വരാനിരിക്കുന്ന യുദ്ധങ്ങൾ വെളളത്തിനുവേണ്ടിയുളളതാകും എന്ന സത്യത്തിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കുകയാണ്. 2025 ആകുന്നതോടെ 300 കോടി ജനങ്ങൾ കടുത്ത ജലക്ഷാമത്തിനിരയാകുമെന്ന് പഠനറിപ്പോർട്ടുകൾ പറയുമ്പോൾ വെളളം യുദ്ധക്കൊതിയന്മാർക്ക് ഒരു വഴി തുറക്കുമെന്നതിന് സംശയമില്ല. ബഹുരാഷ്‌ട്രക്കുത്തക കമ്പനികളുടെ കഴുകൻ കണ്ണുകൾ വൻ ജലസമൃദ്ധിയുളള ഇന്ത്യയെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു. അവർക്ക് ഓശാനപാടുന്ന രീതിയിൽ നമ്മുടെ ഭരണവർഗ്ഗം സ്വാഗതമെന്ന ബോർഡും തൂക്കി നിക്ഷേപകസൗഹൃദത്തിനായി ഓടിനടക്കുന്നു. ഇപ്പോൾത്തന്നെ 40 കോടി ജനങ്ങൾ ഇന്ത്യയിൽ കുടിവെളളക്ഷാമത്തിന് ഇരകളാകുന്നു. ഒപ്പം ജലപദ്ധതികളാൽ കുടിയൊഴിപ്പിക്കപ്പെടുന്നവരും അത്രത്തോളംവരും. നർമ്മദയിലെ കേഴുന്ന സ്വരങ്ങൾക്ക് ഭരണവർഗ്ഗത്തിന്റെ ദാക്ഷിണ്യം തെല്ലുമില്ല. (ഭരണമാറ്റം ഇവിടെ ഗുണം ചെയ്യുന്നില്ല.) കഴിഞ്ഞ അമ്പതുവർഷങ്ങൾക്കകം 87000 കോടി രൂപ നാം ജലസേചനത്തിന് ചെലവഴിച്ചിട്ടും കുടിവെളളക്ഷാമം വർഷംതോറും രൂക്ഷമാകുന്ന ഈയവസരത്തിൽ ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്. രാജ്യാന്തരതർക്കത്തിൽ പലയിടത്തും ഇന്ന് പ്രധാന വിഷയം ജലംതന്നെയാണ്. ചിലത് വോട്ടുബാങ്കുനോക്കി രാഷ്‌ട്രീയം കളിക്കുന്നു. വികസനത്തിന് ഒരു സമഗ്ര കാഴ്‌ചപ്പാടില്ലായ്‌മയാണ് പലപ്പോലും നമ്മെ ജലക്ഷാമമനുഭവിക്കുന്നവരാക്കിമാറ്റിയത്. നൈസർഗികവനങ്ങളെ വെട്ടിമാറ്റിക്കൊണ്ട് ഉണ്ടാക്കിയ നമ്മുടെ ജലസേചനങ്ങൾ വരുത്തിവച്ച നഷ്‌ടങ്ങൾ ഭീമമാണ്. കൂടാതെ മറ്റു വികസനഭാരം പേറേണ്ടിവന്നതും വനസമ്പത്ത് കുറയാനിടയായി. ഭൂമധ്യരേഖയോട് ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ സൗരോർജ്ജത്തിന്റെ ലഭ്യത വളരെയധികമാണ്. ഭൂമിയെ ചൂടുപിടിക്കാതെ രക്ഷിക്കുന്നത് സസ്യാവരണങ്ങളിലൂടെയാണ്. നിബിഢവനങ്ങളുടെ ശോഷണം അന്തരീക്ഷത്തിന്റെ ആർദ്രത കുറച്ചുകൊണ്ടുവന്നു. തന്മൂലം കടുത്ത ചൂട് നാം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. സൈലന്റ് വാലി പദ്ധതി പാത്രക്കടവ് എന്ന പുതിയ രൂപത്തിൽ കൊണ്ടുവരുന്നവർതന്നെ ജനങ്ങളെക്കൊണ്ട് മഴക്കുഴി കുത്തിക്കുന്നു. ഈ വൈരുദ്ധ്യം ഇവിടുത്തെ ഒട്ടുമിക്ക വികസനങ്ങളിലും തെളിയുന്നുണ്ട്. മുൻ കേന്ദ്രസർക്കാർ തയ്യാറാക്കിയ നദീജലസംയോജനം എന്ന മണ്ടൻപദ്ധതിയും വേഗതയുടെ പേരിലറിയപ്പെടുന്ന എക്‌സ്‌പ്രസ് ഹൈവേയും ഉദാഹരണങ്ങളാണ്.
കുപ്പിവെളളം വാങ്ങിക്കുടിക്കുന്നത് മാന്യതയുടെ ലക്ഷണമായി കാണുന്ന മലയാളി ഒന്നുമറക്കുന്നു; വർഷാവർഷങ്ങളിൽ ലഭിക്കുന്ന കാലവർഷത്തിന്റെ അളവ് കുറയുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിരവധി പൈപ്പുകൾ നിറയുന്നു. ഒപ്പം കുടം ഏന്തിയവരുടെ നീണ്ട നിരയും. പ്ലാച്ചിമടയിലെ സമരം ജീവന്റെ സമരമായി വ്യാഖ്യാനിക്കുമ്പോഴും ജലചൂഷണം നിർഭയം തുടരുന്നതിലൂടെ ബഹുരാഷ്‌ട്രക്കമ്പനികൾ തങ്ങളുടെ സ്വാധീനത്തിന്റെ ശക്തി വിളിച്ചറിയിക്കുന്നു. ജലം വിറ്റു കാശാക്കാനുളളതാണെന്ന് പറയുന്ന സാമ്പത്തികശക്തിയിൽനിന്നുതന്നെ ജലവിനിയോഗത്തിനുവേണ്ടി വായ്‌പയെടുക്കുന്നത് എത്ര ദൂരവ്യാപകമായ പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്ന് ഊഹിക്കാം. കാനഡപോലുളള രാജ്യങ്ങളിൽ അണക്കെട്ടുകൾ തകർത്ത് പുതിയ വഴിതേടുമ്പോൾ നാം പുതിയ അണക്കെട്ടുകൾക്ക് തറക്കല്ലിടുന്നു!
ലോകം മുഴുവൻ ജലവിനിയോഗത്തിൽ ശ്രദ്ധയോടെ കരുക്കൾ നീക്കുമ്പോൾ നാമിന്നും മഴയെനോക്കി കാടുവെട്ടുന്നു. ‘അറബിക്കടലിൽ മഴപെയ്യുന്നത് കാടുണ്ടായിട്ടാണോ’ എന്ന പഴയ തമാശ വിളമ്പുന്നു. വരുംകാലങ്ങളിൽ ഇന്ത്യ ജലക്ഷാമം നേരിടുന്ന വലിയ ജനസഞ്ചയമായി മാറുമോ? ആറുമാസം കാലവർഷം തരുന്ന കേരളത്തിലും ജലക്ഷാമമോ? പുതിയ ഐ.ടി. മന്ത്രം പേറുന്നവർ ഈ സത്യത്തെ തളളിക്കളയുന്നു. “അത്ര പരിഭ്രമിക്കേണ്ട” എന്ന് പറയുന്നു. അക്കാഡമിസ്‌റ്റുകൾ പുതിയ പദ്ധതി എഴുതിയുണ്ടാക്കുന്നു. കോൺട്രാക്‌ടർലോബി പണം മുടക്കി സർക്കാരിനെക്കൊണ്ട് പദ്ധതി നടപ്പിലാക്കിക്കുന്നു. വികസനമെന്നപേരിൽ ഭരണവർഗ്ഗം ജനങ്ങൾക്കുമീതെ ഭാരങ്ങൾ അടിച്ചേല്‌പിക്കുന്നു. ഇങ്ങനെ നീളുന്നു വികസനത്തിന്റെ ഇന്ത്യ-കേരള മാതൃക. വികസനം വരണമെങ്കിൽ നഷ്‌ടങ്ങൾ സഹിക്കാൻ തയ്യാറാവണമെന്ന പഴയ മുദ്രാവാക്യം പൊടിതട്ടിയെടുത്ത് വയ്‌ക്കുന്നു. മണ്ണും വായുവും ജലവും വിപണനസാധ്യത തേടുന്ന വികസനത്തിലേക്ക് നാം മുന്നേറുന്നതിനെ പുരോഗതി എന്നു വിശേഷിപ്പിക്കുന്നു. തുറന്ന വിപണനത്തിൽ വെളളം വിറ്റുകാശാക്കുന്ന ചുരുക്കം മുതലാളിമാർക്കിടയിൽ സാധാരണക്കാരന്റെ നീണ്ടനിര ഒരു സമകാലിക കാഴ്‌ചയായി കുറച്ചുകാണുകയാകും അന്നത്തെ മാധ്യമധർമ്മം. വിപണനത്തിന്റെ പുതുവഴികൾ തുറക്കുന്നതും അവരിലൂടെയാണ്. അവരുടെ സ്വപ്‌നപദ്ധതികൾ ഇങ്ങനെയാണല്ലോ വ്യാപിക്കുന്നത്!
വെളളത്തിനുവേണ്ടി ഇസ്രായേൽ നടത്തുന്ന ഗൂഢതന്ത്രം അമേരിക്കയിലൂടെ ഇറാഖിൽ പെയ്‌തിറങ്ങിയത് കാണുന്നവർ ജലം യുദ്ധത്തിന്റെ പര്യായമായി മാറുമോ എന്ന് ഭയക്കുകയാണ്. നൂറുകോടിയിലധികം ജനങ്ങൾ വസിക്കുന്നിടത്തേക്ക് ഇത്തരം വിപണനത്തിന്റെ ഗൂഢതന്ത്രം വ്യാപിപ്പിച്ചാലുളള നാശം ഓർക്കുവാനാകുന്നില്ല. വഴിവിട്ട വികസനങ്ങൾ ഇത്തരം തന്ത്രങ്ങളുടെ ആദ്യപടികളാണെന്നറിയാൻ നമ്മുടെ ജനാധിപത്യമര്യാദകൾക്കായില്ലെങ്കിൽ വരുംകാലത്ത് യുദ്ധകാര്യങ്ങളിൽ നിന്ന് നമുക്കൊഴിയാനാവില്ല. അന്ന് നമ്മുടെ ജലസമ്പത്തുകൾ നമ്മളിൽത്തന്നെയായിരിക്കുമോ?
എങ്കിലും കർക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴയുടെ ഓർമ്മകളിൽ നമുക്ക് പറയാനാകും; ‘മിനറൽവാട്ടർ പുരോഗതിയുടെ പര്യായംതന്നെ, കിണറുകൾ ഒരു പാഴ്‌വിദ്യമാത്രം, വാങ്ങുന്ന വെളളത്തിന്റെ ഗുണം അതൊന്നു വേറെതന്നെ…’ അന്നും ഇന്നും പ്രബുദ്ധതയിൽ നാം മുന്നിട്ടുനില്‌ക്കുന്നതും ഇതുകൊണ്ടാണല്ലോ?
Generated from archived content: essay5_dec.html Author: faizal_bava