ഇത്തവണ പത്മശ്രീ ബഹുമതി ലഭിച്ചവരിൽ ഡോ. സുകുമാർ അഴീക്കോടും, തിരുവനന്തപുരത്തെ മഞ്ചവിളാകത്തുള്ള പി. ഗോപിനാഥൻ എന്ന കൈത്തറി നെയ്‌ത്തുശാലക്കാരനും ഉൾപ്പെടുന്നു. ഇവർ തമ്മിലെന്തെന്ത് അന്തരം എന്നൊന്നും ആരും അൽഭുതപ്പെടരുത്. ഡൽഹിയിലിരുന്ന ഏതോ ഒരു ക്ലാർക്ക് പറ്റിച്ച പണിയാണ് പത്മശ്രീ എന്ന ഏടാകൂടം തന്റെ തലയിൽ വീഴാൻ കാരണമെന്ന് അഴീക്കോട് നിഷ്‌കളങ്കമായി പറയുന്നു. അങ്ങ് ഡൽഹിയിലിരിക്കുന്നവരുടെ കൈയിലിരിക്കുന്ന ഇത്തരം സാധനങ്ങളൊക്കെ ഓരോ കൊല്ലവും ആരുടെയെങ്കിലുമൊക്കെ കഴുത്തിലിട്ടുകൊടുത്ത് കയ്യൊഴിയണ്ടെ. അല്ല, അതിനീ പാവപ്പെട്ട അഴീക്കോട് മാഷിനെത്തന്നെ പിടികൂടണമായിരുന്നോ! ഒറ്റത്തടിയനായി നാടുനീളെ പ്രസംഗിച്ച് ജനസമൂഹത്തെ പ്രബുദ്ധരാക്കുന്നതിനു ലഭിച്ച ശിക്ഷ അൽപം കടുത്തതായിപ്പോയി. കുറേക്കൂടി വിലപ്പെട്ടതൊക്കെ കൊടുത്തുകൊടുത്തു തീർന്നപ്പം ബാക്കി വന്നതിലൊരെണ്ണം കിടക്കട്ടെ പാവം മാഷിനെന്ന് ചിന്തിച്ച ആ ക്ലാർക്കിന്റെ ശുദ്ധഗതിയെ നമുക്കെന്തുപേരിട്ടു വിളിക്കാം. മാഷേ, ക്ഷമിക്കാം നമുക്കങ്ങ്. അധികാരത്തിലേറിയാൽ കണ്ണും കാതുമടഞ്ഞുപോകുന്ന വർഗമുണ്ടല്ലോ, അവരെ പ്രബുദ്ധരാക്കാൻ ശ്രമിക്കണ്ട മാഷെ. പോട്ടെ കളഞ്ഞേര് ആ കുന്ത്രാണ്ടം!
Generated from archived content: essay4_apr2_07.html