നൂറനാടിന്റെ കഥാകാരൻ എഴുത്തിന്റെ സുവർണ്ണജൂബിലിയിൽ

നൂറനാട്‌ ഹനീഫിന്‌ ഇപ്പോൾ വയസ്സ്‌ എഴുപത്‌. എനിക്ക്‌ മുപ്പത്തൊൻപതും. എന്നാലും ഞങ്ങൾ കൂട്ടുകാരാണ്‌. നാട്ടുകാരെന്ന കൂട്ട്‌ വേറെ.

ആദിക്കാട്ടുകുളങ്ങര ജനതാ വായനശാലയിലെയും, എരുമക്കുഴി കവിതാവായനശാലയിലെയും, നൂറനാട്‌ ലെപ്രസി സാനിട്ടോറിയം വായനശാലയിലെയും, പണയിലെ പഞ്ചായത്ത്‌ വായനശാലയിലെയും പുസ്‌തകങ്ങളാണ്‌ ചെറുപ്പത്തിൽ എന്റെ വായനയെ പരിപോഷിപ്പിച്ചത്‌. ഷെൽഫുകളിലെ പുസ്‌തകക്കൂട്ടങ്ങളിൽ നൂറനാട്‌ ഹനീഫിന്റെ പേര്‌ കാണുമ്പോൾ കൗതുകമായിരുന്നു. നൂറനാട്ടും ഒരു സാഹിത്യകാരനുണ്ടെന്നുളള അറിവ്‌ മനസ്സിൽ പതിഞ്ഞു. നൂറനാടിനടുത്തുളള ആദിക്കാട്ടുകുളങ്ങരക്കാരനാണ്‌ ഈ നോവലിസ്‌റ്റ്‌ എന്നും, കൊല്ലത്താണ്‌ സ്ഥിരതാമസമെന്നും പിന്നീടെപ്പോഴോ അറിഞ്ഞു. കാലങ്ങൾ കഴിഞ്ഞാണ്‌ നൂറനാട്‌ ഹനീഫയെ അടുത്തറിയാനുളള അവസരം ലഭിച്ചതും, അതിനുളള ധൈര്യമുണ്ടായതും. അത്രകാലവും അദ്ദേഹം എന്റെ മനസ്സിൽ അപരിചിതനായിരുന്നു. പുസ്‌തകങ്ങളുടെ പുറംചട്ടയിലെ പേര്‌, ‘കേരളശബ്‌ദ’ത്തിലെയും മലയാളമനോരമ വാരികയിലെയും നൂറനാട്‌ ഫനീഫിന്റെ സാന്നിദ്ധ്യം, റേഡിയോയിൽ ഇടയ്‌ക്കിടെ കേൾക്കുന്ന നൂറനാട്‌ ചേർത്തുളള കഥാകാരന്റെ പേരുചൊല്ലൽ.

സ്ഥലനാമം ചേർത്തുളള ഈ പേരാണ്‌, പേരിന്റെയൊപ്പം സ്ഥലനാമം ചേർക്കാൻ എന്നെയും പ്രേരിപ്പിച്ച ഘടകം എന്ന്‌ തോന്നുന്നു. നൂറനാട്ട്‌ ഒത്തിരി മോഹനന്മാരുണ്ടല്ലോ. അവരിൽനിന്നും എങ്ങനെ എന്നെ വേർതിരിക്കാമെന്ന്‌ ചിന്തിച്ചിട്ടുണ്ടാവണം. അപ്പോൾ നൂറനാട്‌ ഹനീഫ്‌ മനസ്സിലുണ്ടാവണം. എന്നാൽപ്പിന്നെ പേരിന്റെയൊപ്പം കിടക്കട്ടെ നൂറനാട്‌. അതിന്‌ പ്രേരകമായത്‌ നൂറനാട്‌ ഹനീഫ്‌ എന്ന പേരായിരിക്കണമെന്ന്‌ ഞാനിപ്പോൾ ബലമായി വിശ്വസിക്കുന്നു.

യാത്രകൾക്കിടയിൽ നൂറനാട്‌ ആണ്‌ സ്വദേശമെന്ന്‌ പറയുമ്പോൾ പലരും കുഷ്‌ഠരോഗാശുപത്രിയെപ്പറ്റിയും, നോവലിസ്‌റ്റ്‌ നൂറനാട്‌ ഹനീഫയെപ്പറ്റിയും ചോദിച്ചിരുന്നു. (ഇന്നിപ്പോൾ ഈയുളളവനെപ്പറ്റിയും അങ്ങനെ പലരും ചോദിക്കാറുണ്ടെന്ന്‌ പുറംനാടുകളിലെ സുഹൃത്തുക്കൾ പറയുന്നു.)

നാല്‌പതോളം വർഷമായി ഹനീഫാസാർ കൊല്ലത്താണ്‌ താമസം. എന്നാലും അദ്ദേഹം ജന്മനാടിനെ മറന്നിട്ടില്ല. സ്വന്തം നാട്‌ ഒപ്പമുളളപ്പോൾ അതിനൊട്ടും സാദ്ധ്യവുമല്ലല്ലോ. ഇന്നാട്ടിലിപ്പോൾ ഒട്ടേറെ പുതിയ എഴുത്തുകാരുണ്ട്‌. എന്നാലും ഞങ്ങൾക്ക്‌ എഴുത്തിന്റെ ജ്യേഷ്‌ഠൻ ഹനീഫാസാർ തന്നെ.

അമ്പതുവർഷമായി നൂറനാട്‌ ഹനീഫ്‌ എഴുത്താരംഭിച്ചിട്ട്‌. സാഹിത്യരചനയുടെ അമ്പതാം വാർഷികാഘോഷം 2004 മാർച്ച്‌ 7ന്‌ കൊല്ലം പബ്ലിക്‌ ലൈബ്രറിയിൽ സുഹൃദ്‌സദസ്സ്‌ വിപുലമായി ആഘോഷിക്കുകയാണ്‌. പ്രശസ്‌തരായ അനവധി സാഹിത്യ സാംസ്‌കാരിക പ്രവർത്തകരുടെ ഒത്തുചേരൽ അന്ന്‌ നടക്കും. ഹനീഫാസാറിന്റെ ഇരുപത്തിയൊൻപതാമത്തെ കൃതിയായ ‘ചെങ്കോലില്ലാതെ കിരീടമില്ലാതെ’ എന്ന നോവലിന്റെ പ്രകാശനവും നടക്കും.

ജീവിതം ഏറെ പഠിച്ചയാളാണ്‌ ഹനീഫാസാർ. അതുകൊണ്ടുതന്നെ, കണ്ണീരിന്റെയും വിയർപ്പിന്റെയും, നേരിന്റെയും നെറിയുടെയും സ്വരമാണ്‌ ഹനീഫയുടെ നോവലുകളിൽ അനുഭവപ്പെടുക. ഈ ജനകീയ നോവലിസ്‌റ്റിൽനിന്നും ഇനിയുമേറെ കൃതികൾ നമുക്ക്‌ പ്രതീക്ഷിക്കാം. മനുഷ്യസ്‌നേഹിയായ ഈ കഥാകാരന്‌ നൂറനാടിന്റെ ആശംസകൾ.

നൂറനാട്‌ മോഹൻ

Generated from archived content: essay3_mar.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English