വൈദ്യവും വിദ്യയും പുതിയ വ്യാപാരമന്ത്രങ്ങൾ

‘വിദ്യാധനം സർവ്വധനാൽ പ്രധാനം’. എങ്കിലിന്ന്‌ വിദ്യാഭ്യാസം ധനംകൊണ്ട്‌ മാത്രം സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ വഏറ്റവും വലിയ വ്യാപാരമേഖലയായി വിദ്യാഭ്യാസം മാറുകയാണ്‌. ഐടി എന്ന മന്ത്രം മാത്രം മനസ്സിലേറ്റി ബിൽഗേറ്റ്‌സിനെ മനസാ പ്രണമിച്ച്‌ വിദ്യാഭ്യാസമേഖലയെ തീറെഴുതിക്കൊടുക്കാൻ നമുക്ക്‌ പുതിയ കമ്പ്യൂട്ടർ പദ്ധതികൾ തയ്യാറായിക്കഴിഞ്ഞു. ബിൽഗേറ്റ്‌സിനാണെങ്കിൽ വരുംകാലങ്ങളിൽ കമ്പ്യൂട്ടറിനേക്കാൾ അധികം വേണ്ടത്‌ തനിക്കനുസരിക്കുന്ന തലച്ചോറുകളാണ്‌. അതിനായി പുതിയ ജാലകങ്ങൾ തുറന്നിടുകയാണ്‌.

എല്ലാ ഗ്രാമങ്ങളിലും സ്വകാര്യവിദ്യാലയങ്ങൾ ഉയരുമ്പോൾ ഗവ.വിദ്യാലയങ്ങൾ അടച്ചുപൂട്ടേണ്ടിവരുന്നു. പാന്റ്‌സ്‌ ധരിച്ച്‌ ടൈയും കെട്ടിയാൽ മാത്രമേ മാന്യതയെന്ന വാക്കിന്‌ അർത്ഥമുണ്ടാകൂ എന്ന ധാരണയിൽ രാവിലെ ആറിനുതന്നെ കുട്ടികളെ വേഷംകെട്ടിച്ച്‌ പുറംതളളുന്നു. ഇങ്ങനെ ഒരേ ചിന്തയിലുളള കുറെ കുട്ടികളെ അടവെച്ച്‌ വിരിയിച്ചെടുക്കുന്ന പുതിയ വിദ്യാഭ്യാസസമ്പ്രദായത്തോടാണ്‌ മലയാളിക്കിന്ന്‌ കൂടുതലിഷ്‌ടം. കാരണം അതിൽ സായ്‌പാകാനുളള ത്വരയുണ്ട്‌. മറ്റെന്തു വേണം നമുക്ക്‌. ഇതിനിടയിൽ നമ്മുടെ സംസ്‌കാരം താഴുന്നു. ചെലവ്‌ വർദ്ധിക്കുന്നു.

വിദ്യാഭ്യാസം പോലെതന്നെ വൈദ്യവും വിപണനസാധ്യതയുളള മേഖലയാണ്‌. അതുകൊണ്ടുതന്നെ എല്ലാ ഗ്രാമങ്ങളിലും സ്വകാര്യ ആശുപത്രികൾ ഉയരുന്നു. ആശുപത്രികൾക്കും ഇന്ന്‌ നക്ഷത്രപദവി ലഭിച്ചുകഴിഞ്ഞ. ‘ഫൈവ്‌ സ്‌റ്റാർ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലുകൾ’ എല്ലായിടത്തുമായി. ഗവൺമെന്റ്‌ സഹകരണത്തോടെ എൻഡോസൾഫാനും ഡൈക്കോഫോളും മാറിമാറിയടിക്കുന്ന കേരളത്തിൽ രോഗത്തിനുണ്ടോ പഞ്ഞം. മരുന്നുനിർമ്മാതാക്കൾ തന്നെയാണ്‌ പുതിയ പകർച്ചവ്യാധി. ഇവരുടെ തന്ത്രമാണ്‌ പുതിയ രോഗങ്ങൾ. ഡോക്‌ടർമാർ മരുന്നിന്റെ വില്‌പന ഏറ്റെടുത്തതോടെ ക്രമാതീതമായി മരുന്നുവില്‌പന കേരളത്തിൽ നടക്കുന്നു. ഇപ്പോൾതന്നെ ഒരു കുടുംബത്തിലെ മൂന്നുപേരെങ്കിലും സ്ഥിരമായി മരുന്ന്‌ കഴിക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. അധികം വൈകാതെ ഇത്‌ എല്ലാ കുടുംബാംഗങ്ങൾക്കും ബാധകമാവും. വരുംകാലങ്ങളിൽ കമ്പ്യൂട്ടറിനെക്കാൾ അധികം എയ്‌ഡ്‌സ്‌ രോഗികൾ കേരളത്തിൽ ഉണ്ടാകുമെന്ന്‌ മനസ്സിലാക്കിയതോടെയാണ്‌ ബിൽഗേറ്റ്‌സ്‌ ഈ കൊച്ചുസംസ്ഥാനത്തെ ഓർത്തതും ഓടിയെത്തി കൊച്ചുചുണ്ടൻവളളം സ്വീകരിച്ചതും. ഇത്തരം മരുന്ന്‌ വില്‌പനയിലൂടെ കേരളത്തിൽനിന്നും ഒഴുകുന്നത്‌ മുന്നൂറോളം കോടി രൂപയാണ്‌.

എങ്കിലും മലയാളി പ്രസന്നവദനനാണ്‌. ആത്മഹത്യ ഒരു വാർത്തയല്ലാതായിക്കഴിഞ്ഞ കേരളത്തിൽ വിദ്യാഭ്യാസവും വൈദ്യരംഗവും വ്യാപാരമേഖലയായില്ലെങ്കിലെന്ത്‌. പക്ഷേ നമ്മുടെ രാഷ്‌ട്രീയനേതൃത്വത്തിനൊപ്പം സാഹിത്യനായകരും മദനന്റെ വല്‌മീകത്തിലാണ്‌. അവരിന്നും യാഥാർത്ഥ്യം തിരിച്ചറിയാതെ സാഹിത്യ സപര്യ തുടരുന്നു. ‘കല ജീവിതംതന്നെ’ എന്ന കസൻദ്‌സാക്കീസിന്റെ വചനത്തിനൊന്നും ഇവിടെ പ്രസക്തിയില്ല. ചില മദനങ്ങൾക്ക്‌ വലിയ പുരസ്‌കാരങ്ങളും സ്ഥാനങ്ങളും ലഭിച്ചാൽ പിന്നെ വിദ്യാഭ്യാസവും വൈദ്യരംഗവും വ്യാപാരമായാലെന്ത്‌, അതിനെക്കുറിച്ചെഴുതിയില്ലെങ്കിലെന്ത്‌!

Generated from archived content: essay4_may18.html Author: faizal_bava

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here