൾ ഭൂമിയെക്കുറിച്ച് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും വേണ്ടിയുള്ള ഭൗമദിനത്തെ നാം അവഗണിക്കുന്നു. അനാവശ്യമായി അടിച്ചേല്പിക്കപ്പെട്ട കച്ചവടതാല്പര്യത്തിന്റെ അടിമകളായി നാം മാറിക്കഴിഞ്ഞിരിക്കുന്നു. ഏപ്രിൽ 22ന് ഈ ആകുലതയെ ഓർമ്മിപ്പിച്ചുകൊണ്ട് ഒരു ഭൗമദിനംകൂടി കടന്നുപോയി. അത്രകണ്ട് കച്ചവട സാധ്യതയില്ലാത്തതിനാൽ അക്ഷയതൃതീയപോലെയോ, പ്രണയദിനംപോലെയോ ഓർമ്മപ്പെടുത്തലിന് മാധ്യമങ്ങൾ തയ്യാറായില്ല. അന്തരീക്ഷത്തിൽ സാറ്റലൈറ്റുകൾ തുപ്പുന്ന ചാനൽമഴയിൽ ലയിച്ച് നാം നൃത്തംചെയ്യുമ്പോൾ വരും തലമുറയ്‌ക്ക് കൈമാറേണ്ട ഭൂമിയെക്കുറിച്ച് എത്രപേർ ഓർക്കുന്നുണ്ട്?
‘മനുഷ്യവംശം അതിന്റെ ഊർജ്ജം നേടുന്നത് പ്രകൃതിയിൽ നിന്നാണ്; സംസ്‌കാരങ്ങൾ വേരാഴ്‌ത്തുന്നതും പ്രകൃതിയിൽ തന്നെ. പ്രകൃതിയെ നാശത്തിൽ നിന്നും രക്ഷിച്ചേ മതിയാകൂ. രാഷ്ര്ടങ്ങൾ ഇതിനായി ഒന്നിക്കേണ്ടതുണ്ട്. ഐക്യരാഷ്ര്ടസഭ തയ്യാറാക്കിയ ചാർട്ടിൽ ഇങ്ങനെ പറയുന്നുണ്ടെങ്കിലും വൻശക്തികൾ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുകയും അന്തരീക്ഷമലിനീകരണം ദിനംപ്രതി വർദ്ധിപ്പിക്കുകയുമാണ്. ആരും ചോദിക്കാനില്ല. മുതലാളിത്തരാജ്യങ്ങൾ തങ്ങളുടെ കച്ചവടമനോഭാവം നിലനിർത്തുവാനും, അധികാരം വ്യാപിപ്പിക്കുവാനും ശ്രമിക്കുന്നു. ബഹുരാഷ്ര്ടകുത്തകക്കമ്പനികളുടെ ആഗോളതാല്പര്യങ്ങൾക്കനുസരിച്ചാണ് മൂന്നാംലോകരാജ്യങ്ങൾ തങ്ങളുടെ രാഷ്ര്ടീയനയങ്ങൾപോലും രൂപീകരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ആഗോളതാപനഫലമാണെന്ന് ശാസ്ര്തലോകം സമ്മതിച്ചുകഴിഞ്ഞു. ആയുധമത്സരവും യുദ്ധങ്ങളും ഭൂമിയെ കൂടുതൽ നാശത്തിലേക്കാണ് നയിക്കുന്നത്. ലോകാവസാനം അടുത്തെത്തിയെന്ന് പ്രശസ്ത ശാസ്ര്തജ്ഞൻ സ്‌റ്റീഫൻ ഹോക്കിംഗ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇത് കറുത്തനാളെയാണ് വരാനിരിക്കുന്നതെന്നതിനെ ഉറപ്പിക്കുന്ന പ്രസ്താവനയാണ്. സാമൂഹികമായും രാഷ്ര്ടീയമായും മനുഷ്യന്റെ ചിന്ത കൂടുതൽ സങ്കുചിതമായിക്കൊണ്ടിരിക്കുകയാണ്. പരസ്പരം പകയോടെ നോക്കുന്നവരുടെ വിഭജിക്കപ്പെട്ട ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യൻ ഭൂമിയെ ഒരു വേട്ടനിലം മാത്രമായാണ് ഇന്ന് കാണുന്നത്. തന്മൂലം വൻദുരന്തത്തെയാണ് നാം വിളിച്ചുവരുത്തുന്നത്’.
കടൽ ഇപ്പോൾ തന്നെ 15 മുതൽ 25 സെന്റിമീറ്റർ വരെ ഉയർന്നുകഴിഞ്ഞിരിക്കുന്നു. ആർട്ടിക്, സൈബീരിയ, ഹിമാലയ മേഖലകളിലെ തണുത്തുറഞ്ഞു കിടക്കുന്ന ഹിമപാളികൾ ഭയാനകമാംവിധത്തിലാണ് ഉരുകിക്കൊണ്ടിരിക്കുന്നത്. ഭൂമി വിയർക്കുന്നതോടെ മുങ്ങിച്ചാവാനും കത്തിയമരാനും വിധിക്കപ്പെട്ടവരായി ഭൂമിയിലെ ജീവജാലങ്ങൾ ചുരുങ്ങുകയാണ്. വിയറ്റ്‌നാം, ബംഗ്ലാദേശ്, ജപ്പാൻ, തുവാലു, മൗറീഷ്യസ്, മ്യാൻമാർ എന്നീ രാജ്യങ്ങൾക്ക് ആഗോളതാപനം വൻനഷ്ടമാണുണ്ടാക്കുക. കൽക്കത്ത, ലണ്ടൻ, ന്യൂയോർക്ക്, മുംബൈ, ചെന്നൈ, ഹോംങ്കോങ്ങ് തുടങ്ങിയ നിരവധി മഹാനഗരങ്ങളും, നിരവധി ചെറുദ്വീപുകളും തീരപ്രദേശങ്ങളും ഇങ്ങനെ ഏതെല്ലാം ഇടങ്ങളാണ് കടലിനടിയിലാവുക? എങ്കിൽ എത്ര ജീവൻ നഷ്ടപ്പെടും? എന്തായാലും വരാനിരിക്കുന്ന നാളുകൾ വൻദുരന്തത്തിന്റേതാണെന്ന് ഓർക്കുന്നത് നന്നായിരിക്കും. ഇനിയെങ്കിലും ഉണർന്നുചിന്തിക്കുവാൻ ശ്രമിച്ചില്ലെങ്കിൽ ജീവന്റെ ഗോളം ഒരു ചാരക്കൂനയായി മാറാനും, സർവ്വജീവജാലങ്ങളും കടുത്ത ചൂടിനെ അതിജീവിക്കാനാവാതെ മരിച്ചുവീഴാനും തയ്യാറാവേണ്ടിവരും. ഭൗമദിനം ഓർമ്മപ്പെടുത്തുന്നതും ഇതുതന്നെയായിരുന്നു.
Generated from archived content: essay6_july20_07.html Author: faizal_bava
Click this button or press Ctrl+G to toggle between Malayalam and English