പുതിയകാലം ഇങ്ങനെ
സ്നേഹവും സഹാനുഭൂതിയുമൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന സത്യം തെളിയിച്ചുതരുന്ന പല സംഭവങ്ങളും നമുക്കുചുറ്റും നിരന്തരം നടക്കുന്നു. അത്തരത്തിലുള്ള ഒരു സംഭാഷണശകലം വായനക്കാർക്കായി കുറിക്കുന്നു. ഒരു ബസ് യാത്ര; ബസ്സിലുണ്ടായിരുന്ന രണ്ടു പ്ലസ്‌ടു വിദ്യാർത്ഥികളുടെ സംഭാഷണം ഇങ്ങനെ ഃ
“നീ അറിഞ്ഞോ, ഇന്നലെ ഈ സ്‌കൂളിലെ ഒരു കുട്ടിയുടെ കാലിൽ ബസ് കയറി”. ഇതു കേട്ടുകൊണ്ടിരുന്ന മറ്റേ വിദ്യാർത്ഥിയുടെ പെട്ടെന്നുള്ള പ്രതികരണം ഇങ്ങനെ ഃ “എന്നിട്ട് ആ ബസിന്റെ ടയറിനെന്തെങ്കിലും പറ്റിയോടാ?” ഒരു കുട്ടിയ്‌ക്കുണ്ടായ ദുരന്തമറിഞ്ഞിട്ട് യാതൊരു ഭാവഭേദവുമില്ലാതെ ഇങ്ങനെ ചോദിക്കുവാൻ തോന്നിയ ആ വിദ്യാർത്ഥിയുടെ മനസും ക്രൂരമായ ചോദ്യവും, കാലിലൂടെ ബസ് കയറിയ ദുരന്തത്തേക്കാൾ വലിയ ദുരന്തമായി തോന്നി.
കേരളം കടലിലേക്കോ
മുല്ലപ്പെരിയാർ അണക്കെട്ട് മർക്കടമുഷ്ടി ചുരുട്ടി ഭീഷണിപ്പെടുത്തുന്ന ഭീകര ദുർഭൂതമായി വളർന്നുമിറ്റിയിരിക്കുന്നു. ഇനിയും കേരളം ഒന്നിച്ചുണരാത്തത് നിർഭാഗ്യമാണ്. ഈ പ്രദേശം ഇന്ത്യയുടെ ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമാകാൻ ഇടയാക്കുന്ന ഭീഷണിയെ വെറും 35ലക്ഷം പേരുടെ ജീവന്റെയും സ്വത്തിന്റെയും സൂരക്ഷാപ്രശ്നമായി ഒതുക്കുന്നത് രാഷ്‌ട്രീയനിലപാടുകളിലെ പൊള്ളത്തരവും നിരുത്തരവാദിത്തവുമാണ്. അവശിഷ്ടഭൂഭാഗത്തെ പണ്ടത്തെപ്പോലെ തമിഴൻ ഭരിക്കട്ടെ എന്നാണോ ഭാവം! ഭാഷയുടെ അടിസ്ഥാനത്തിൽ വിഭജിച്ച് ഭരിക്കാമെന്നല്ലാതെ ആത്മാഭിമാനമോ ആപത്‌ബാന്ധവമോ ഉണ്ടാക്കാൻ ഭാഷകൊണ്ടു പ്രയോജനമില്ലെന്നു തെളിയിക്കയോ നാം?
മുല്ലപ്പെരിയാർ അണപൊട്ടിയാൽ 5 ജില്ലകൾ മാത്രമല്ല നശിക്കുക; കേരളസംസ്ഥാനത്തെ നിലനിർത്തുന്ന സാംസ്‌കാരികവും സാമ്പത്തികവും മേധാപരവുമായ അടിത്തറയാണ് തൂത്തടിച്ച് അറബിക്കടലിൽ മുങ്ങിത്താഴുക. ചുരുക്കത്തിൽ മുല്ലപ്പെരിയാർ; ‘ഇല്ലാപെരിയാറാ’കാൻ പോകുന്നു. ഈ പൊല്ലാപ്പ് മണത്തറിഞ്ഞു തടുക്കാൻ കഴിയാത്തത്ര നേതൃദാരിദ്ര്യമോ നമുക്ക്! പരസ്പരം മതിലുകെട്ടി പുകപരത്തി ഒളിച്ചിരുന്നാൽ ഏതിനം ദൈവമായിരിക്കും രക്ഷയ്‌ക്കെത്തുക!
നഗരം ഒരു തെറിച്ച പയ്യൻ
ബി എം ഡബ്ല്യു കാറിൽ മദ്യപിച്ച് അരികുജീവിതങ്ങളുടെ മുകളിലൂടെ നഗരപ്രദക്ഷിണം നടത്തുന്ന തെറിച്ച പയ്യൻമാരുടെ സംസ്‌കാരസമ്പന്നത നഗരമായിരിക്കുന്നു. തലപിളർന്ന, ചൂടുമാറാത്ത മൃതശരീരം മറികടന്ന് നടന്നുപോകാനുള്ള നഗരത്തിന്റെ കണ്ണില ചോരയില്ലായ്‌മ ഭാവിഭാഗധേയങ്ങൾക്കേൽക്കാവുന്ന അശനിപാതമത്രെ! വിസ്‌ഫോടനങ്ങളും കൊലപാതകങ്ങളും അപകടമരണങ്ങളും കണ്ട് നടുക്കമില്ലാതെ നടന്നുപോകാൻ സാധ്യമാകുന്ന മാനുഷികപരിണാമം അൽഭുതത്തിനു വകനൽകുന്നില്ല. സ്വാഭാവികതയായി മാറുന്നു. സ്വന്തം ഹൃദയം കരയിലെ മരക്കൊമ്പിൽ പറിച്ചുവച്ചെന്നു കളവുപറഞ്ഞു രക്ഷപ്പെട്ട കുരങ്ങനെ ഓർക്കുന്നു. ഇവിടെ ഓരോ നഗരീകനും അക്ഷരാർത്ഥത്തിൽ സ്വന്തം ഹൃദയം ഗ്രാമീണതയുടെ പച്ചപ്പിൽ പറിച്ചുവച്ചിട്ട് ഇവിടെ അതിജീവനം നടത്തുന്ന ഹൃദയമില്ലാത്തവരല്ലേ?
ചെളിവെള്ളം തെറിപ്പിച്ചാൽപോലും വണ്ടിപിടിച്ചിട്ട് പ്രതിഷേധമറിയിക്കുന്ന ജനത; ഇപ്പോൾ, ചുടുചോര തെറിപ്പിച്ചു പായുന്ന കാറുകളുടെ സൗന്ദര്യവും വേഗതയും ആസ്വദിച്ചു നിൽക്കുന്ന നിഷ്‌ക്രിയമായ സാമൂഹികദുരന്തത്തിന്റെ വക്കിലാണോ? നഗരവൃക്ഷങ്ങളിൽ ചേക്കേറിക്കൊണ്ടിരിക്കുന്ന മാംസഭുക്കുകളുടെ ചിറകടികളുമായാണ് നഗരം പുലർന്നസ്തമിക്കുന്നത്….
Generated from archived content: essay5_apr2_07.html